തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തിയതെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ. ധാരണാ പത്രം അറിഞ്ഞില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളും പുറത്ത്. വിവരാവകാശ പ്രകാരം ലഭിച്ച റിപ്പോര്‍ട്ടുകളിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്കര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ഉള്‍നാടന്‍ ജലഗതാഗതവകുപ്പ്, വ്യവസായ വകുപ്പ് സെക്രട്ടറിമാര്‍, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം സുനീഷ്, പ്രസ് സെക്രട്ടറി പിഎം മനോജ് എന്നിവരുമായി വിവിധ ഘട്ടങ്ങളില്‍ ഇഎംസിസിയുമായി നടത്തിയ ചര്‍ച്ചകളെ കുറിച്ച് കെഎസ്എൈന്‍സി അറിയിച്ചിട്ടുണ്ട്.
ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേന്ന് ദിനേശ് ഭാസ്കര്‍ക്ക് ഇക്കാര്യം അറിയിച്ച് സന്ദേശം ലഭിച്ചിരുന്നു. ഇത് മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് ദിനേശ് ഭാസ്കര്‍ അറിയിക്കുകയും, ധാരണപത്രത്തിന്റെ ഫയലില്‍ കെഎസ്ഐന്‍എസി എംഡി പ്രശാന്തിന്റെ കുറിപ്പില്‍ ദിനേശ് ഭാസ്ക്കറുമായി ചര്‍ച്ച ചെയ്തെന്നും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്തേക്കുമെന്നും ഫെബ്രുവരി രണ്ടിന് സന്ദേശം അയച്ചിട്ടുണ്ട്.
ഇതില്‍ ഉച്ചക്ക് 12 മണിക്ക് ധാരണാപത്രം ഒപ്പിടുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 1200 കോടിരൂപയുടെ വര്‍ക്ക് ഓര്‍ഡര്‍ കിട്ടിയെന്നും ഇതിലുണ്ട്. അന്നേ ദിവസം അഡീഷണല്‍ ചീഫ് സെക്രട്ടിറി ടി.കെ. ജോസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അതേസമയം ധാരണാ പത്രത്തെ കുറിച്ച് പിആര്‍ഡി വാര്‍ത്താ കുറിപ്പ് പുറത്തിറക്കുകയും ഇത് വിവാദമാവുകയും ചെയ്തിരുന്നു. ഇതോടെ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ ഒരു ധാരണാപത്രത്തെക്കുറിച്ച് പിആര്‍ഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അന്വേഷിക്കുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ വിവാദത്തില്‍ നിന്നും തലയൂരാന്‍ ശ്രമം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: