തിരുവനന്തപുരം: ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കാന്‍ ജീവന് നല്കാന് പോലും തയാറാണെന്ന് കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്. ആചാരലംഘനത്തിന് തയാറായിരിക്കുന്ന എല്‍ഡിഎഫും ഗ്യാലറിയിലിരുന്ന് കളി കാണുന്ന യുഡിഎഫും മനസിലാക്കേണ്ടത് ആചാരം ലംഘിക്കുമ്പോള്‍ ജീവന് കൊടുത്തും അത് സംരക്ഷിക്കാന്‍ വിശ്വാസികളുണ്ടെന്നും അയ്യപ്പനെ സംബന്ധിച്ച വിഷയം ഓരോ വിശ്വാസിയുടെയും ആത്മാവിനെ സംബന്ധിച്ചതാണെന്നുമാണെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയെ തകര്‍ക്കാന്‍ നീക്കം നടന്നപ്പോള്‍ ഒരു ബിജെപിക്കാരനും വീട്ടില്‍ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നില്ല. മറിച്ച് ആചാര സംരക്ഷണത്തിനായി തെരുവില്‍ സമരത്തിലായിരുന്നു. ആക്ടിവിസ്റ്റുകളെ പോലീസ് യൂണിഫോം ധരിപ്പിച്ച് മല കയറ്റിച്ച മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രന്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അദ്ദേഹത്തിന് പെട്ടെന്ന് ഭക്തിയും ഖേദപ്രകടനവും ഒക്കെയുണ്ടായി. അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്നു പറഞ്ഞ എം. സ്വരാജിനോടും യുവതീ പ്രവേശനം വേണമെന്നു പറഞ്ഞ യെച്ചൂരിയോടും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന് എന്ത് നിലപാടാണുള്ളതെന്ന് അറിയാന്‍ കഴക്കൂട്ടത്തെ വോട്ടര്‍മാര്‍ക്ക് ആഗ്രഹമുണ്ട്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം തിരുത്തില്ലെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി പി
ണറായി വിജയനോട് യോജിക്കുന്നുണ്ടോയെന്ന് കടകംപള്ളി തുറന്നു പറയണം. പുട്ടുപൊടി ഉണ്ടാക്കാനുള്ള ചുമതലയല്ല കേരളത്തിലെ ജനം കടകംപള്ളിയെ ഏല്‍പ്പിച്ചത്. വിശ്വാസം സംരക്ഷിക്കുന്നതിനും ക്ഷേത്രകാര്യങ്ങള്‍ യഥാവിധി നിര്‍വഹിക്കുന്നതിനുമാണ് അദ്ദേഹത്തെ ദേവസ്വം മന്ത്രിയാക്കിയത്. ശബരിമല വിഷയം ചര്‍ച്ച ചെയ്യുക തന്നെ ചെയ്യും.
ശബരിമല രാഷ്ട്രീയ പാര്‍ട്ടിയുടെ വിഷയമല്ല. വിശ്വാസികളുടെ വിഷയമാണ്. കഴിഞ്ഞ കാലങ്ങളില്‍ താനും വിശ്വാസികളും കേരളത്തിലെ ജനങ്ങളും അനുഭവിച്ചത് പറയാന്‍ പാടില്ല എന്നാണോ. തനിക്കെതിരെ 124 കേസുകളാണുള്ളത്. ഇതില്‍ 40 കേസുകള്‍ ശക്തമായ കേസുകളാണ്. താന്‍ എന്തെങ്കിലും ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതുകൊണ്ടല്ല ഈ കേസുകള്‍. 16,000 കേസുകള്‍ എടുത്തു. 56,000 പേരെ ജയിലിലടച്ചു. ഇതെല്ലാം ചര്‍ച്ച ചെയ്യാതെ തലകുനിച്ചു മുന്നോട്ടുപോകാന്‍ തയാറല്ല. ഇപ്പോള്‍ കഴക്കൂട്ടത്തെ ഇടതു സ്ഥാനാര്‍ഥി ഒരു കേസുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പരാജയ ഭീതിയാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.
കേരളത്തിന് പുറത്ത് സംഗമിക്കുന്ന രണ്ട് മാലിന്യപ്പുഴകളാണ് എല്‍ഡിഎഫും യുഡിഎഫും. പാറശ്ശാല കഴിഞ്ഞാല്‍ ഇവ സംഗമിക്കും. 2016ല്‍ പാലക്കാട് കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ എന്‍.എന്‍. കൃഷ്ണദാസ് മൂന്നാം സ്ഥാനത്തായത് എല്‍ഡിഎഫ് കോണ്‍ഗ്രസുകാരനായ ഷാഫി പറമ്പിലിന് വോട്ടുമറിച്ച് നല്കിയതു കൊണ്ടാണ്. ഇടതു കോട്ടയായ മാത്തൂരിലും കണ്ണാടിയിലും ഇടതുപക്ഷം വോട്ടുകള്‍ മറിച്ചു. ഈ സംഭവത്തില്‍ പുറത്താക്കിയ 16 സിപിഎമ്മുകാരെ പാര്‍ട്ടി ഉന്നത നേതൃത്വം ഇടപെട്ട് പിന്നീട് തിരിച്ചെടുത്തു. ബിജെപി കഴിഞ്ഞ തവണ ഏഴു സ്ഥലത്താണ് രണ്ടാമതെത്തിയത്. സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് ബിജെപിയെ പരാജയപ്പെടുത്തിയത്.
ചെറുപ്പക്കാരായ ഉദ്യോഗാര്‍ഥികള്‍ ജോലിക്കുവേണ്ടി തലമുണ്ഡനം ചെയ്തും മുട്ടിലിഴഞ്ഞും ബക്കറ്റ് പിരിവ് നടത്തിയും സമരം ചെയ്യുകയാണ് കേരളത്തില്‍. ഭാര്യമാരെയും സ്വന്തക്കാരെയും ബന്ധുക്കളെയും ഉന്നത പദവികളിലടക്കം പിന്‍വാതിലിലൂടെ നിയമിച്ച സര്‍ക്കാര്‍ സിപിഎം നേതാക്കളുടെ കുടുംബങ്ങളെ രക്ഷപ്പെടുത്തി.
കഴക്കൂട്ടത്തെ ബൈപ്പാസിന് 860 കോടി രൂപയും ഫ്ളൈഓവറിന് 160 കോടിയും നല്കി യഥാര്‍ഥ വികസനം എന്താണെന്ന് കേരളത്തിന് കാണിച്ചുകൊടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരാണ്. 300ലധികം പദ്ധതികളാണ് കേരളത്തിന് കേന്ദ്രം നല്‍കിയത്. പ്രധാനമന്ത്രി ആവാസ് യോജന വഴി തിരുവനന്തപുരം ജില്ലയില്‍ 18,600 വീടുകളും കേരളത്തില്‍ 1,25,767 വീടുകളുമാണ് കേന്ദ്രം നിര്‍മിച്ചത്. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി വരുന്നതോടെ കഴക്കൂട്ടത്തിന് വലിയ പ്രാധാന്യം ലഭിക്കും.
കെട്ടിപ്പൊക്കിയാല്‍ ഉടന്‍ തകരുന്ന പാലാരിവട്ടം മോഡല്‍ വികസനം വേണോ കരുത്തുറ്റ പാമ്പന്‍ പാലം മോഡല്‍ വികസനം വേണോ എന്ന് കേരളത്തിന് തീരുമാനിക്കാനുള്ള അവസരമാണിപ്പോള്‍ കൈവന്നിരിക്കുന്നതെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: