പൂഞ്ഞാര്‍: മഹാരാജാസ് കോളെജിലെ എസ്എഫ്ഐ വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലചെയ്ത എസ്ഡിപിഐക്കാരുമായി ഇവിടുത്തെ ഇടത് സ്ഥാനാര്‍ത്ഥിയ്ക്ക് അവിശുദ്ധബന്ധമുണ്ടെന്ന് കേരള ജനപക്ഷം (സെക്യുലര്‍) നേതാവ്പി.സി. ജോര്‍ജ്ജ്. ഇടതുപക്ഷ പ്രവർത്തകർ നെഞ്ചേറ്റി നടന്ന അഭിമന്യുവിനെ കൊലചെയ്തവരുമായി മാണി ഗ്രൂപ്പ് സ്ഥാനാർഥി ഉണ്ടാക്കിയ അവിശുദ്ധ ബന്ധത്തിന്റെ ഭാഗമായാണ് എസ്ഡിപിഐയ്ക്ക് സാന്നിധ്യമുള്ള സ്ഥലങ്ങളിൽ എല്ലാം മനഃപൂർവ്വം സംഘർഷം സൃഷ്ട്ടിക്കപ്പെടുന്നത്.
തന്റെ യോഗങ്ങളില്‍ കൂവല്‍ യജ്ഞം നടത്തുന്നത് എസ്ഡിപിഐക്കാരാണെന്നും അത് കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയുമായി ഉണ്ടാക്കിയ ധാരണയുടെ ഭാഗമാണെന്നും പി.സി. ജോര്‍ജ്ജ് ആരോപിക്കുന്നു. ഈരാറ്റുപേട്ടയില്‍ തന്റെ പ്രസംഗം തടസ്സപ്പെടുത്തിയത് എസ്ഡി പിഐ ആണെന്നും ജോര്‍ജ്ജ് ആരോപിക്കുന്നു. അന്ന് പ്രസംഗം പാതി വെച്ച് നിര്‍ത്തി ജോര്‍ജ്ജിന് മടങ്ങേണ്ടി വന്നു. പൂഞ്ഞാര്‍ മണ്ഡലത്തില്‍ മത്സരരംഗത്തില്ലാത്ത എസ്ഡിപി ഐയുടെ വക്താക്കള്‍ ഒരു മുന്നണിസ്ഥാനാര്ത്ഥിയുടെ മറവില്‍ തന്നെ വേട്ടയാടുന്നെങ്കില്‍ അവര്‍ തമ്മിളുള്ള അന്തര്‍ധാരയെന്തെന്ന് ഈ നാട്ടിലെ ജനം മനസ്സിലാക്കട്ടെയെന്നും പി.സി. ജോര്‍ജ്ജ് തുറന്നടിക്കുന്നു.ഇവിടെ സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി.
ശക്തമായ ചതുഷ്കോണ മത്സരം നടക്കുന്ന മണ്ഡലമാണ് പൂഞ്ഞാര്‍. അഡ്വ. ടോമി കല്ലാനി കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുംപോള് ബിഡിജെഎസിന് വേണ്ടി മത്സരിക്കുന്ന എം.പി. സെന്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
പി.സി. ജോര്‍ജ്ജിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമം നടക്കുന്നെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് , നാടിനെ സംഘർഷത്തിലേക്ക് തള്ളിവിടാതിരിക്കാൻ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ പ്രചരണം ഞാൻ അവസാനിപ്പിച്ചത്.
എന്നാൽ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിൽ എത്തി പര്യടനം അലങ്കോലപ്പെടുത്തുക എന്ന അടുത്ത മാർഗ്ഗം സ്വീകരിച്ചിരിക്കുയാണ് ചില സംഘടനകൾ. ഈ നാട്ടിൽ മത്സര രംഗത്തില്ലാത്ത വർഗ്ഗീയ സംഘടനയുടെ വാക്താക്കൾ ഒരുമുന്നണി സ്ഥാനാർത്ഥിയുടെ മറവിൽ എന്നെ പിന്തുടരുന്നെങ്കിൽ അവർ തമ്മിലുള്ള അന്തർധാരയെന്തെന്ന് ഈ നാട്ടിലെ ജനം മനസ്സിലാക്കട്ടെ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ SDPI എന്നെ പിന്തുണക്കുന്നെന്ന് പ്രഖ്യാപിച്ചു. എന്നാൽ അതിനർത്ഥം ഈ നാട്ടിൽ അവരുടെ ജനാതിപത്യ വിരുദ്ധ ഫാസിസ്റ്റ് നിലപാടുകളെ ഞാൻ പിന്തുണക്കുന്നെന്നല്ല. ഈ സംഘടനയുടെ പിൻബലത്തിൽ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യുവിന്റേതുൾപ്പടെ നിരവധി കൊലപാതകങ്ങളും അക്രമങ്ങളും ഈ നാട്ടിൽ നടക്കുന്നതിന് മുൻപ് തന്നെ ഇവരുമായി യാതൊരുവിധ ബന്ധവുമില്ല എന്ന് പത്രക്കുറിപ്പിലൂടെ പ്രഖ്യാപിച്ചിട്ടുള്ളതും മേലിൽ ഇവരുടെ വോട്ട് തനിക്ക് വേണ്ടാ എന്നും ആർജ്ജവ്വത്തോടെ അന്ന് പറഞ്ഞിട്ടുള്ളതുമാണ്.
ഇടതുപക്ഷ പ്രവർത്തകർ നെഞ്ചേറ്റി നടന്ന അഭിമന്യുവിനെ കൊലചെയ്തവരുമായി മാണി ഗ്രൂപ്പ് സ്ഥാനാർഥി ഉണ്ടാക്കിയ അവിശുദ്ധ ബന്ധമാണ് ഈ സംഘടനക്ക് സാന്നിധ്യമുള്ള സ്ഥലങ്ങളിൽ എല്ലാം സംഘർഷം മനഃപൂർവ്വം സൃഷ്ട്ടിക്കപ്പെടുന്നത്. നാളിതുവരെയും മുന്നണികളെയും അവരെ ഇരുട്ടിൻറെ മറവിൽ സഹായിക്കാനെത്തുന്ന നാടിന് ശാപമായി മാറിക്കൊണ്ടിരിക്കുന്ന വർഗീയ വിപത്തുകളെയും പൂഞ്ഞാറിൻറെ മണ്ണിൽ നിന്ന് തുരത്തിയോടിച്ചാണ് ഈ നാട് നട്ടെല്ല് വളക്കാതെ നിന്നിട്ടുള്ളത്. ഇനി അങ്ങോട്ടും ഈ നാട് അഴിമതിക്കും അക്രമത്തിനും, വർഗീയതക്കുമെതിരെ നെഞ്ച് വിരിച്ച് നിൽക്കുമെന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു.
നിങ്ങളുടെ സ്വന്തം
പി.സി. ജോർജ്ജ്
പ്ലാത്തോട്ടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: