കെയ്റോ: സൂയസ് കനാലില്‍ ഏറ്റവും വലിയ ഗതാഗതക്കുരുക്കുണ്ടാക്കി കുറുകെ കുടുങ്ങിയ കൂറ്റന്‍ ചരക്കുകപ്പല്‍ ‘എവര്‍ഗ്രീന്‍’ ചലിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. കപ്പലിന്റെ മുന്‍, പിന് ഭാഗങ്ങള്‍ നാലു മീറ്റര്‍ ചലിച്ചതായി സൂയസ് കനാല്‍ അതോറിറ്റി ചെയര്മാന് ഉസാമ റബി പറഞ്ഞതായി ഈജിപ്തിലെ എക്സ്ട്രാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കപ്പല്‍ നീക്കുന്നതിനായി കഴിഞ്ഞ ആറു ദിവസമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇപ്പോള്‍ പുരോഗതി ഉണ്ടായത്.
കപ്പലിന്റെ പ്രൊപ്പലര്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. മണല്‍തിട്ടയില്‍ ഇടിച്ച കപ്പലിന്റെ അണിയത്ത് കൂടി വെള്ളം ഒഴുകി തുടങ്ങിയെന്നും ഉസാമ റബി വ്യക്തമാക്കി. കൂടുതല്‍ ടഗ് ബോട്ടുകള്‍ ഉപയോഗിച്ചും ഇരുവശത്തെയും ഡ്രെഡ്ജിങ് നടത്തി കപ്പല്‍ മോചിപ്പിച്ചും കണ്ടയ്നറുകള്‍ മാറ്റി ഭാരം കുറച്ചുമാണ് കപ്പലിനെ നീക്കാന്‍ ശ്രമം തുടരുന്നത്. ഇതിന്റെ ഭാഗമായി 24 മണിക്കൂറില്‍ 12 മണിക്കൂര്‍ ഡ്രെഡ്ജിങ്ങിനായും 12 മണിക്കൂര്‍ ടഗ് ബോട്ടുകള്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി മാറ്റിവെച്ചിരിക്കുന്നു. നിലവില്‍ 14 ടഗ് ബോട്ടുകള്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇരുവശങ്ങളിലും ആഴത്തില്‍ പുതഞ്ഞു കിടക്കുന്നതിനാല്‍ ടഗ് ബോട്ടുകള്‍ ഉപയോഗിച്ച് വലിച്ചുനീക്കല്‍ എളുപ്പമല്ല. എസ്കവേറ്റര്‍ ഉപയോഗിച്ചും അല്ലാതെയുമുള്ള ഡ്രെഡ്ജിങ് പുരോഗമിക്കുകയാണ്.
നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള ബോസ്കാലിസ് ആണ് മണ്ണും മണലും നീക്കം ചെയ്യുന്ന ജോലി ചെയ്തു കൊണ്ടിരിക്കുന്നത്. 18 മീറ്റര്‍ ആഴത്തില്‍ 27,000 ഘനമീറ്റര്‍ മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. മണ്ണിന് അടിത്തട്ടിലുള്ള പാറയാണ് ദൗത്യം വൈകാന്‍ ഇടയാക്കുന്നത്. വേലിയേറ്റ സമയത്ത് കപ്പല്‍ ചലിപ്പിക്കാന്‍ നടത്തിയ രണ്ട് ശ്രമങ്ങളം പരാജയപ്പെട്ടിരുന്നു.
ഏഷ്യയില്‍ നിന്ന് യൂറോപിലേക്കും വടക്കേ അമേരിക്കയിലേക്കും തിരിച്ചുമുള്ള കപ്പല്‍ പാത ആറു ദിവസമായി അടഞ്ഞു കിടക്കുകയാണ്. ഞായറാഴ്ചത്തെ കണക്കുകള്‍ പ്രകാരം എല്‍.എന്‍.ജി, എല്‍.പി.ജി ഉല്പന്നങ്ങള്, വസ്ത്രം, ഫര്‍ണിച്ചര്‍, നിര്‍മാണ സാമഗ്രികള്‍, കാര്‍ സ്പെയര്‍ പാര്ടുകള് അടക്കമുള്ളവ കയറ്റിയ 369ലധികം കപ്പലുകളാണ് ഇരുവശങ്ങളിലുമായി കുടുങ്ങി കിടക്കുന്നത്. കനാലില്‍ കുടുങ്ങിയത് വഴി വലിയ നഷ്ടം നേരിട്ട കപ്പലുകള്‍ക്ക് ഇളവ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സൂയസ് കനാല്‍ അതോറിറ്റി അറിയിച്ചു.
ഈജിപ്തില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരും 25 ഇന്ത്യക്കാരായ ജീവനക്കാരുമുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും പറയുന്നുണ്ട്. ബേണ്‍ഹാര്‍ഡ് ഷൂള്‍ട്ട് ഷിപ്പ് മാനേജ്മെന്റ് കമ്പനിയാണ് എവര്‍ ഗിവണ്‍ എന്ന കപ്പല്‍ സര്‍വ്വീസ് നിയന്ത്രിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: