ആശയക്കുഴപ്പങ്ങള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് തൃശൂര്‍ പൂരവും കൊടുങ്ങല്ലൂര്‍ ഭരണിയും പതിവ് പൊലിമയോടെ ആഘോഷിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയതില്‍ ഹിന്ദുസമൂഹത്തിന് പൊതുവെയും ഭക്തജനങ്ങള്‍ക്ക് പ്രത്യേകിച്ചും അഭിമാനിക്കാം. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ഈ രണ്ടു ഉത്സവങ്ങള്‍ക്കും പലവിധ വിലക്കുകള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായും ശക്തമായും പ്രതികരിച്ചതിന്റെ വിജയമാണിത്. കൊടുങ്ങല്ലൂരിലെ മീന ഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള പ്രാചീനാചാരങ്ങള്ക്ക് വിലക്കേര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. ഭക്തര്‍ക്കും വെളിച്ചപ്പാടുമാര്‍ക്കും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം വിലക്കുകയുണ്ടായി. ആചാരക്രമങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് ഭക്തര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് തികച്ചും ഏകപക്ഷീയമായി ഈ അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഭക്തി പ്രഹര്‍ഷത്തിന്റെ പ്രത്യക്ഷ രൂപമായ കോമരം തുള്ളലിനും വിലക്കേര്‍പ്പെടുത്തി. കൊടുംകാളിയൂരിന്റെ മണ്ണിലെ ഈ ഹിന്ദു നിന്ദക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധം കനത്തതോടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും, ആചാരക്രമങ്ങള്‍ അനുസരിച്ചും മീനഭരണിക്ക് അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു.
കേരളത്തിലെ ഏറ്റവും വലുതും ആകര്‍ഷകവുമായ സാംസ്കാരികോത്സവമായ തൃശൂര്‍ പൂരത്തിന് വിലക്കേര്‍പ്പെടുത്താന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ആസൂത്രിതമായ നീക്കമാണ് നടന്നത്. വടക്കുന്നാഥന്റെ സന്നിധിയില്‍ പുരുഷാരം മറ്റൊരു കടലായി ഇരമ്പുന്ന കാഴ്ച ചിലരെ അലോസരപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. ആനയെ എഴുന്നള്ളിക്കുന്നതിന്റെ പേരിലും, ഐതിഹ്യപ്പെരുമയുള്ള വെടിക്കെട്ടു നടത്തുന്നതിന്റെ പേരിലുമൊക്കെ മുറവിളി കൂട്ടുന്ന ഇക്കൂട്ടരുടെ ആത്യന്തിക ലക്ഷ്യം പൂരം മുടക്കുകയെന്നതാണ്. കുറഞ്ഞപക്ഷം അതിന്റെ പൊലിമ കെടുത്തുക. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൂരാഘോഷം മുടക്കാമെന്ന് തല്‍പ്പരകക്ഷികള്‍ കണക്കുകൂട്ടി. പൂരം നടത്തിപ്പിന് ആദ്യം അനുമതി നല്കിയ ജില്ലാ ഭരണകൂടം തീയതി അടുത്തു വന്നതോടെ മലക്കംമറിഞ്ഞ് തീരുമാനം സര്‍ക്കാരിന് വിടുകയായിരുന്നു. പൂരത്തിന്റെ അവിഭാജ്യഘടകമായ വെടിക്കെട്ടും, ലക്ഷക്കണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന എക്സിബിഷനും ഒഴിവാക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നത്. ഘടകപൂരങ്ങളുടെ കാര്യവും അനിശ്ചിതത്വത്തിലായി. ഇതിനെതിരെ പൂരപ്രേമികളും ഭക്തജനങ്ങളും ഹൈന്ദവ സംഘടനകളും ശക്തമായി പ്രതിഷേധിച്ചതോടെ അധികൃതര്‍ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ഹിന്ദുക്കളോട് കടുത്ത വിവേചനമാണ് സര്‍ക്കാര്‍ കാണിച്ചത്. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ചപ്പോള്‍ ക്ഷേത്രങ്ങള്‍ക്ക് ആ സ്വാതന്ത്ര്യം നല്‍കിയില്ല. ഉത്സവങ്ങള്‍ക്ക് നിരോധനം തുടര്‍ന്നതിനാല്‍ ക്ഷേത്രങ്ങളെ ഉപജീവിച്ചു മാത്രം കഴിയുന്ന ആയിരക്കണക്കിന് കലാകാരന്മാരും മറ്റു ജീവനക്കാരും അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമായി. ഇവരുടെ ആവലാതികള്‍ കേള്‍ക്കാന്‍ ദേവസ്വം ബോര്‍ഡുകളോ സര്‍ക്കാരോ തയ്യാറായില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും വിലക്കുണ്ടായിരുന്നില്ല. പാര്‍ട്ടി നേതാക്കളും മന്ത്രിമാരുമൊക്കെ അതില്‍ പങ്കെടുക്കുകയും ചെയ്തു. എന്നിട്ടാണ് ഭക്തജനങ്ങള്‍ ഒത്തുചേരുന്ന കൊടുങ്ങല്ലൂര്‍ ഭരണിക്കും തൃശൂര്‍ പൂരത്തിനും വിലക്കേര്‍പ്പെടുത്താനുള്ള ഗൂഢനീക്കങ്ങള്‍ നടന്നത്. എന്നാല്‍ ബിജെപിയെയും ഹിന്ദു ഐക്യവേദിയെയും പോലുള്ള സംഘടനകള്‍ സന്ധിയില്ലാത്ത സമരവുമായി രംഗത്തുവന്നപ്പോള്‍ അധികൃതര്‍ക്ക് കീഴടങ്ങേണ്ടി വന്നു. മുന്‍ വര്‍ഷങ്ങളിലേതുപോലെ എല്ലാ ചടങ്ങുകളോടെയും പൂരം നടത്താന്‍ അനുമതിയായി. ഇക്കാര്യത്തില്‍ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ കൈക്കൊണ്ട വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ പ്രശംസനീയവും മാതൃകാപരവുമാണ്. ഹിന്ദു സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചാല്‍ അവരുടെ അവകാശങ്ങള്‍ക്കുമേല്‍ കൈവയ്ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നാണ് കൊടുങ്ങല്ലൂര്‍ കാവിലെയും തൃശൂര്‍ പൂരത്തിലെയും വിജയങ്ങള്‍ നല്കുന്ന വിലപ്പെട്ട പാഠങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: