കോട്ടയം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ ഏറ്റവും താഴെത്തട്ടിലുള്ള പഞ്ചായത്ത് ഓഫീസുകള്‍ വരെ കേരളത്തില്‍ അഴിമതിയുടെ കേന്ദ്രമായെന്ന് കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ. കോട്ടയം പ്രസ് ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അഴിമതിയുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് ആയി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. എല്ലാ മേഖലകളിലും പരാജയപ്പെട്ട ഇടതുസര്‍ക്കാരിന് തുടരാന്‍ അവകാശം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സദ്ഭരണവും വികസനവുമാണ് ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടണം. സുതാര്യത അനിവാര്യമാണ്. ഭരണം അഴിമതിരഹിതമായിരിക്കണം. കേരളത്തിലെ സ്ഥിതി ഇതില്‍ നിന്നെല്ലാം വിഭിന്നമാണ്. കേന്ദ്രഭരണവും കേരളത്തിലെ ഭരണവും തമ്മില്‍ വലിയ വ്യത്യാസം വ്യക്തമാണ്. കേന്ദ്രപദ്ധതികളുടെ ഗുണം ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ല. വിവിധ വികസനപദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് കോടിക്കണക്കിന് രൂപയാണ്. രാഷ്ട്രീയം നോക്കാതെ വലിയ സഹായങ്ങള്‍ കേന്ദ്രം നല്‍കിയിട്ടും സഹകരിക്കാതെ മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിനെതിരെ ഇതുവരെ ഒരു ആരോപണവും ഉയര്‍ന്നിട്ടില്ല. ലോക രാജ്യങ്ങള്‍ക്കിടയില്‍ എല്ലാ മേഖലയിലും മുന്നേറ്റം കൈവരിച്ച രാജ്യമായി ഭാരതം ഇക്കാലയളവില്‍ മാറി. ബിജെപിയുടെ അഴിമതിരഹിത മുഖത്തിന് കേരളത്തിലും വലിയ സ്വീകാര്യത ലഭിക്കുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ മുന്നേറ്റം കൈവരിക്കാനായത് ഇതിന്റെ തെളിവാണ്. ഈ തെരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്നും മികച്ച വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം ലൗ ജിഹാദിന്റെ ഹബ്ബായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് വിഷയം സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണം. യുപി സര്‍ക്കാര്‍ ലൗജിഹാദിനെതിരെ നിയമം കൊണ്ടുവന്നത് അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. എന്‍ഡിഎ അധികാരത്തില്‍ എത്തിയാല്‍ കേരളത്തിലും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന് അതിന്റേതായ സമയം എടുക്കുമെന്നും അന്വേഷണ ഏജന്‍സികളെ സമ്മര്‍ദ്ദത്തിലാക്കി അന്വേഷണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന വക്താവ് അഡ്വ. എന്‍.കെ. നാരായണന് നമ്പൂതിരി, ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍, സെക്രട്ടറി സനില്‍ കുമാര്‍ എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: