കൊല്‍ക്കത്ത: ബംഗാളിലെ പുരുലിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെയും കടുത്ത വിമര്‍ശനമാണ് റാലിയില്‍ അദ്ദേഹം നടത്തിയത്. മമതാ ബാനര്‍ജിയുടെ ടിഎംസിയുടെ പൂര്‍ണരൂപം ‘ട്രാന്‍സ്ഫര്‍ മൈ കമ്മിഷന്’ എന്നാണെന്ന് മോദി പരിഹസിച്ചു.
മമതയുടെ ‘ഖേലാ ഹോബെ'(കളി തുടങ്ങി) മുദ്രാവാക്യത്തെ വെല്ലുവിളിച്ച പ്രധാനമന്ത്രി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ജോലികളും വികസനവും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തു. ഇവിടെ വ്യവസായങ്ങള്‍ വളരാന്‍ ആദ്യം ഇടതു സര്‍ക്കാരും പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരും അനുവദിച്ചില്ലെന്ന് മോദി കുറ്റപ്പെടുത്തി. ജലസേചനത്തിനുവേണ്ടി ചെയ്യേണ്ടിയിരുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല.
ജലലഭ്യതയുടെ കുറവുമൂലം കന്നുകാലി വളര്‍ത്തലില്‍ നേരിടുന്ന പ്രശ്നങ്ങള്‍ തനിക്കറിയാം. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉപേക്ഷിച്ച് തൃണമൂല്‍ സര്‍ക്കാര്‍ ‘കളി’യുടെ തിരക്കിലായിരുന്നു. ഓരോ വര്‍ഷവും പിന്നിട്ടിട്ടും ഒരു പാലം പോലും പണിയാന്‍ ദീദിക്ക് കഴിഞ്ഞില്ലെന്നും ഇപ്പോള്‍ താങ്കള്‍ വ്യവസായത്തെക്കുറിച്ചും വികസനത്തെപ്പറ്റിയും സംസാരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: