കൊച്ചി: സ്വര്‍ണം, ഡോളര്‍, ഖുറാന് കടത്തു കേസുകളുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിക്കുന്നു. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും മന്ത്രി ജലീലിനും തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലുള്ള ബന്ധം സംബന്ധിച്ച് കേസിലെ പ്രതി സരിത് പി.എസ്. നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മാര്‍ച്ച് 22ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ സരിത്തിന്റെ ഏഴ് മൊഴികളുടെ പകര്‍പ്പ് ചേര്‍ത്തിട്ടുണ്ട്. അതില്‍ 2020 ആഗസ്റ്റ് 15ന് സരിത്ത് നല്കിയ മൊഴിയിലാണ് മന്ത്രിമാരായ കെ.ടി. ജലീലും കടകംപള്ളിയും പലവട്ടം കോണ്‍സുലേറ്റ് സന്ദര്‍ശിച്ചതായി പറഞ്ഞിട്ടുള്ളത്.
കടകംപള്ളി മകന്റെ ജോലിയുടെ ആവശ്യങ്ങള്‍ക്കും ജലീല്‍ കോണ്‍സുലേറ്റിന്റെ റംസാന് കിറ്റ് വിതരണക്കാര്യം സംസാരിക്കാനുമാണ് എത്തിയതെന്നാണ് വിശദീകരണം. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസില്‍ പങ്കാളിയായ കോണ്‍സല്‍ ജനറലുമായി മുറിയില്‍ മറ്റാരുമില്ലാതെയായിരുന്നു കൂടിക്കാഴ്ചയെന്നും സരിത്ത് വിശദീകരിച്ചിട്ടുണ്ട്.
ജലീലിനെ ഇതു സംബന്ധിച്ച് ഇ ഡി ചോദ്യം ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലും ഇ ഡിയുടെ കണ്ടെത്തലുകളും ചേര്‍ത്തായിരിക്കും റിപ്പോര്‍ട്ട്. കടകംപള്ളി സുരേന്ദ്രന് മകന്റെ ആവശ്യത്തിനാണ് സന്ദര്‍ശിച്ചതെങ്കിലും മന്ത്രിയെന്ന നിലയിലായിരുന്നു. ഇ ഡിയുടെ അന്വേഷണത്തില്‍ കടകംപള്ളി പല തവണ കോണ്‍സുലേറ്റില്‍ പോയിട്ടുണ്ട്. അതു സംബന്ധിച്ച് മന്ത്രിയെ ചോദ്യം ചെയ്തിട്ടില്ലെങ്കിലും ശേഖരിച്ച വിവരങ്ങള്‍ ഇ ഡി കോടതിയിലെത്തിക്കും.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരം, കോണ്‍സുലേറ്റ് സന്ദര്‍ശിച്ചിട്ടുള്ള വിഐപികളുടെ പേരുകള്‍ എന്നിവയും കോടതിയിലെത്തും. കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍, മകന് അബ്ദുരി ഹക്കിം തുടങ്ങിയവരുടെ പേരുകളും സരിത്തിന്റെ മൊഴിയിലുണ്ട്.
ഇ ഡിക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായി ഇന്നലെ ക്രൈംബ്രാഞ്ച്, പുതിയ ഒരു എഫ്ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു. സ്വര്‍ണക്കടത്തു കേസില്‍ പ്രതി സന്ദീപ് നായരുടെ പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: