തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ചൂടേറിയ ചര്‍ച്ചാവിഷയമായ ശബരിമല പ്രശ്നത്തിലെ നിലപാടിനെക്കുറിച്ച് ഇടതുമുന്നണി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രകടനപത്രികയില്‍ മൗനം.
ഇക്കാര്യത്തില്‍ സിപിഎം നേതാക്കള്‍ തന്നെ രണ്ട് തട്ടിലാണ്. ഈ ആശയക്കുഴപ്പവും കാപട്യവുമാണ് ഈ വിഷയം പ്രകടനപത്രികയില്‍ നിന്നും ഒഴിവാക്കാന്‍ കാരണമെന്നറിയുന്നു. സിപിഎം പൊളിറ്റ്ബ്യൂറോ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംശയത്തിനിടയില്ലാത്തവിധം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ശബരിമല പ്രശ്നത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്നാണ്. അതേ സമയം ദേവസ്വംമന്ത്രിയായ കടകംപള്ളി സുരേന്ദ്രന് കഴിഞ്ഞ ദിവസം ശബരിമലയിലെ ഇടതുമുന്നണി ഇടപെടലില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയും സുപ്രീംകോടതി വിധി വന്നശേഷം എല്ലാവരുമായി ചര്‍ച്ച നടത്തി തീരുമാനിക്കും എന്ന മയപ്പെടുത്തിയ നിലപാടാണ് പ്രഖ്യാപിച്ചത്. അതേ സമയം സിപിഎം നേതാവ് എംഎ ബേബി പറഞ്ഞത് ശബരിമല പ്രശ്നത്തിലെ സുപ്രീംകോടതി വിധി ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നാണ്. എന്തായാലും ഇടതുമുന്നണിയ്ക്കകത്ത് ഇക്കാര്യത്തില്‍ സമവായമില്ലാത്തതിനാലാകാം പ്രകടനപത്രികയിലെ ഈ മൗനം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതേ സമയം എല്ലാ മത വിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാനും ഒരു മതത്തിലും വിശ്വാസമില്ലാത്തവര്‍ക്കും സമാധാനത്തോടെ ജീവിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടതുമുന്നണി നേതൃത്വം നല്‍കുമെന്നും പറയുന്നുണ്ട്.
ഇതേക്കുറിച്ചുള്ള പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ മറുപടി. ശബരിമല വിഷയത്തിലെ നിലപാട് പ്രകടനപത്രികയില്‍ നിന്നും ഒഴിവാക്കിയത് ഇടതുമുന്നണി മതനിരപേക്ഷമുന്നണിയായതിനാലാണെന്ന് സിപി ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: