കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്തിട്ട് ഞങ്ങളാണ് ഇതെല്ലാം നല്‍കിയതെന്ന് പറയാന്‍ നല്ല തൊലിക്കട്ടി വേണമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്. കോഴിക്കോട് സൗത്ത് മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മഹാമാരിക്കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി 5,87,791 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് കേന്ദ്രം കേരളത്തിലെ 1.5 കോടി ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്. 36 ലക്ഷം ഗുണഭോക്താക്കള്‍ക്ക് വേണ്ടി 27,956 മെട്രിക്ടണ്‍ പയര്‍ വര്‍ഗങ്ങള്‍ പ്രത്യേകം നല്കി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി 2142 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും കേന്ദ്രം നല്കി. കേന്ദ്ര സര്‍ക്കാര്‍ നല്കിയതാണെങ്കില് മറ്റ് സംസ്ഥാനങ്ങള്‍ അത് കൊടുക്കാത്തതെന്താണെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ ഈ അല്പത്തരം കാണിക്കില്ല. കേന്ദ്രം നല്കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ സ്വന്തം പടം വച്ച കിറ്റിലാക്കി തങ്ങളുടെതാണെന്ന് പറയാന്‍ പ്രത്യേകം തൊലിക്കട്ടി തന്നെ വേണം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് പിണറായി സര്‍ക്കാരിന്റെ തൊലിക്കട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ യുവാക്കള്‍ വലിയ ആശങ്കയിലാണ്. സെക്രട്ടറിയേറ്റിനുമുന്നില്‍ ചെറുപ്പക്കാര്‍ സമരം ചെയ്തത് അവരുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്. തിരുവനന്തപുരത്തെ അനു എന്ന ചെറുപ്പക്കാരന് ആത്മഹത്യചെയ്തത് റാങ്ക് ലിസ്റ്റില്‍ പേരുവന്നിട്ടും ജോലി കിട്ടാത്തതിനാലാണ്. എംപിമാരുടെയും മന്ത്രിമാരുടെയും ബന്ധുക്കള്‍ ഇങ്ങനെ നിയമനം നേടിയവരാണ്. പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടന്നപ്പോള്‍ രണ്ടര ലക്ഷം കിടക്കകള്‍ തയാറാണെന്നു പറഞ്ഞവര്‍ 50,000 പേര് വന്നപ്പോള്‍ ഇത്രയും പേര് വരുമെന്നു പ്രതീക്ഷിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത്രയേറെ പ്രവാസികളെ അപമാനിച്ച സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ല. പ്രവാസികളെ രണ്ടാംകിട പൗരന്മാരായി കണ്ട സര്‍ക്കാര്‍ വേറെയില്ല. കേന്ദ്രസര്‍ക്കാര്‍ വിദേശത്തുനിന്നും 65 ലക്ഷം ആളുകളെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. അതില്‍ ഏറ്റവും കൂടുതല്‍ പേര് കേരളത്തില്‍ നിന്നാണ്. 15 ലക്ഷം പേരാണ് കേരളത്തിലേക്ക് തിരികെ വന്നത്. അവരോട് അല്പമെങ്കിലും സൗമനസ്യം ഉണ്ടെങ്കില്‍ ഇത്തരമൊരു നിലപാട് പിണറായി സര്‍ക്കാരില്‍നിന്ന് ഉണ്ടാകുമായിരുന്നില്ല. അവര്‍ക്കുവേണ്ടി എന്തുപദ്ധതിയാണ് നിങ്ങളുടെ കൈയിലുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ലോകകേരള സഭയിലുള്ളവര്‍ മാത്രമാണ് പിണറായിക്ക് പ്രവാസികളെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സൗത്ത് മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. സൗത്ത് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ്, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ തിരുവണ്ണൂര്‍ ബാലകൃഷ്ണന്, കെ.പി. ശിവദാസന്‍, ഗിരീഷ്തേവള്ളി, കാമരാജ് കോണ്‍ഗ്രസ് നേതാവ് അരുണ്‍കുമാര്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് രാജേഷ്, ബിജെപി ജില്ലാ സെക്രട്ടറി പ്രശാന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: