യുണൈറ്റഡ് നേഷന്‍സ്: ഏകദേശം 3,60,000 ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിന് എത്തിച്ചത് യെമനില്‍ വഴിത്തിരിവായെന്ന് ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യ നല്കുന്ന 19 ലക്ഷം വാക്സിന് ഡോസുകളില്‍ ആദ്യത്തെ ബാച്ചാണ് ഇപ്പോള്‍ യെമനില്‍ എത്തിയത്. കോവിഡിനെതിരായ യുദ്ധത്തില്‍ നാഴികക്കല്ലായി ഈ നീക്കം മാറിയെന്നും ഐക്യരാഷ്ട്രസഭാ പ്രതിനിധി പറയുന്നു.
ബുധനാഴ്ചയാണ് യെമനില്‍ ആദ്യ ബാച്ച് വാക്സിന് എത്തിയത്. ‘ആഡെനില്‍ എത്തിച്ചേരല്‍. ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സീന് യെമനില്‍,’ – വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
യൂണിസെഫ് പ്രതിനിധി ഫിലിപ്പ് ഡുവാമെല്ലെയും ലോകാരോഗ്യസംഘടനയുടെ ഡോ.ആദം ഇസ്മയിലും വാക്സിനുകള്‍ ആഡെനില്‍ ഏറ്റുവാങ്ങി. യെമന്‍ ആരോഗ്യമന്ത്രി ഡോ.കാസിം ബുഹെയ്ബയും പൊതുആരോഗ്യം-ജനസംഖ്യ ഉപമന്ത്രി ഡോ.അലി അല്വാലീദിയും സന്നിഹിതരായിരുന്നു.
യുണിസെഫ്, ലോകാരോഗ്യസംഘടന, ഗവി, സെപി എന്നിവയുടെ സംയുക്തസംരംഭമായുള്ള കോവാക്സ് സംവിധാനത്തിലൂടെയാണ് ഇന്ത്യന്‍ നിര്‍മ്മിത വാക്സീന് ഡോസുകള്‍ യെമനില്‍ എത്തിയതെന്ന് യൂണിസെഫ് പ്രസ്താവനയില്‍ പറഞ്ഞു.
ആസ്ട്രെ സെനകയുടെ ഈ വാക്സീന് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഇത് ആരോഗ്യപ്രവര്‍ത്തകരെയും മറ്റ് മുന്ഗണനാപട്ടികയില്പ്പെട്ടവരെയും കോവിഡ് മഹാമാരിയില്‍ നിന്നും മോചിപ്പിക്കുന്നതില്‍ ഫലപ്രദമാണെന്നും പ്രസ്താവന വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: