“രാജ്യത്തെ 12.5 ദശലക്ഷത്തോളം പൗരന്മാർ വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുമ്പോൾ, 120 ദശലക്ഷം ഭാരതീയരാണ് ചെറുകിട വ്യാപാര മേഖലയിൽ വ്യാപൃതരായിട്ടുള്ളത്. രാജ്യത്തിൻറ്റെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിൽ ചെറുകിട വ്യാപാര മേഖലയിൽ നിന്നുള്ള സാധാരണക്കാരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും കഠിനാധ്വാനം ഉണ്ടായിട്ടും ഇത്രയും കാലയളവിൽ ഔദ്യോഗിക ബാങ്കിങ് മേഖലകളിൽ നിന്നുള്ള ഔപചാരിക ധനസഹായം അവർക്ക് അന്യമായിരുന്നു. അത്തരം അടിസ്ഥാന സാമ്പത്തിക ശൃംഖല കെട്ടിപ്പടുക്കുന്നതിനും ചെറുകിട വ്യാപാരമേഖലയെ ഉത്തേജിപ്പിക്കുന്നതുനുമായി ആവിഷ്കരിച്ചിട്ടുള്ള സർക്കാരിൻറ്റെ നയസമീപനമാണ് പ്രധാനമന്ത്രി മുദ്ര ബാങ്ക്”
2013 ലെ ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻറ്റെ (എൻഎസ്എസ്ഒ) കണക്കനുസരിച്ച് രാജ്യത്തെ 5.77 കോടി ചെറുകിട / മൈക്രോ യൂണിറ്റുകളിലായി ഏകദേശം 12 കോടി പൗരന്മാർ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നു, അത്തരം വ്യക്തിഗത എൻറ്റർപ്രൈസസുകളിൽ 60% യൂണിറ്റുകളും പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക വിഭാഗത്തിൽപെട്ട വ്യക്തികളുടെ ഉടമസ്ഥതയിലുമാണ്. ഔദ്യോഗിക ബാങ്കിങ് സംവിധാനത്തിന് പുറത്ത് പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ മിക്കതും അനൗപചാരിക സാമ്പത്തിക മേഖലകളിൽ നിന്ന് വായ്പയെടുക്കുവാനോ പരിമിതമായ സ്വന്തം ഫണ്ടുകൾ ഉപയോഗിക്കുവാനോ നിർബന്ധിതരാവുന്നു. അതിനാൽ രാജ്യത്തെ ചെറുകിട യൂണിറ്റുകൾ നേരിടുന്ന സാമ്പത്തിക പരിതഃസ്ഥിതികൾ കണക്കിലെടുത്ത് പിഎംഎംവൈയിലൂടെ ഒരു മൈക്രോ യൂണിറ്റ് ഡവലപ്മെൻറ്റ് റീഫിനാൻസ് ഏജൻസി(മുദ്ര-MUDRA) ബാങ്ക് സൃഷ്ടിക്കാൻ മോദി സർക്കാർ തീരുമാനിക്കുകയും അതിൻറ്റെ അടിസ്ഥാനത്തിൽ 2015-16 സാമ്പത്തിക വർഷത്തിൽ അന്നത്തെ ധനമന്ത്രിയായിരുന്ന ശ്രീ അരുൺ ജെയ്റ്റ്ലി കേന്ദ്ര ബജറ്റിൽ മുദ്ര ബാങ്ക് പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് 2015 ഏപ്രിൽ 08 ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുദ്ര യോജന ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
“സാമ്പത്തിക വികസനം ലഘുസംരംഭങ്ങളിലൂടെ” എന്നതാണ് പദ്ധതിയുടെ ആപ്തവാക്യം. കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട / മൈക്രോ സംരംഭങ്ങൾക്ക് 10 ലക്ഷം വരെ വായ്പ നൽകുന്നതിനായാണ് പിഎംഎംവൈ ആവിഷ്കരിച്ചിട്ടുള്ളത്. പൊതുമേഖല ബാങ്കുകൾ, സ്വകാര്യമേഖല- വാണിജ്യ ബാങ്കുകൾ, ആർആർബികൾ, സഹകരണ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, എംഎഫ്ഐകൾ, എൻബിഎഫ്സി- എം.എഫ്.ഐ എന്നിവരാണ് ഈ വായ്പകൾ നൽകുന്നത്.
മുദ്രാ ലോൺ മൂന്ന് വിധം
ലോൺ തുക – പരമാവധി ലോൺ തുക 10 ലക്ഷം രൂ.
ശിശു ലോൺ – 50000 രൂപ വരെ
കിഷോർ ലോൺ – 50000 രൂപ മുതൽ 5 ലക്ഷം രൂപ വരെ
തരുൺ ലോൺ – 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ് – ശിശു, കിഷോർ ലോണിന് ഇല്ല, തരുൺ ലോണിന് 0.5%
യോഗ്യതാ മാനദണ്ഡം – പുതിയതും നിലവിലുള്ളതുമായ യൂണിറ്റുകൾ
തിരിച്ചടവ് കാലയളവ് – 3 –5 വർഷം
റുപേ കാർഡും ക്രെഡിറ്റ് ഗ്യാരണ്ടിയും: ഈ പദ്ധതിയുടെ മുഖ്യ ആകർഷണം റുപേ കാർഡും (മുദ്ര കാർഡ്), ക്രെഡിറ്റ് ഗ്യാരണ്ടിയുമാണ്. കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ വേണം മുദ്ര വായ്പകൾ അനുവദിക്കുവാൻ എന്ന് പ്രത്യേകം വ്യവസ്ഥ ചെയ്തിരിക്കുന്നു. കൊളാറ്ററൽ സെക്യൂരിറ്റി നൽകാൻ ശേഷിയില്ലാത്ത സംരംഭകരെ ഒഴിവാക്കുക എന്ന പാരമ്പര്യ രീതിയാണ് ഇവിടെ പുനർവിചിന്തനത്തിന് വിധേയമാക്കിയിരിക്കുന്നത്. നൽകുന്ന വായ്പാതുക ചെറുതായതുകൊണ്ടും അപേക്ഷകരുടെ എണ്ണം കൂടുതൽ ആയതുകൊണ്ടും ബാങ്കുകൾക്ക് ഈ പദ്ധതി കൂടുതൽ സുരക്ഷിതത്വം നൽകുന്നു, ചെറിയ വായ്പകൾ കൂടുതൽ സംരംഭകരിലേക്ക് എത്തിക്കുന്നതുകൊണ്ട് അത്തരം റിസ്ക് ലഘൂകരിക്കുവാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് കഴിയുന്നു. വായ്പ അനുവദിക്കുന്നതിനനുസരിച്ച് വായ്പാക്കാരന് ലഭിക്കുന്ന, നിശ്ചയിക്കപ്പെട്ട മൂല്യം അടങ്ങുന്ന റുപേ കാർഡ്, ഓൺലൈൻ വഴി അസംസ്കൃത വസ്തുക്കളും, സാമഗ്രികളും വാങ്ങുന്നതിന് സൗകര്യം ഒരുക്കുന്നു. ഈ കാർഡ് പ്രധാനമന്ത്രിയുടെ ജൻധൻ യോജനയുമായി ബന്ധപ്പെടുത്തിയതാണ്. കൂടാതെ എ.ടി.എം. വഴി ക്രെഡിറ്റിൽ ഉള്ള തുക പിൻവലിക്കുകയും ചെയ്യാം. വളരെ പെട്ടെന്നുള്ള വായ്പകൾക്ക് ബാങ്ക് ശാഖകളിൽ പോലും പോകാതെ പെട്ടെന്നു തന്നെ പരിഹാരം കാണാനും കഴിയുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: