കാഞ്ഞിരപ്പള്ളിയില്‍ കണ്ണന്താനം ഒരു വികാരമായി മാറുകയാണ്. വികസനത്തിന്റെ വികാരം. കാഞ്ഞിരപ്പള്ളിക്കാര്‍ക്കറിയാം കണ്ണന്താനത്തെ. സാധാരണക്കാര്‍ക്കൊപ്പമുണ്ട് സ്ഥാനാര്‍ഥി. അത് വാക്കിലും പെരുമാറ്റത്തിലും പ്രകടമാണ്. കാഞ്ഞിരപ്പള്ളിയുടെ ഗ്രാമവീഥികള്‍ നല്കുന്ന സ്വീകരണത്തിലെ ഇഴയടുപ്പം കണ്ണന്താനം അവരുടെ സ്വന്തക്കാരനെന്ന് വിളിച്ചുപറയുന്നു…
സമയം രാവിലെ 7.00
വീടിന്റെ സ്വീകരണ മുറിയില്‍ കാത്തിരിക്കുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ആതിഥേയനായി അല്‍ഫോന്‍സ് കണ്ണന്താനം. നടപ്പ്, കുശലാന്വേഷണം, സംസാരം എല്ലാം ചടുലം.
എല്ലാം നിശ്ചയിച്ച സമയത്തുതന്നെ നടക്കണം. ജനസേവനത്തിലും കൃത്യനിഷ്ഠ പുലര്‍ത്തണമെന്ന നിര്‍ബന്ധബുദ്ധിയുള്ള ഈ സ്ഥാനാര്‍ഥിയുടെ ഒപ്പം ചേരുന്നത് പുതിയ അനുഭവമെന്ന് പ്രവര്‍ത്തകര്‍.
സമയം 8.00. കങ്ങഴ പഞ്ചായത്തിലെ പത്തനാട്. ചില സുഹൃത്തുക്കളുടെ വീടുകളിലേക്ക്. ജയിപ്പിക്കണമെന്ന് മാത്രം പറഞ്ഞ് അടുത്ത വീട്ടിലേക്ക്. 9.30 ആയപ്പോഴേക്കും പത്തനാട് കവലയില്‍ പ്രവര്‍ത്തകരിലേക്ക്. പിന്നെ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക്.
‘വികസനം വേണ്ടേ ഇവിടെ?’ ആ ചോദ്യത്തിന്റെ പൊരുള്‍ അറിയാവുന്നവരാണ് നിരവധി പ്രശ്നങ്ങള്‍ നേരിടുന്ന മണ്ഡലത്തിലെ വോട്ടര്‍മാര്‍. കാഞ്ഞിരപ്പള്ളിയില്‍ നേരത്തെ എംഎല്‍എയായിരുന്ന കണ്ണന്താനം അന്ന് വികസനക്കുതിപ്പ് എങ്ങനെയാണ് നടപ്പാക്കിയതെന്ന് അറിയാവുന്നവര്‍ സമ്മാനിക്കുന്ന ചിരി മാത്രം മതി അവരുടെ പിന്തുണ അറിയാന്‍. വീട്ടമ്മമാര്‍, വിദ്യാര്‍ഥിനികള്‍, കര്‍ഷകര്‍ തുടങ്ങി ഭിന്നതുറകളില് നിന്നുള്ളവര്‍ പര്യടനപരിപാടിയുടെ തുടക്കത്തില്‍ ആശംസകള്‍ നേര്‍ന്നെത്തി. എല്ലാവരോടും സ്ഥാനാര്‍ഥി പറഞ്ഞത് വികസനസ്വപ്നങ്ങള്‍ മാത്രം.
ചെറിയവാക്കുകളില്‍, ചെയ്യാനാവുന്നത് മാത്രം പറഞ്ഞ് വോട്ടുതേടി പര്യടന വാഹനത്തിലേക്ക്.
സമയം 11.25. പ്ലാക്കല്‍പടി, മുണ്ടന്താനം പ്രദേശങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ചു. അപ്പോഴേക്കും ജനം ടിവി സംഘം കണ്ണന്താനത്തെ തേടിയെത്തി. തിരക്കിനിടയിലും അവരോട് അല്പനേരം. ജയിച്ചാല്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ അക്കമിട്ട് നിരത്തി. മുടങ്ങിക്കിടക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസ്, മണിമല കുടിവെള്ള പദ്ധതി എന്നിവ പൂര്‍ത്തീകരിക്കും. എന്നും ജനങ്ങള്‍ക്കൊപ്പം നില്ക്കും. ആരു വിളിച്ചാലും ഫോണെടുക്കും. ചിരിച്ച് കാണിച്ചാല്‍ പോരാ, വികസനം എത്തിക്കണമെന്നാണ് തന്റെ നിലപാടെന്ന് നാട്ടുകാര്‍ക്ക് മുമ്പില്‍ മനസ്സു തുറന്നു.
കങ്ങഴ പഞ്ചായത്തിലെ പര്യടനം ഒരു മണിയോടെ സമാപിച്ചു. ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് കറുകച്ചാലിലേക്ക്. ഉച്ചഭക്ഷണം ബിജെപി കറുകച്ചാല്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കുസുമവിലാസം അനില്‍കുമാറിന്റെ വസതിയിലാണ്. അവിടെയെത്തിയപ്പോഴേക്കും ഭക്ഷണം റെഡി. പ്രവര്‍ത്തകര്‍ക്കൊപ്പം ഊണു കഴിച്ചു. കുടുംബത്തിലെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമൊപ്പം സെല്‍ഫിയെടുത്തു. കുട്ടികളോട് പഠനകാര്യങ്ങളെക്കുറിച്ച് തിരക്കി. തുടര്‍ പഠനത്തെക്കുറിച്ച് ഉപദേശവും നല്‍കിയതോടെ അവര്‍ക്കും സന്തോഷം. അനില്‍കുമാറിന്റെ അമ്മ കമലമ്മയുടെ അനുഗ്രഹവും വാങ്ങി അടുത്ത സ്ഥലത്തേക്ക്.
സമയം 2.15. കൂത്രപ്പള്ളി, തുടര്‍ന്ന് ചമ്പക്കര, മക്കില്ഭാഗം, വള്ളിവട്ടം തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ വ്യക്തികളെ സന്ദര്‍ശിച്ചു. കറുകച്ചാല്‍ ടൗണിലാണ് അടുത്തത്. പര്യടന വാഹനം ബസ്സ്റ്റാന്റിന് സമീപത്ത് നിര്ത്തിയപ്പോഴെക്കും കാത്തുനിന്നവര്‍ ഓടിയെത്തി. കൂട്ടത്തില്‍ പഴയ കൂട്ടുകാരന് എം.എ. ദേവസ്യ മുളവനയും. 25 വര്‍ഷമായുള്ള പരിചയമാണ്. അല്പസമയം കുശലാന്വേഷണത്തിന് ശേഷം വ്യാപാര സ്ഥാപനങ്ങളിലേക്ക്. ദേവസ്യയും ഒപ്പം കൂടി. പ്രവര്‍ത്തകര്‍ക്കൊപ്പം വേഗത്തില്‍ ഒരോ വ്യാപാര സ്ഥാപനങ്ങളിലും വോട്ട് തേടി. ബസ് സ്റ്റാന്റില്‍ വോട്ടുതേടുന്നതിനിടെ ബസ് കാത്തുനിന്ന വീട്ടമ്മ തങ്ങളനുഭവിക്കുന്ന കുടിവെള്ള പ്രശ്നം കണ്ണന്താനത്തിന് മുമ്പില്‍ അവതരിപ്പിച്ചു. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പു നല്‍കിയാണ് സ്ഥാനാര്‍ഥി അടുത്ത സ്ഥലത്തേക്ക് പോയത്.
പര്യടനം സമാപിക്കാറായപ്പോഴേക്കും ചെറിയ മഴ. അല്പം വിശ്രമം. മഴ മാറിയതോടെ വീണ്ടും വോട്ടു തേടിയുള്ള യാത്ര… യാത്ര തുടരുകയാണ്. വിജയത്തിലേക്കുള്ള യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: