എസ്.ബി. പണിക്കര്‍
ആശാപാശശതൈര് ബദ്ധാ
കാമക്രോധപരായണാ
ഈഹന്തേ കാമഭോഗാര്ഥം
അന്യായേനാര്ഥസഞ്ചയാന്
നൂറുനൂറ് ആഗ്രഹങ്ങളാകുന്ന പാശങ്ങളാല്‍ ബന്ധിതരാണ് മനുഷ്യര്‍. പൊതുവേ കാമക്രോധലോഭമോഹമദമാത്സര്യങ്ങളാകുന്ന അഷ്ടകഷ്ടങ്ങളില് മുങ്ങിയിരിക്കുകയല്ലേ നാം? ന്യായ മാര്‍ഗം വിട്ട് അന്യായമാര്ഗങ്ങളില് കൂടിയും ധനം സമ്പാദിക്കാന്‍ കൊതിക്കുന്നു എന്ന് ഭഗവദ്ഗീത നമ്മെ ആക്ഷേപിക്കുന്നു. മനുഷ്യനെ നിയന്ത്രിക്കുന്നത് ഏഷണാത്രയങ്ങളാണെന്നും വിമര്‍ശനമുണ്ട് (പുത്രേഷണ, വിത്തേഷണ, ദാരേഷണ എന്നിവ).
ഒരു പറ്റം പേര് മരണം വരെ നീളുന്ന എണ്ണമറ്റ ചിന്തകളില്‍ മുഴുകി ലൗകികമായ ആഗ്രഹങ്ങളില്‍ പെട്ട്, ജീവിതത്തില്‍ മറ്റൊന്നും നേടാനില്ല എന്നു കരുതി ദിവസങ്ങള്‍ തള്ളി നീക്കുന്നു. പൂന്താനം ഇത്തരക്കാരെ കഠിനമായി വിമര്‍ശിക്കുന്നുണ്ട്. ‘പത്തുകിട്ടുകില്‍ നൂറു മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും ആയിരം പണം കിട്ടുകിലോ പതിനായിരമാകിലാശ്ചര്യമെന്നതും…’ അങ്ങനെ ആശയാകുന്ന പാശത്തില്‍ മുറുകെ പിടിച്ച് മുകളിലേക്ക് മുകളിലേക്ക് കയറുന്നു. സത്തുക്കള്‍ ചെന്നിരന്നാല് പോലും ഇവര്‍ ഒട്ടും കൊടുക്കുകയില്ല. ഈ ‘പാവങ്ങള്‍’ ഓര്‍ക്കാപ്പുറത്ത് ചത്തുപോകുന്നു. ഇവര്‍ക്ക് ഉടുവസ്ത്രം പോലും കൊണ്ടുപോകാന്‍ പറ്റുന്നുണ്ടോ? ഓഷോ പറയുന്നു: ആളുകള്‍ക്ക് സത്യത്തെക്കുറിച്ച് അറിയാന്‍ താത്പര്യമില്ല. ചിന്തിക്കുന്നത് ധനത്തെക്കുറിച്ച് മാത്രമാണ്. ശ്രദ്ധവയ്ക്കുന്നത് അധികാരത്തിലാണ്. പ്രശസ്തിയെക്കുറിച്ചാണ്. സ്വബോധമുള്ളവരായിരിക്കാന് ആഗ്രഹിക്കുന്നില്ല. അവര്‍ ചിത്തഭ്രമത്തില്‍ അത്രമാത്രം നിക്ഷേപിച്ചു കഴിഞ്ഞിട്ടുണ്ട്. ഓരോരുത്തരും അവനവന്റെ ചിത്തഭ്രമത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു.
രാജകുമാരനും രാജകുമാരിയും വിവാഹിതരായി. ഒന്നിനും മുട്ടില്ല. ജീവിതം ഏറെ സന്തോഷപ്രദം. വരും കാലത്തും പൂര്‍ണസംതൃപ്തി നിലനല്‍ക്കണം. അവര്‍ ഒരു ജ്ഞാനിയെക്കണ്ടു. ഇരുവരും ലോകസഞ്ചാരം ചെയ്യാനായിരുന്നു ജ്ഞാനി ഉപദേശിച്ചത്. അവര്‍ അനേകം കുടുംബങ്ങളെക്കണ്ടു. ആശയവിനിമയം നടത്തി. അവരാരും പൂര്‍ണസംതൃപ്തരല്ല ജീവിതത്തില്‍. ഒരു കുറവും ഇല്ലെന്നു വിചാരിച്ചവരായിരുന്നു ഏറ്റവും അസംതൃപ്തര്‍ .
പിന്നെ ചെയ്യാനുള്ളതെന്ത്? പരിഹാരമാര്‍ഗം ഒന്നേയുള്ളൂ എന്ന് അവര്‍ വിലയിരുത്തി. ഉള്ളതു കൊണ്ട് തൃപ്തരായി കഴിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: