ഇരിങ്ങാലക്കുട: മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും വാഗ്ദാനങ്ങള്‍ നല്കി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇരിങ്ങാലക്കുട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇരിങ്ങാലക്കുടയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനങ്ങളെ ഇരുമുന്നണികളും വഞ്ചിക്കുകയാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ വീട്ടിലൊരാള്‍ക്ക് തൊഴില്‍ എന്ന പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിമുക്ത ഭാരതത്തിനായി പ്രയത്നിക്കുന്ന നരേന്ദ്ര മോദിയുടെ പാത സ്വീകരിച്ച മെട്രോമാന് ഇ. ശ്രീധരനും ഡോ. ജേക്കബ് തോമസും ബിജെപിയില്‍ വന്നു. കേരളത്തില്‍ അടിമുടി ഗ്രസിച്ചിരിക്കുന്ന അഴിമതിക്കെതിരെ പോരാടുന്ന ഡോ. ജേക്കബ് തോമസിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് കേന്ദ്ര അന്വേഷണ സംഘം കേരളത്തിലെത്തിയത്. ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സമരത്തിന് ഇറങ്ങിയിരിക്കുന്നത് ഫെഡറല്‍ സംവിധാനത്തിന് നല്ലതല്ല. കേസില്‍ മുഴുവന്‍ പ്രതികളെയും അന്വേഷണ ഏജന്‍സികള്‍ പുറത്തുകൊണ്ടു വരുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. രാജ്യവിരുദ്ധ ശക്തികളുടെയും ഭീകര വാദികളുടേയും കേന്ദ്രമായി കേരളം മാറിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
ഡോ. ജേക്കബ് തോമസ് രചിച്ച രണ്ടു പുസ്തകങ്ങള്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പ്രകാശനം ചെയ്തു. എനിക്കു വേണ്ട കേരളം, അവസാനത്തെ സാക്ഷി എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നടപ്പിലാക്കേണ്ട വികസനരേഖയും ചടങ്ങില്‍ രാജ്നാഥ് സിങ് പ്രകാശനം ചെയ്തു. വികസന രേഖ തയാറാക്കിയതിനെ കേന്ദ്രമന്ത്രി പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: