ബെംഗളൂരു: മുസ്ലിം പള്ളികളിലും ദര്‍ഗകളിലും ബാങ്കുവിളിയ്ക്ക് രാത്രി 10 മുതല്‍ രാവിലെ 6 വരെ ലൗഡ് സ്പീക്കര്‍ ഉപയോഗം നിരോധിച്ചുകൊണ്ട് കര്‍ണ്ണാടക സ്റ്റേറ്റ് വഖഫ് ബോര്‍ഡ്. ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ പള്ളികളിലേക്കും അയച്ചു.
പ്രത്യേക പ്രാര്‍ത്ഥനാസമയങ്ങളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് നിരോധിച്ചത് ശബ്ദമലിനീകരണം തടയാനാണെന്നും വഖഫ് ബോര്‍ഡ് പറഞ്ഞു. ശബ്ദമലിനീകരണ (നിയന്ത്രണവും ക്രമപ്പെടുത്തലും) നിയമം, 2000 അനുസരിച്ചാണ് ഈ തീരുമാനമെന്നും വഖഫ് ബോര്‍ഡ് പറഞ്ഞു.
അതേ സമയം മരണം, ശവസംസ്കാരസമയം, ചന്ദ്രനെ കാണല്‍ എന്നിവ അറിയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മൈക്ക് ഉപയോഗം തടയുന്നതായി സര്‍ക്കുലറില്‍ ഇല്ല. പല മസ്ജിദുകളിലും ദര്‍ഗകളിലും ജനറേറ്റര്‍ സെറ്റുകളും ലൗഡ് സ്പീക്കറുകളും മൈക്കുകളും ഉപയോഗിച്ച് നടത്തുന്ന ശബ്ദമലിനീകരണം വര്‍ധിച്ചുവരുന്നത് ആരോഗ്യത്തിനും മാനസിക സ്വസ്ഥതയ്ക്കും ഹാനികരമാണെന്ന് മനസ്സിലാക്കുന്നതായും സര്‍ക്കുലറില്‍ പറയുന്നു. ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കോടതികള്‍ എന്നിവയ്ക്ക് 100 മീറ്റര്‍ ചുറ്റളവ് പ്രദേശം നിശ്ശബ്ദമേഖലയാണ്. ഈ നിശ്ശബ്ദമേഖലയില് ലൗഡ് സ്പീക്കറും, ശബ്ദമുണ്ടാക്കുന്ന പടക്കങ്ങളും, മൈക്കുകളും ഉപയോഗിക്കുന്നത് പ്രകൃതി (സംരക്ഷണ) നിയമം, 1986 പ്രകാരം പിഴചുമത്താവുന്ന കുറ്റമാണ്.
കര്‍ണ്ണാടക സ്റ്റേറ്റ് മലീനകരണ നിയന്ത്രണ ബോര്‍ഡ് നേരത്തെ വഖഫ് ബോര്‍ഡിന് മതസ്ഥാനപങ്ങളുള്ള ഇടങ്ങളിലും അതിന് ചുറ്റും ശബ്ദമലിനീകരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട നോട്ടീസ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: