പെരിയ (കാസര്‍കോട്): പൂക്കളില്‍ തേന്‍നുകരാനെത്തുന്ന ഉറുമ്പുകള്‍ പരാഗണക്കുറവിന് കാരണമാകുന്നതായി പഠന റിപ്പോര്‍ട്ട്. കേരള കേന്ദ്ര സര്‍വകലാശാല സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.പി.എ. സിനുവിന്റെ നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തോളം കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പച്ചക്കറിത്തോട്ടങ്ങളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
ഉറുമ്പുകള്‍ കാരണമുള്ള പരാഗണക്കുറവ് കൂടുതലായി കാണുന്നത് മത്തനിലാണെന്ന് ഡോ. സിനു പറയുന്നു. മത്തനില്‍ ആണ്-പെണ് പൂക്കള്‍ വെവ്വേറെ തണ്ടുകളിലാണ് ഉണ്ടാകുക. രണ്ടു തരം പൂക്കളിലും മാറി മാറി പറക്കുന്ന തേനീച്ചകളാണ് പരാഗണം നടത്തുക. രണ്ടിലും തേന്‍ ഉണ്ടാകുമെങ്കിലും ആണ് പൂക്കളില്‍ പരാഗം മാത്രമേ പരാഗവാഹകര്‍ക്ക് ആഹാരമായി ലഭിക്കു. പൂക്കളില്‍ സ്വതവേ ഉറുമ്പുകള്‍ വരുക കുറവാണെന്നാണ് പൊതുവെയുള്ള വിലയിരുത്തലെങ്കിലും, മത്തന്റെ പൂക്കളില്‍ പത്തോളം തരത്തിലുള്ള ഉറുമ്പുകള്‍ തേന്‍ നുകരാനെത്തും. ഒന്ന് മുതല്‍ നൂറിലധികം ഉറുമ്പുകള്‍ വരെ ഒരേ സമയത്ത് പൂക്കളില്‍ കാണാം.
നാടന്‍ ഉറുമ്പുകള്‍ ഒന്ന് മുതല്‍ പത്ത് വരെ ഒരു പൂവില്‍ കാണുമ്പോള്‍, കടന്നാക്രമം നടത്തുന്ന ഇന്‍വസിവ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഭ്രാന്തന് ഉറുമ്പുകള്‍ (yello crazy ant, black crazy ant) നൂറിലധികം ഒരു പൂവില്‍ കാണപ്പെടുന്നു. പഠന സംഘത്തിലുണ്ടായിരുന്ന അഞ്ജന ഉണ്ണി, പ്രശാന്ത് ബല്ലൂല്ലായ, സജാദ് മിര്‍, ടി.പി. രാജേഷ്, തോമസ് ജോസ് എന്നിവര്‍ ഉറുമ്പുകള്‍ ഉള്ളതും ഇല്ലാത്തതുമായ ആണ്, പെണ് പൂക്കളില്‍ തേനീച്ചകളുടെ സ്വഭാവം നിരീക്ഷിച്ചു. അതില്‍ നാടന്‍, മറുനാടന്‍ വേര്‍തിരിവില്ലാതെ ഉറുമ്പുകളുള്ള പൂക്കള്‍ തേനീച്ചകള്‍ സന്ദര്‍ശിക്കാന്‍ കഴിയാതെ പോകുന്നതായി കണ്ടെത്തി.
പല സസ്യങ്ങളിലും ഉറുമ്പ് ഒരു പരാഗണ വാഹക ആകാമെങ്കിലും മത്തനുള്‍പ്പെടെയുള്ള കുക്കുര്‍ബിറ്റേസിയ (cucurbitaceae) ഗണത്തില്‍ ഉള്‍പ്പെടുന്ന ചെടികളില്‍ ഇത് അസാധ്യമാണെന്ന് ഡോ. സിനു ചൂണ്ടിക്കാട്ടുന്നു. ഉറുമ്പുകളെ തോട്ടത്തില്‍ നിന്ന് അകറ്റുകയെന്നതാണ് പ്രധാന പരിഹാരം. വേപ്പിന് പിണ്ണാക്ക് തടങ്ങളില്‍ ഇട്ടാല്‍ ഒരു പരിധി വരെ ഉറുമ്പുശല്യത്തെ അകറ്റാം. തടങ്ങളില്‍ ബയോ വേസ്റ്റ് ഇടുന്നത് ഒഴിവാക്കിയും ഉറുമ്പുകളെ തടയാം. എന്നാല്‍ ഉറുമ്പുപൊടി ഇടുന്നത് ഒഴിവാക്കുന്നതാണ് അനുയോജ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഠനം നേച്ചര്‍ ഗ്രൂപ്പിന്റെ സയന്റിഫിക് റിപ്പോര്‍ട്സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ക്ക് www.ecologylabs.org.
പ്രതികരിക്കാൻ ഇവിടെ എഴുതുക: