അമ്പലപ്പുഴ: തൊഴില്‍ ഉറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിച്ചത് വിവാദമാകുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡിലാണ് സംഭവം. ജോലി ചെയ്യണമെങ്കില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭീഷണിപ്പെടുത്തുകയും തൊഴില്‍ നിര്‍ത്തിവെയ്പിച്ച് പരിപാടിയില്‍ പങ്കെടുപ്പിക്കുകയുമായിരുന്നു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. അന്തരീക്ഷ താപനില ഉയര്‍ന്നതോടെ ഉച്ച സമയത്തെ ജോലി വൈകിട്ട് മൂന്നു മുതല്‍ ആറ് വരെയാക്കിയിരുന്നു. ഇത്തരത്തില്‍ ആറു മണി വരെ ജോലി ചെയ്യേണ്ട സ്ത്രീകളെയാണ് നാല് മണി വരെ ജോലി ചെയ്താല്‍ മതിയെന്നും ആവശ്യപ്പെട്ട് ജോലി നിര്‍ത്തിവെയ്പിച്ച് അമ്പലപ്പുഴ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിച്ചത്.
പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് മസ്‌ട്രോളില്‍ ഒപ്പിടുവാനും അവസരം നല്‍കി. എന്നാല്‍ തൊഴില്‍ ഉറപ്പു പദ്ധതികളുടെ പൂര്‍ണ്ണ നിയന്ത്രണം ബ്ലോക്ക് ഓഫീസര്‍ക്കാണന്നും സിപിഎമ്മുകാരുടെ നിയന്ത്രണത്തിലാണ് ബ്ലോക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ സമാനമായ സംഭവം ഉണ്ടായിട്ടും ഇതേ കുറിച്ച് അന്വഷിക്കുവാനോ നടപടി എടുക്കുവാനോ ബ്ലോക്ക് ഓഫീസര്‍ ഇന്നേ വരെ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: