കൊല്‍ക്കൊത്ത: ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വെള്ളിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
ഇക്കഴിഞ്ഞ ഡിസംബറിലാണ് മമതയുടെ വലംകൈയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ നെടുംതൂണുമായ സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നത്. നന്ദിഗ്രാമില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ മമത ബാനര്‍ജിയ്ക്കെതിരെയാണ് സുവേന്ദു അധികാരിയുടെ പോരാട്ടം.
ഇന്ത്യയില്‍ എല്ലാവരും ഉറ്റുനോക്കുന്ന ഒരു മത്സരമായി ഇത് മാറും. പത്ത് വര്‍ഷം മുമ്പ് നന്ദിഗ്രാമിലും സിംഗൂരിലും ജനകീയ സമരം നയിച്ചുകൊണ്ടാണ് തൃണമൂല്‍ ബംഗാളില്‍ 34 വര്‍ഷത്തെ തുടര്‍ച്ചയായ സിപിഎം ഭരണം തൂത്തെറിഞ്ഞ് അധികാരത്തിലെത്തിയത്. അന്ന് തൃണമൂലിന്റെ നെടുംതൂണായി മമതയ്ക്ക് അരികെ ഉണ്ടായിരുന്ന യുവനേതാവാണ് സുവേന്ദു അധികാരി. എന്നാല്‍ തന്റെ പിന്‍ഗാമിയായി മരുമകന് അഭിഷേക് ബാനര്‍ജിയെ വളര്‍ത്താന്‍ മമത ശ്രമം തുടങ്ങിയതോടെയാണ് സുവേന്ദു തെറ്റിയത്.
ഇക്കുറി ശിഷ്യനും ഗുരുവും തമ്മില്‍ തീപാറുന്ന പോരാട്ടത്തിന് നന്ദിഗ്രാം സാക്ഷ്യം വഹിക്കും. 2016ല്‍ സുവേന്ദു അധികാരി 81,230 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തൊട്ടടുത്ത എതിരാളിയായ സിപിഐ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്.
ഇക്കുറി ധൈര്യമുണ്ടെങ്കില്‍ നന്ദിഗ്രാമില്‍ മത്സരിക്കൂ എന്ന് മമതയെ വെല്ലുവിളിച്ചത് സുവേന്ദു അധികാരിയാണ്. തികച്ചും അപ്രതീക്ഷിതമായി മമത ആ വെല്ലുവിളി ഏറ്റെടുത്തു. മമത നന്ദിഗ്രാമില്‍ മത്സരിച്ചാല്‍ 50,000 വോട്ടുകള്‍ക്കെങ്കിലും തോല്പിക്കുമെന്നും അല്ലെങ്കില്‍ തല മുണ്ഡനം ചെയ്യുമെന്നുമാണ് സുവേന്ദുവിന്റെ വെല്ലുവിളി.
മമത ബുധനാഴ്ച തന്നെ ഇവിടെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: