വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം എന്നിവയില്‍ പുതിയൊരു കാഴ്ച്ചപ്പാടുണ്ടാക്കുകയാണ് രാഷ്ട്രീയത്തിലിറങ്ങിയതോടെ ലക്ഷ്യമിടുന്നതെന്ന് പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മെട്രോമാന് ഇ.ശ്രീധരന്.ജനിച്ചു വളര്‍ന്ന പാലക്കാട് തന്നെ മത്സരിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. 67 വര്‍ഷത്തോളം സാങ്കേതിക വൈദ്ഗധ്യം സര്‍ക്കാര്‍മേഖലയില്‍ വിനിയോഗിച്ച് രാജ്യത്തെ സേവിച്ചു. ഇനി എന്റെ അനുഭവസമ്പത്തും സാങ്കേതിക അറിവും സംസ്ഥാനത്തിന് വേണ്ടി ഉപയോഗപ്പെടുത്താനും സേവിക്കാനും ആണ് രാഷ്ട്രീയത്തിലിറങ്ങിയതും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും. ലക്ഷ്യം കേരളത്തിന്റെ വികസനം. സംസ്ഥാനത്ത് നടക്കുന്ന പല സംഭവങ്ങളും കാണുമ്പോള്‍ വേദന തോന്നുന്നു. തന്റെ തത്വങ്ങള്‍, സത്യസന്ധത എന്നിവ ജനങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്.പാലക്കാട് മണ്ഡലത്തിന്റെ വികസനം മാത്രമല്ല സംസ്ഥാനത്തിന് മാര്‍ഗ നിര്‍ദ്ദേശം നല്‍കുക എന്ന ഉദ്ദേശ്യവുമുണ്ട്.
രാഷ്ട്രീയത്തിലേക്ക് വരാന്‍ കാരണം
പ്രധാനമന്ത്രിയായി നരേന്ദ്രമോദി വന്നതോടെ രാജ്യത്തിന്റെ മുഖച്ഛായമാറി. അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടും പ്രവര്‍ത്തനങ്ങളുമാണ് ബിജെപിയിലേക്ക് അടുപ്പിച്ചത്. സാധാരണക്കാരുടെ ജീവിതം തന്നെ മാറ്റി മറിച്ചു. കേരളത്തിന് ഉള്‍പ്പെടെ നിരവധി പദ്ധതികളും ആനുകൂല്യവും നല്കി. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ അന്തസ് ഉയര്‍ത്തി. എംഎല്‍എയായി പലരെയും പോലെ ധനമോ, അന്തസോ, പണമോ സമ്പാദിക്കുകയല്ല ലക്ഷ്യം.
വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം എന്നീ ചതുര് മുദ്രാവാക്യം
വികസനം
വികസനം കൊണ്ടുവരികയെന്നതാണ തന്റെ സന്ദേശം. കൊങ്കണ്‍ റെയില്‍വേ, മെട്രോ എന്നിവപോലെ സംസ്ഥാനത്ത് പല പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കണം. പല പദ്ധതികളും തുടക്കത്തില്‍ തന്നെ ഇടത് സര്‍ക്കാര്‍ തുരങ്കം വയ്ക്കുകയാണ് ഉണ്ടായത്. ഇപ്പോള്‍ അവ നടപ്പിലാക്കണമെങ്കില്‍ ഇരട്ടി തുക വേണ്ടിവരും. വികസന പദ്ധതികള്‍ ഉണ്ടാക്കിയാല്‍ മാത്രം പോരാ, അത് പ്രാവര്‍ത്തികമാക്കുകയും വേണം.
അനുമതി ലഭിച്ച പദ്ധതികള്‍ നിര്‍ത്തിവയ്ക്കുകയാണ് ചെയ്തത്. റെയില്‍വേയുടെ പല നിര്‍മാണങ്ങളും ഇടതുസര്‍ക്കാര്‍ നടപ്പിലാക്കിയില്ല. വിഴിഞ്ഞം പദ്ധതി മുടക്കാനും തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കുന്നത് തടയാനും ശ്രമിച്ചു. മാത്രമല്ല തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം ഇല്ലാതാക്കാന്‍ ജനങ്ങളുടെ നികുതി പണം കൊണ്ട് സുപ്രീംകോടതിയില്‍ പോവുകയാണ് ചെയ്തത്.
പാലക്കാട് യാതൊരു വികസനവും ഉണ്ടായിട്ടില്ല. അതിന് സര്‍ക്കാര്‍ ഫണ്ട് മാത്രം മതിയാവില്ല. സിഎസ്ആര്‍ ഫണ്ട്,നിക്ഷേപം തുടങ്ങിയ കാര്യങ്ങളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഖരമാലിന്യസംസ്കരണ സംവിധാനം ഇല്ല, ഉന്നതപഠന സൗകര്യവും കുടിവെള്ള പ്രശ്നം പരിഹാരവും ഗതാഗതം ഉള്‍പ്പെടെ പലതും നടപ്പിലാക്കേണ്ടതുണ്ട്. അതിന് കൃത്യമായ പഠനം ആവശ്യമാണ്. സംസ്ഥാനത്തെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് പഠന റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സര്‍ക്കാര്‍ അത് തുറന്ന് നോക്കുക പോലും ചെയ്തിട്ടില്ല.
വ്യവസായം
കേരളത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി ഒരു വ്യവസായവും വന്നിട്ടില്ല. സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിനുള്ള ഒരു പരിശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. നിക്ഷേപ സൗഹൃദ സംസ്ഥാനമായാല്‍ തന്നെ വികസനം വരും. ഇത്തരത്തിലുള്ള വികസനം വന്നെങ്കില്‍ മാത്രമേ മലയാളികള്‍ക്ക് ജോലി ലഭ്യമാകുന്ന സാഹചര്യം ഉണ്ടാവൂ.
വിദ്യാഭ്യാസം
വിവിധ വകുപ്പുകളില്‍ നിരവധി മലയാളികള്‍ ഉന്നത ചുമതലകള്‍ വഹിച്ചിരുന്ന ഒരുകാലം ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ വിദ്യാഭ്യാസ നിലവാരം താഴ്ന്ന നിലയിലാണ്. വിദ്യാഭ്യാസ രീതിയും തകര്‍ച്ചയുടെ വക്കില്‍. കലാലയങ്ങള്‍ രാഷട്രീയ പ്രവര്‍ത്തന കേന്ദ്രങ്ങളായി മാറി. രാഷ്ട്രീയചായ്വുള്ളവരെ വൈസ്ചാന്സിലര് പോലുള്ള ഉന്നത പദവികളില്‍ നിയമിക്കുന്ന രീതിക്ക് മാറ്റം വരണം.
ഭരണ സംസ്കാരം
മുന്‍കാലങ്ങളിലെയും ഇപ്പോഴത്തേയും രാഷ്ട്രീയം തമ്മില്‍ വ്യത്യാസമുണ്ട്. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന പറയുമ്പോഴും ആ നിലയിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല. ഘടനാപരവും,ആധുനികവും, ഊര്‍ജ്ജസ്വലവുമായ ഭരണമാണ് സംസ്ഥാനത്ത് വേണ്ടത്. സംസ്ഥാനത്തെ ജനങ്ങള്‍ ഗത്യന്തരമില്ലാതെയാണ് ഇടതു-വലതു മുന്നണികളെ തെരഞ്ഞെടുക്കുന്നത്. ഇതുമൂലം അവര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ലാഭം ഉണ്ടായി എന്നതല്ലാതെ ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഉണ്ടായില്ല.
രാഷ്ട്രീയത്തില്‍ വന്നപ്പോഴുണ്ടായ മാറ്റം
ഔദ്യോഗിക ജീവിതത്തിലും രാഷ്ട്രീയത്തിലിറങ്ങിയപ്പോഴും തമ്മില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. പ്രവര്‍ത്തന രീതിയിലും മാറ്റമില്ല. ജനങ്ങള്‍ക്ക് വേണ്ടി സത്യസന്ധമായും ആത്മാര്‍ത്ഥതയോടെയും പ്രവര്‍ത്തിക്കുകയെന്നതാണ് ധര്‍മം. അത് എന്നും പാലിക്കുക തന്നെ ചെയ്യും. വികസന വിരുദ്ധ നിലപാടാണ് സംസ്ഥാനം സ്വീകരിക്കുന്നത്. പൊന്നാനിയിലെ ഒരുപാലം നിര്‍മാണവുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി ഉള്‍പ്പെടെ ആദ്യം അനുമതി നല്‍കിയെങ്കിലും താന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന് കേട്ടതോടെ സര്‍ക്കാര്‍ അനുമതി റദ്ദാക്കി.
സിഎഎ അനുകൂലിക്കുന്നുവോ?
രാജ്യസ്നേഹികളാണെങ്കില്‍ സിഎഎയെ പിന്തുണക്കണം. രാജ്യത്തിന്റെ ആവശ്യങ്ങളെ അംഗീകരിക്കണം. രാജ്യത്തെ സേവിക്കുകയെന്നതാണ് രാജ്യസ്നേഹം.
വിജയപ്രതീക്ഷ
പാലക്കാട് നിന്നും മത്സരിക്കുന്നതില്‍ ഏറെ അഭിമാനമുണ്ട്. ജനങ്ങള്‍ ജയിപ്പിക്കുമെന്ന ആത്മവിശ്വാസം ഉണ്ട്. പുതിയൊരു മാറ്റം അനിവാര്യമാണ്. 88-ാം വയസിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നതിന്റെ ലക്ഷ്യം തന്നെ വികസനവും മാറ്റവും കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: