ന്യൂദല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയെ അവിഹിതസന്തതി എന്ന് ആക്ഷേപിച്ചതിന് ഡിഎംകെ നേതാവ് എ.രാജയ്ക്ക് 48 മണിക്കൂര്‍ നേരം പ്രചാരണപരിപാടികളില്‍ നിന്നും വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്.
ഒരു പൊതുയോഗത്തിനിടയിലായിരുന്നു എ. രാജയുടെ വിവാദപരമര്ശം. തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമി അവിഹിതസന്തതിയാണെന്നും അതേ സമയം ഡിഎംകെ നേതാവ് സ്റ്റാലിന് ധര്‍മ്മപത്നിയില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ശിശുവാണെന്നും രാജ പറഞ്ഞു. പളനിസ്വാമി അവിഹിതബന്ധത്തില്‍ മാസം തികയാതെ പ്രസവിച്ച ശിശുവാണെന്നും രാജ അഭിപ്രായപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി പളനിസ്വാമി ഒരു പ്രചാരണവേദിയില്‍ രാജയുടെ പരാമര്‍ശത്തില്‍ ദുഖിതനായി പൊട്ടിക്കരയുകയുണ്ടായി. ഇതോടെ രാജയ്ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് എ. രാജയ്ക്ക് 48 മണിക്കൂര്‍ നേരത്തേക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടത്.
എ രാജയുടെ പ്രസംഗം അവഹേളനപരം മാത്രമല്ല, അസഭ്യം നിറഞ്ഞതും സ്ത്രീയുടെ മാതൃത്വത്തെ ഇകഴ്ത്തുന്നതും അത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ഗൗരവമേറിയ ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. ഭാവിയില്‍ നടത്തുന്ന പ്രചാരണങ്ങളിലും സ്ത്രീയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്ന, അവഹേളനപരമായ, അസഭ്യംനിറഞ്ഞ പരാമര്‍ശങ്ങള്‍ ഉണ്ടാകാതെ നോക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് രാജയെ ഉപദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: