നിശ്ശബ്ദത തങ്ങിനിന്ന നിമിഷങ്ങളില്‍ മലര്‍ക്കെ തുറന്നിട്ട ജനാലയിലൂടെ ഉച്ചത്തിലുള്ള നിലവിളി അയല്ക്കാരന് ജോസഫിന്റ ഉറക്കം കെടുത്തി. അടുത്ത വീട്ടിലെ അംബികയുടെ നിലവിളി തലച്ചോറില്‍ ശരംപോലെ വന്നു തറച്ചു. ഉറക്കച്ചടവുള്ള കണ്ണുകളുമായി കതക് തുറന്ന് ഓടിയെത്തി. അംബിക തറയില്‍ മോഹാലസ്യപ്പെട്ടുകിടക്കുന്നു. പന്ത്രണ്ടുവയസ്സുള്ള മകള്‍ അമ്മയെ വിളിച്ച് തേങ്ങിത്തേങ്ങികരയുന്നു. അടുത്ത വീട്ടുകാര്‍ ഓടിയെത്തി. പ്ലാവിലിരുന്ന കാക്കകള്‍ കൂട്ടത്തോടെ കരഞ്ഞു. പരിഭ്രമം നിറഞ്ഞ കാക്കകള്‍ അങ്ങുമിങ്ങും വട്ടമിട്ട് പറക്കുന്നു.
‘എന്ത് പറ്റി മോളെ’ ജോസഫ് ആരാഞ്ഞു.
അവള് അകത്തേക്ക് കൈചൂണ്ടി കരഞ്ഞു.
ജോസഫ് ഭയാശങ്കകളോടെ നോക്കി. ആ ഇടുങ്ങിയ കൊച്ചുമുറിക്കുള്ളിലെ ഉത്തരത്തില്‍ പ്രാണന് കളഞ്ഞ അജീഷ് തുങ്ങിനില്ക്കുന്നു. ജോസഫിന്റെ ഹ്യദയമിടിപ്പ് വര്‍ധിച്ചു. ശരീരം നിര്‍ജ്ജീവമായി നിലകൊണ്ടു. ആ കാഴ്ച്ച കണ്ട സ്ത്രീകളുടെ കണ്ണുകളില്‍ നീരുറവ പൊടിഞ്ഞുവന്നു. പലരും പകച്ചുനിന്നു. മ്ലാനമായ മുഖങ്ങള്‍. അംബിക കണ്ണുതുറന്നപ്പോള്‍ സ്വന്തം മുറിയിലായിരുന്നു. ഒരു ഭ്രാന്തിയെപ്പോലെ മകനെയോര്‍ത്തു നെഞ്ചത്തടിച്ചു കരഞ്ഞു. ആ ശബ്ദം മാത്രം അവിടെ മുഴങ്ങിനിന്നു.
ജോസഫ്അകത്തെ മുറിയിലെത്തി നട്ടെല്ല് തളര്‍ന്നു കിടക്കുന്ന ചന്ദ്രനെ ദുഃഖഭാരത്തോടെ നോക്കി. ജോസഫിന്റെ സഹായത്താല്‍ ഹൃദയമിടിപ്പോടെ വിറച്ചു വിറച്ചു കട്ടിലില്‍ നിന്ന് എഴുന്നേറ്റു. നട്ടെല്ല് വേദന കടിച്ചമര്‍ത്തി പുറത്തുവന്ന് മകന് തുങ്ങിനില്‍ക്കുന്ന കാഴ്ച്ച ഒരു ഞെട്ടലോടെ കണ്ടു. നെഞ്ച് പിളര്‍ന്നു മാറിയ നിമിഷങ്ങള്‍. ഒരു വിറയലോടെ തളര്‍ന്നു വീഴാറായ ചന്ദ്രനെ ജോസഫ് താങ്ങിപ്പിടിച്ചു അകത്തു കൊണ്ടുവന്നു കിടത്തി.
അയാളുടെ ശരീരമാകെ തളര്ന്നിരിന്നു. കുട്ടികള്‍ ജനാലയിലൂടെ ഒളിഞ്ഞുനോക്കി. ആ വാര്‍ത്ത എല്ലാവരുടെയും ഹൃദയം പിളര്‍ക്കുന്നതായിരുന്നു. അജീഷ് പഠിക്കാന്‍ മിടുക്കനായിരുന്നു. ബിഎ പാസ്സായത് വീടടക്കം ബാങ്കില്‍ പണയം വച്ചിട്ടാണ്. പിഎസ്സി ടെസ്റ്റില്‍ മൂന്നാംറാങ്കു കിട്ടിയപ്പോള്‍ എല്ലാ ദുരിതങ്ങളും മാറുമെന്നവര്‍ വിശ്വസിച്ചു. സംഭവമറിഞ്ഞവരുടെ നെറ്റി ചുളിഞ്ഞു. കുട്ടുകാര്‍ അമ്പരപ്പോടെ ഓടിയെത്തി. ഈ ദരിദ്ര കുടുംബത്തിന്റെ ഭാവി അവന്റെ കൈകളിലായിരുന്നു. പ്രതീക്ഷയോടെ കാത്തിരുന്ന രക്ഷിതാക്കളുടെ ഏക ആശ്രയമായ മകന് ഇത്ര നിഷ്ഠുരമായ ഒരു പ്രവൃത്തി എന്തിന് ചെയ്തു? ആ ചോദ്യം എല്ലാവരിലും ചൂഴ്ന്നുനിന്നു
ജോസഫ് മൊബൈലില്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി മുകളില്‍ തൂങ്ങിക്കിടന്ന ശവശരീരം താഴേക്കിറക്കി പരിശോധനകള്‍ തുടര്‍ന്നു. കട്ടിലില്‍ ഒരു വെളുത്ത കടലാസുതുണ്ട് ഇന്‍സ്പെക്ടര്‍ കണ്ടു. അത് അജീഷിന്റെ മനസ്സ് തുറന്നുകാട്ടിയആത്മഹത്യാക്കുറിപ്പായിരുന്നു.
”റാങ്ക്ലിസ്റ്റില് മൂന്നാംറാങ്കുകാരനായ എനിക്ക് അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു തെഴില്‍ കിട്ടിയില്ല. സര്‍ക്കാര്‍ ഡെയ്ലി വേജസുകാരെ സ്ഥിരപ്പെടുത്തുന്നു. റാങ്ക്ലിസ്റ്റില് ഉള്ളവരെ, പരീക്ഷ പാസ്സായവരെതഴയുന്നു. പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നു. ഇനിയും ഈ അനീതി കണ്ടുനില്‍ക്കാനാവില്ല. ബാങ്കില്‍ നിന്ന് കടമെടുത്ത പണം അടക്കാത്തതിന് ജപ്തിനോട്ടീസ് വന്നു. എന്റെ കയ്യില്‍ പണമില്ല. എന്റെ മരണത്തിലൂടെ ആ ബാങ്കിനുള്ള പണം സര്‍ക്കാര്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നു. എന്റെ ഈ വിധി കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷയെഴുതി കാത്തിരിക്കുന്ന ആര്‍ക്കുമുണ്ടാകാതിരിക്കട്ടെ. ഈ വ്യവസ്ഥിതി എനിക്ക് നീതിതന്നില്ല. ഞാന്‍ മടങ്ങുന്നു. എന്നെ സഹായിച്ച എല്ലാവര്ക്കും നന്ദി.”
അവനൊപ്പം പഠിച്ചവര്‍ സുഹൃത്തിന്റെ മുഖത്തേക്ക് നോക്കി വിങ്ങിപ്പൊട്ടി. അവിടെമാകെ ദുഃഖവും ദൈന്യതയും നിഴലിച്ചു. യുവതീയുവാക്കള്‍ വൈകാരികമായിട്ടാണ് ഈ ആത്മഹത്യയെ കണ്ടത്. അവര്‍ റോഡിലിറങ്ങി മുദ്രാവാക്യങ്ങള്‍ മുഴക്കി.
”നാടിനെ ഞെക്കികൊല്ലുന്ന, നീതിനിഷേധം നടത്തുന്ന, വിദ്യാസമ്പന്നരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന, പാര്‍ട്ടിയിലെ വാലാട്ടി പട്ടികളെ നിയമിക്കുന്ന ഭരണാധിപന്മാരെ കല്‍ത്തുറുങ്കിലടയ്ക്കുക.”
സൈറണ്‍ മുഴക്കി ആംബുലന്‍സ് വന്നതോടെ പോലീസുകാരിലുണ്ടായ ഭയം മാറി. എങ്ങും ദുഃഖത്തിന്റെ കരുവാളിച്ച മുഖങ്ങള്‍. ഒറ്റപ്പെടലിന്റെ, വേര്‍തിരിക്കലിന്റെ ഒരു ലോകത്തേക്ക് മുദ്രാവാക്യങ്ങള്‍ ഇറങ്ങിച്ചെന്നു. പ്രതികരണശേഷി വീണ്ടെടുത്ത തൊഴില്‍രഹിതര്‍ മനുഷ്യത്വരഹിതമായ സര്‍ക്കാര്‍ നിലപാടിനെ, വോട്ടുപെട്ടി നിറയ്ക്കാന്‍ സ്വദേശത്തും വിദേശത്തും സര്‍ക്കാര്‍ പരിവാരങ്ങളെ കുത്തിനിറയ്ക്കുന്ന നിയമനങ്ങളില്‍ ശക്തമായി പ്രതിഷേധിച്ചു. തെരുവുകളില്‍ അലഞ്ഞുനടന്ന തൊഴില്‍രഹിതര്‍ നിരാഹാര സത്യഗ്രഹത്തിന് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: