മുംബൈ: മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലയ്ക്ക് മുമ്പില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം എത്തിച്ച പദ്ധതിയില്‍ പങ്കാളിയായതിന് അറസ്റ്റിലായ സച്ചിന് വാസെ എന്ന പൊലീസ് ഉദ്യോഗസ്ഥനെ മാര്‍ച്ച് 25 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ചെറിയ ഒരു കണ്ണി മാത്രമാണ് സച്ചിന് വേസെയെന്നും പ്രധാന പ്രതികള്‍ ശിവസേന നേതാക്കളാണെന്നും സച്ചിന് വാസെ വെളിപ്പെടുത്തിയതായി വാര്‍ത്തകളുണ്ട്. ഇതോടെ മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.
നേരത്തെ വാസെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യം തേടിയുള്ള അപേക്ഷ താനെ കോടതി തള്ളി. കസ്റ്റഡിയില്‍ വെച്ചുള്ള ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും മാര്‍ച്ച് 25 വരെ കസ്റ്റഡിയില്‍ വെക്കാമെന്നും കോടതി എന്‍ ഐഎയ്ക്ക് അനുമതി നല്കി. കേസ് ഇപ്പോള്‍ രാഷ്ട്രീയ മാനങ്ങളോടെ പുതിയ ഗൗരവമായ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.
അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്കോര്‍പിയോ കാറിനെ പിന്തുടര്ന്നതായി സംശയിക്കുന്ന വെളുത്ത ഇന്നോവ കാര്‍ ഞായറാഴ്ച മുംബൈ പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുമ്പില്‍ നിന്നും കണ്ടെടുത്തു. സ്കോര്‍പിയോ കാറിന്റെ ഉടമ മന്‍സുഖ് ഹിരനും സച്ചിന് വാസെയും ബന്ധപ്പെട്ടതായി പറയുന്നു. പക്ഷെ അടുത്ത ദിവസങ്ങളില്‍ മന്‍സുഖ് ഹിരനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ ഹിരന്റെ ഭാര്യ തന്റെ ഭര്‍ത്താവിനെ കൊന്നത് സച്ചിന് വാസെയാണ് എന്ന ആരോപണവുമായി രംഗത്തെത്തി.
കാരണം ഒരിക്കല്‍ പൊലീസില്‍ നിന്നും രാജിവെച്ച സച്ചിന് വാസെ ശിവസേന പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് പൊലീസ് സേവനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്ന് പറഞ്ഞ് 16 വര്‍ഷം സസ്പെന്‍ഷനില്‍ കഴിയുകയായിരുന്ന സച്ചിന് വാസെയെ ശിവസേന തന്നെ വീണ്ടും സര്‍വ്വീസില്‍ തിരികെ എടുത്തു. നേരത്തെ ബോംബ് സ്ഫോടനത്തിലെ പ്രതിയെ കസ്റ്റഡിയില്‍ വെച്ച് കൊലപ്പെടുത്തി എന്ന കുറ്റത്തിന്റെ പേരിലാണ് സച്ചന് വാസെയെ സസ്പെന്റ് ചെയ്തത്. കടുത്ത ശിവസേന പക്ഷക്കാരനായതിനാല്‍ സച്ചിന് വാസെയ്ക്കെതിരെ ഹിരന്റെ ഭാര്യ കൊലക്കുറ്റം ആരോപിച്ചിട്ടും നടപടിയെടുക്കാന്‍ ഉദ്ദവ് താക്കറെ തയ്യാറായില്ല. എന്നാല്‍ ഒടുവില്‍ ശരത്പവാറിന്റെ നിര്‍ദേശമനുസരിച്ചാണ് സച്ചിന് വാസെയെ ക്രൈംബ്രാഞ്ചില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ ശിവസേന തയ്യാറായത്. പക്ഷെ മണിക്കൂറുകള്‍ക്കുള്ളില്‍ എന്‍ഐഎ സച്ചിന് വാസെയെ അറസ്റ്റ് ചെയ്തു.
ലോകത്തിലെ തന്നെ അതിസമ്പന്നനായ ഒരു വ്യവസായിയുടെ വീടിന് മുന്പില് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കൊണ്ടിടുക എന്ന ഗൗരവമായ കുറ്റമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നില്‍ ഭരണത്തിലിരിക്കുന്ന ശിവസേനയുടെ ഏതാനും നേതാക്കളും ചില പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടെന്നറിയുന്നു. രാഷ്ട്രീയ മാനങ്ങളുള്ള കേസിപ്പോള്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ്. അംബാനിയുടെ ആഡംബര വസതിയ്ക്ക് മുന്പില് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച വാഹനം കണ്ടെത്തിയ കേസ് ആദ്യം അന്വേഷിച്ചത് സച്ചിന് വാസെയായിരുന്നു. പിന്നീട് അത് ആന്റി ടെററിസ്റ്റ് സ്ക്വാഡിനും എന്‍ ഐഎയ്ക്കും കൈമാറി.
ശിവസേന നേതാവ് ധനഞ്ജയ്ഗൗഡയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് പഴയ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായിരുന്ന, ഇപ്പോള്‍ ക്രൈംബ്രാഞ്ചില്‍ ഉദ്യോഗസ്ഥനായ സച്ചിന് വാസെ. കൊല്ലപ്പെട്ട മന്‍സുഖ് ഹിരന്റെ മൊബൈല്‍ ഏറ്റവുമൊടുവില്‍ കാണിച്ച ലൊക്കേഷന്‍ ശിവസേന നേതാവ് ധനഞ്ജയ് ഗൗഡയുടെ ഓഫീസിന് സമീപം എന്നായിരുന്നുവെന്നും പറയുന്നു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് മഹാരാഷ്ട്രസര്‍ക്കാരും മന്‍സുഖ് ഹിരന്റെ കൊലപാതകവും തമ്മിലുള്ള ബന്ധമാണ്.
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് സച്ചിന് വാസെയ്ക്കെതിരായ ആരോപണം കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉന്നയിച്ചതോടെ മന്‍സുഖ് ഹിരന്റെ മരണം മാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചയായി മാറിയിരുന്നു. ഇതേ തുടര്‍ന്നാണ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് തന്നെ സച്ചിന് വേസിനെ ക്രൈംബ്രാഞ്ചില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചത്.
ടൈംസ് നൗ റിപ്പോര്‍ട്ടനുസരിച്ച് മന്‍സുഖ് ഹിരന്‍ മരിയ്ക്കുന്നതിന് മുന്‍പ് യാത്ര ചെയ്തിരുന്ന ഒലയുടെ കാര്‍ ഡ്രൈവര്‍ പറഞ്ഞത് മന്‍സുഖ് ആദ്യം വിക്രോളിയില്‍ നിന്നും ക്രോഫോര്‍ഡ് മാര്‍ക്കറ്റിലേക്ക് പോകാനാണ് കാബ് വിളിച്ചതെന്നാണ്. എന്നാല്‍ അവസാനനിമിഷം തീരുമാനം മാറ്റുകയും സൗത്ത് മുംബൈയിലെ ഒരു പ്രമുഖ ഹോട്ടലിലേക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്തു. ആരെയാണ് ഹിരെന്‍ ഹോട്ടലില്‍ കണ്ടത് എന്നത് ചോദ്യമായി അവശേഷിക്കുന്നു. മുംബൈയിലും താനെയിലും കേസുമായി ബന്ധപ്പെട്ട് എന്‍ ഐഎ പലയിടത്തും റെയ്ഡ് നടത്തിക്കഴിഞ്ഞു.
ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച സ്കോര്‍പിയോ കാറിനെ പിന്തുടര്ന്നിരുന്ന വെളുത്ത ഇന്നോവ കാര്‍ എന്‍ ഐഎയുടെ അന്വേഷണത്തിലാണ് മുംബൈ പൊലീസ് കമ്മീഷണറുടെ ഓഫീസ് കോമ്പൗണ്ടില്‍ നിന്നും കണ്ടെടുത്തത്. ഈ ഇന്നോവാ കാറില്‍ രക്ഷപ്പെട്ട രണ്ട് പേരെ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. പിപിഇ കിറ്റ് ധരിച്ച് അംബാനിയുടെ വീടിന് പുറത്ത് സിസിടിവി ദൃശ്യത്തില്‍ കാണപ്പെട്ട അഞ്ജാതനെയും തിരയുന്നുണ്ട്.
എന്തായാലും കേസുമായി ബന്ധപ്പെട്ട ഒരു പ്രധാന കണ്ണി വലയിലായിക്കഴിഞ്ഞു. അംബാനിയുടെ വീട്ടിലെ ബോംബ് ഭീഷണിയും സച്ചിന് വാസെയുടെ അറസ്റ്റും ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വലിയ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. കേസ് കൈകാര്യം ചെയ്യുന്നതിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ്.
മുകേഷ് അംബാനിയുടെ വീടിന് മുന്പില് നിന്നും കണ്ടെത്തിയ എസ് യുവി ഒരു വര്‍ഷമായി മന്‍സുഖ് ഹിരന്‍ ഉപയോഗിച്ചിരുന്നില്ല. ഈ കാര്‍ കഴിഞ്ഞ ദിവസം വില്ക്കാന് വേണ്ടിയാണ് പുറത്തെടുത്തതെന്നും പോകുന്നവഴിയില്‍ കാര്‍ ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് മുലുന്ദ് എയ്റോളി ലിങ്ക് റോഡില്‍ പാര്‍ക്ക് ചെയ്തുവെന്നും ഹിരന്‍ പൊലീസ് സ്റ്റേഷനില്‍ എഴുതിക്കൊടുത്ത പരാതിയില്‍ പറയുന്നു. പിറ്റേ ദിവസം ഈ വാഹനം അപ്രത്യക്ഷമായി. ഈ കാര്‍ ഫിബ്രവരി 18ന് ആരോ മോഷ്ടിച്ചു. ഇതിലാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച് മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ കാര്‍ അക്രമികള്‍ കൊണ്ട് ഇട്ടത്. എന്നാല്‍ ശിവ്സേന നേതാവ് ധനഞ്ജയ് ഗൗഡയുടെ ഓഫീസ് പരിസരത്താണ് മന്‍സുഖ് ഹിരന്റെ മൊബൈല്‍ ലൊക്കേഷന്‍ അവസാനം ഉണ്ടായിരുന്നതെന്നത് ശിവസേന നേതാക്കളുടെ കേസുമായുള്ള ബന്ധമാണ് തെളിയിക്കുന്നതെന്നും ഫഡ്നാവിസ് ആരോപിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥന് സച്ചിന് വാസെയും ധനഞ്ജയ് ഗൗഡയും സുഹൃത്തുക്കളാണെന്നും 2017ലെ ബലംപ്രയോഗിച്ച് സ്വത്ത് തട്ടിയ കേസില്‍ ഇരുവരും കൂട്ടുപ്രതികളാണെന്നും ഫഡ്നാവിസ് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: