കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റിനെതിരെ (ഇഡി) ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെങ്കിലും അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി. യാതൊരു കാരണവശാലും ഇഡി ഉദ്യോഗസ്ഥരുടെ അറസ്റ്റ് പാടില്ലെന്ന് ബുധനാഴ്ച കേസില്‍ വാദം കേട്ട് തുടങ്ങിയ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
വ്യാഴാഴ്ച വീണ്ടും കോടതി കേസ് പരിഗണിക്കും. നേരത്തെ ഇഡിയ്ക്കെതിരെ ക്രൈംബ്രാഞ്ച് നല്‍കിയിരിക്കുന്ന എഫ് ഐആര്‍ അസംബന്ധമാണെന്ന് ഇഡിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ഹൈക്കോടതിയില്‍ വാദിച്ചു. ഇഡിയ്ക്കെതിരായ കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും അത് അനുവദിച്ചാല്‍ രാജ്യത്തെ നിയമവ്യവസ്ഥ തകരുമെന്നും ഇഡി വാദിച്ചു. സ്വപ്നയുടെ മൊഴിയും ക്രൈംബ്രാഞ്ച് എഫ് ഐആറും തമ്മിലുള്ള വൈരുദ്ധ്യവും ഇഡി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സ്വപ്നയുടെ ഫോണ്‍ റെക്കോര്‍ഡ് ചെയ്തത് സുരക്ഷാചുമതലയില്‍ ഉള്ള പൊലീസുകാരിയാണ്. ഈ ഉദ്യോഗസ്ഥ തന്നെയാണ് ഇഡിയ്ക്കെതിരായ കേസില്‍ സാക്ഷിയായിരിക്കുന്നത്. ഇക്കാര്യം സ്വപ്നയുടെ മൊഴിയില്‍ വ്യക്തമാണെന്നും ഇഡി വാദിച്ചിരുന്നു. മാത്രമല്ല, ഒരു അന്വേഷണ ഏജന്‍സി ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാന്‍ മറ്റൊരു ഏജന്‍സിക്ക് അവകാശമില്ലെന്നും ഇത് പരിശോധിക്കേണ്ടത് കോടതിയാണെന്നും ഇഡി അഭിഭാഷകന് വാദിച്ചു. ക്രൈംബ്രാഞ്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമെന്നും ഇഡി അഭിപ്രായപ്പെട്ടു.
അതേ സമയം തെളിവുകള്‍ നശിപ്പിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ വാദം. കേന്ദ്ര ഏജന്‍സി ശരിയായ നിലയില്‍ അന്വേഷണം നടത്തുന്നുണ്ടോ എന്നാണ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: