തൃശൂർ: അടയ്ക്ക ആണെന്ന് കരുതി കൈയിലെടുത്ത് പൊളിച്ച വസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ വിരലുകൾ അറ്റു. വടക്കാഞ്ചേരി പിലക്കാട് മാളിയേക്കൽ ആറ്റബീവി (31) എന്ന യുവതിക്കാണ് പരിക്കേറ്റത്. യുവതിയെ വടക്കാഞ്ചേരി ജില്ല ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
പിലക്കാട്ടെ ഒരു വീട്ടുമുറ്റത്ത് അയൽവാസികൾക്ക് ഒപ്പമിരുന്ന അടയ്ക്ക പൊളിക്കുന്നതിന് ഇടയിൽ ആയിരുന്ന സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ കൈയുടെ നടുവിരലും പെരുവിരലും ഭാഗികമായി നഷ്ടപ്പെട്ടു. കൂടാതെ കണ്ണിന് പരിക്കേൽക്കുകയും ചെയ്തു. മെഡിക്കൽ കോളേജിൽ വച്ച് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. വിരലുകൾ ഭാഗികമായി മുറിച്ചു നീക്കി. രണ്ടു വിരലുകളിൽ സ്റ്റീൽ കമ്പിയിട്ടു.
സ്ഫോടനമുണ്ടായ സ്ഥലത്ത് പോലീസിന്റെ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. തളി, പിലക്കാട് ഭാഗങ്ങളിലെ അടയ്ക്ക കച്ചവടക്കാർ വിവിധ ഭാഗങ്ങളിൽ നിന്ന് അടയ്ക്ക ശേഖരിച്ച് വിൽപന നടത്തുന്നവരാണ്. സ്ത്രീകളാണ് അടയ്ക്കയുടെ തോല് ഇവിടെ കളയുന്നത്. ഇതിനിടയിൽ അടയ്ക്കാ രൂപത്തിലുള്ള സ്ഫോടകവസ്തു ആറ്റബീവിയുടെ കൈയിൽപ്പെടുകയായിരുന്നു. എന്നാൽ, അടയ്ക്കയാണെന്ന് കരുതി കൈയിലെടുത്ത വസ്തു സ്ഫോടക വസ്തു ആണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് യുവതി വ്യക്തമാക്കി.
മലയോര മേഖലകളിൽ വന്യജീവികളെ തുരത്താൻ പറമ്പുകളിൽ സ്ഫോടക വസ്തുക്കൾ വെയ്ക്കുന്നുവെന്ന ആക്ഷേപമുണ്ട്. അത്തരത്തിൽ അടയ്ക്കയോടൊപ്പം ചാക്കിൽ പെറുക്കിയെടുത്തതാവാം ഇതെന്നും സംശയിക്കുന്നു. കേന്ദ്ര ഇന്റലിജൻസ് വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: