തൊഴിലെടുക്കുന്നവന്റെ താളമുണ്ട് പൂങ്കുളം വാര്‍ഡിലെ പാറവിള കോളനിയുടെ അന്തരീക്ഷത്തിലാകെ. പ്രിയപ്പെട്ട രാജേട്ടനായി ഒരുക്കിയ ബാന്‍ഡ്മേളത്തില്‍ നാട് ലയിച്ചുചേര്‍ന്നു. ആരതിയുഴിഞ്ഞായിരുന്നു വരവേല്‍പ്പ്. ഐരയില്‍ ശീലാന്തിവിള വീട്ടില്‍ ശ്രീധരന്റെയും മകന് മനുവിന്റെയും ആതിഥ്യം സ്വീകരിച്ച് പ്രഭാത ഭക്ഷണം. കുമ്മനം രാജശേഖരന് എത്തുന്നതറിഞ്ഞ് ചുറ്റുവട്ടത്തുള്ളവരും കൂടി. എല്ലാവര്ക്കും രാജേട്ടനോട് പറയാന്‍ ഏറെയുണ്ട്.
എല്ലാ മുഖങ്ങളിലും സ്നേഹവും ആരാധനയും ആദരവും. പറഞ്ഞതിലേറെയും പരാതികള്‍. അവഗണനയുടെയും വിവേചനത്തിന്റെയും കഥകള്‍. സിപിഎം സ്വാധീന മേഖലയായിരുന്നു പാറവിള കോളനി. ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍ നേരിട്ട വിവേചനത്തിന്റെയും പകയുടെയും വേദനിപ്പിക്കുന്ന കഥകള്‍. ആനുകൂല്യങ്ങള്‍ പലതും നിഷേധിക്കപ്പെട്ടു. ഗ്രാമസഭയ്ക്ക് പോലും വിളിക്കാതെയായി. മുമ്പ് കോളനിയില്‍ നിന്ന് ബിജെപിക്ക് ലഭിച്ചിരുന്ന 20 വോട്ട് ഇപ്പോള്‍ 300 ആയി എന്നതാണ് കോളനിക്കാര്‍ ചെയ്ത തെറ്റ്. നഗരസഭയും സര്‍ക്കാരും പീഡിപ്പിക്കുന്നു. പരാതികള്‍ക്ക് കാതോര്‍ത്ത കുമ്മനം, ഇടപെടുമെന്ന് ഉറപ്പേകിയപ്പോള്‍ അവര്‍ക്ക് വിശ്വാസം. നാടിന് ആത്മവിശ്വാസം.
സമ്പര്ക്കത്തിനുമുണ്ട് ഒരു രാജേട്ടന് സ്റ്റൈല്‍. കാല്‍നടയായി ഓരോ കൂരയിലേക്കും. ബിജെപി ഏരിയ പ്രസിഡന്റ് രാജേഷിന്റെയും വൈസ് പ്രസിഡന്റ് രതീഷിന്റെയും ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി സരളാദേവി പൂങ്കുളത്തിന്റെയും നേതൃത്വത്തിലുള്ള സംഘം ഒപ്പം. ന്യൂനപക്ഷ സമുദായത്തിലുള്ളവര്‍ കൂട്ടമായി താമസിക്കുന്നയിടങ്ങളില്‍ വീടിനുള്ളില്‍ നിന്ന് ഇറങ്ങി വന്ന് അഭിവാദ്യം ചെയ്യുന്നവര്‍. തൊഴുകൈകളോടെ കുമ്മനം വീട്ടിലേക്ക് കയറുമ്പോള്‍ തലയില്‍ കൈവച്ച് അനുഗ്രഹിച്ചവര്‍…. കുമ്മനം ജയിക്കും, ജയിക്കുക തന്നെ ചെയ്യും. മനസ്സര്‍പ്പിച്ചുള്ള ആശംസകള്‍.
വെല്ലുവിളിയല്ല; വിജയത്തിലേക്കുള്ള രഥയാത്ര
”ആരെയും തോല്‍പ്പിക്കുമെന്ന് വെല്ലുവിളിക്കുന്നില്ല. പക്ഷേ ബിജെപിക്ക് ഇത് വിജയിക്കാനുള്ള മത്സരമാണ്. എല്‍ഡിഎഫും യുഡിഎഫും ബിജെപിയെ തോല്പിക്കുകയെന്ന ഒറ്റ അജണ്ടയിലാണ് മത്സരിക്കുന്നത്. അവര്‍ വര്‍ഗീയത പറയുന്നു. ബിജെപി വികസനം പറയുന്നു. നേമത്തെ ജനങ്ങള്‍ ബിജെപിക്കൊപ്പമാണ്…”
ആത്മവിശ്വാസം തുളുമ്പുന്നുണ്ട് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ വാക്കുകളില്‍. ഒ. രാജഗോപാല്‍ ജയിച്ച മണ്ഡലത്തില്‍ കുമ്മനം രാജശേഖരന് വെന്നിക്കൊടി പാറിക്കുമെന്ന ഉറപ്പ് ജനങ്ങള്‍ നല്കുന്നു. പ്രചാരണത്തിനെത്തുന്ന മേഖലകളിലെല്ലാം ആവേശകരമായ വരവേല്‍പ്പ് നല്കുന്ന ഉറപ്പാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: