കേരള ചരിത്രത്തിലെ കുപ്രസിദ്ധമായ അധ്യായങ്ങളിലൊന്നാണ് കുറിയേടത്തു താത്രിയുടെ സ്മാര്‍ത്തവിചാരം. താനുമായി അവിഹിതബന്ധത്തിലേര്‍പ്പെട്ടിരുന്നവരുടെ പേരുകള്‍ താത്രി ഓരോന്നായി വെളിപ്പെടുത്തുന്നതു കേട്ട് ഞെട്ടി, ഒരു ഘട്ടത്തില്‍ വിചാരണക്കാര്‍ അത് നിര്‍ത്തിവയ്പ്പിക്കുകയായിരുന്നുവത്രേ. കുറിയേടത്തു താത്രിയുടെ സ്മാര്‍ത്തവിചാരത്തെ അനുസ്മരിപ്പിക്കുന്നതാണ് സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് നല്കുന്ന മൊഴികള്‍. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു സ്വര്‍ണ കള്ളക്കടത്തു കേസില്‍ നേരത്തെ ആരോപണ വിധേയനായ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന നല്‍കിയിരിക്കുന്ന മൊഴി ഞെട്ടിക്കുന്നതും, സാംസ്കാരിക കേരളത്തിന് അപമാനകരവുമാണ്. തലസ്ഥാനത്തെ തന്റെ സ്വകാര്യ ഫഌറ്റിലേക്ക് ദുരുദ്ദേശ്യത്തോടെ പല തവണ സ്പീക്കര്‍ ക്ഷണിക്കുകയുണ്ടായെന്നും, ഇംഗിതത്തിനു വഴങ്ങാതിരുന്നപ്പോള്‍ ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളേജില്‍ വാഗ്ദാനം ചെയ്തിരുന്ന ജോലി നല്‍കാതെ പ്രതികാരം ചെയ്തുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് സ്വപ്നയെ നിര്‍ബന്ധിച്ചുവെന്ന് രണ്ട് പോലീസുകാരികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ ഹാജരാക്കിയതാണ് സ്വപ്നയുടെ മൊഴി.
സ്വപ്നയുടെ മൊഴി വെറും ‘തോന്നിവാസ’മെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും, തന്റെ വികൃതമായ മുഖം മറച്ചുപിടിക്കാനുമാണ് സ്പീക്കര്‍ ശ്രമിക്കുന്നത്. സ്വപ്ന അന്വേഷണ ഏജന്‍സിയോട് പറഞ്ഞിട്ടുള്ളത് ഒരു കെട്ടുകഥയല്ലെന്നും അവരുടെ വാക്കുകളില്‍നിന്ന് വ്യക്തമാണ്. സ്പീക്കര്‍ക്കെതിരെ നേരത്തെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളോട് പൂര്‍ണമായും പൊരുത്തപ്പെടുന്നതാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍. സ്പീക്കര്‍ സ്വപ്നയെ ദുരുദ്ദേശ്യപരമായി വിളിച്ചു എന്നുപറയപ്പെടുന്ന തിരുവനന്തപുരം പേട്ടയിലെ ഫഌറ്റ് അവിടെ ഇപ്പോഴും നിലനില്‍ക്കുന്നതാണ്. തന്റെ ഒളിസങ്കേതമാണിതെന്ന് സ്പീക്കര്‍ വിശേഷിപ്പിച്ചതായി പറയുന്നുണ്ടല്ലോ. ബിനാമി പേരിലുള്ള ഈ ഫഌറ്റ് ആരുടേതാണെന്ന് അന്വേഷണ ഏജന്‍സി ഇതിനകം കണ്ടെത്തിയിട്ടുണ്ടാകും. തന്റെ ഔദ്യോഗിക കാലാവധി വളരെ ചെറുതാണെന്നും, അതിനകം കുറച്ച് സമ്പാദിക്കണമെന്നും സ്വപ്നയോട് പറഞ്ഞതായുള്ള വെളിപ്പെടുത്തല്‍ സ്പീക്കര്‍ക്കെതിരെ നേരത്തെയുണ്ടായ കണ്ണട വിവാദം പോലെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അവിശ്വസിക്കേണ്ടതില്ല. സന്ദീപ് നായരുടെ തിരുവനന്തപുരത്തുള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് താന്‍ ക്ഷണിച്ചിട്ടാണ് സ്പീക്കര്‍ വന്നതെന്നും, ഇതിന് പാരിതോഷികമായി വിലകൂടിയ വാച്ച് നല്‍കുകയുണ്ടായെന്നും സ്വപ്ന പറയുന്നു. ഈ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് സ്പീക്കര്‍ മുന്‍പ് പറഞ്ഞിട്ടുള്ളതൊക്കെ കള്ളമാണെന്നും ഇപ്പോള്‍ തെളിയുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ഗൂഢസംഘം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയുണ്ടായെന്നും, മുഖ്യമന്ത്രിക്ക് എല്ലാം അറിയാമായിരുന്നുവെന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ തന്നോട് പറഞ്ഞതാണെന്നും കൂടി സ്വപ്ന വെളിപ്പെടുത്തുമ്പോള്‍ ചിത്രം പൂര്‍ണമാവുന്നു.
ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ചിന്തിക്കാന്‍ പോലും പാടില്ലാത്ത ദുഷ്പ്രവൃത്തികള്‍ ശ്രീരാമകൃഷ്ണന് ചെയ്തതായാണ് വെളിപ്പെട്ടിരിക്കുന്നത്. ആരോപണത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ ഒരു നിമിഷംപോലും സ്പീക്കര്‍ക്ക് ആ സ്ഥാനത്ത് ഇരിക്കാനുള്ള ധാര്‍മികമായ യോഗ്യതയില്ല. എന്നാല്‍ വെളിപ്പെടുത്തല്‍ തനിക്കെതിരെ മാത്രമല്ലെന്നും, മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെകൂടി ഉള്ളതാണെന്നും പറഞ്ഞ് പിടിച്ചുനില്‍ക്കാനാണ് ശ്രീരാമകൃഷ്ണന് ശ്രമിക്കുന്നത്. രാജിവയ്ക്കണമെങ്കില്‍ താന്‍ മാത്രമല്ല മുഖ്യമന്ത്രിക്കും അതിനുള്ള ബാധ്യതയുണ്ടെന്നാണ് സ്പീക്കര്‍ തന്റെ പ്രതികരണത്തിലൂടെ സമര്‍ത്ഥമായി പറഞ്ഞുവയ്ക്കുന്നത്. സ്വപ്നയുടെ പുതുതായി പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തലിലൂടെ മറ്റൊന്നു കൂടി സ്ഥിരീകരിക്കപ്പെടുകയാണ്. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ പറഞ്ഞുകൊണ്ടിരുന്നതെല്ലാം പച്ചക്കള്ളമാണ്. സ്വപ്നയുടെ ഇത്തരം മൊഴികള്‍ കേന്ദ്ര ഏജന്‍സികളുടെ പക്കലുണ്ടെന്നും, ഏത് ഘട്ടത്തിലും അത് പുറത്തുവരാമെന്നും ഉറപ്പുള്ളതിനാലാണ് ക്രൈംബ്രാഞ്ചിനെ ഇറക്കിയും, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചുമൊക്കെ അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത നശിപ്പിക്കാന്‍ മുഖ്യമന്ത്രി നോക്കുന്നത്. അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍നിന്ന് അധികാര ദുരുപയോഗത്തിലൂടെ രക്ഷപ്പെടാനുള്ള ഈ ഗൂഢനീക്കങ്ങളെ വിജയിക്കാന്‍ അനുവദിച്ചുകൂടാ. സര്‍ക്കാര്‍ സംവിധാനം അധോലോക സംഘത്തെപ്പോലെ പെരുമാറുകയാണെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ ഏജന്‍സികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അങ്ങനെ സത്യം പുറത്തുവരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: