ചാത്തന്നൂര്‍: പൊളിച്ചു മാറ്റുമെന്ന് ബോധ്യമുണ്ടായിട്ടും സ്കൂളിന് വേണ്ടിയെന്ന പേരില്‍ ഗേറ്റ് നിര്‍മാണം. ഫണ്ട് തട്ടാനുള്ള നീക്കമെന്ന് നാട്ടുകാര്‍. കല്ലുവാതുക്കല്‍ പഞ്ചായത്ത് ഗവ.ഹൈസ്കൂളിലാണ് സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ പേരില്‍ ജി.എസ്. ജയലാല്‍ എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് ഈ തട്ടിപ്പ് അരങ്ങേറുന്നത്. ഇവിടെ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ നിന്നും പൊളിച്ചുമാറ്റുമെന്ന് ഉറപ്പുണ്ടായിട്ടും ഗേറ്റ് പണിയുകയാണ്.
കല്ലുവാതുക്കല്‍ ജംഗ്ഷന് സമീപം ദേശീയപാതയോരത്തുള്ള സ്കൂളാണിത്. ദേശീയപാത നാലുവരിയാക്കുമ്പോള്‍ സ്കൂളിന്റെ മതിലും കടന്ന് അഞ്ചുമീറ്ററോളം വീതിയില്‍ കളിസ്ഥലവും വിട്ടുകൊടുക്കേണ്ടി വരും. ഇതിനായി അളന്നുതിരിച്ച് കല്ലിട്ട് കഴിഞ്ഞു. ഇപ്പോള്‍ ഭൂമി ദേശീയപാത അതോറിറ്റിയുടെ കൈവശമാണ്. അതിനാല്‍തന്നെ ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പോലും നടത്താനാകില്ല. ഇതൊന്നും മാനിക്കാതെയാണ് 50 ലക്ഷം രൂപയുടെ വികസനത്തിന്റെ മറവില്‍ ദേശീയപാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്ത് ഗേറ്റ് നിര്‍മിക്കുന്നത്.
ദേശീയപാതയ്ക്കായി ഏറ്റെടുത്ത സ്ഥലം ഒഴിവാക്കി സ്കൂളിന്റെ അതിര്‍ത്തി നിര്‍ണയിച്ചു മതിലും ഗേറ്റും സ്ഥാപിച്ചിരുന്നെങ്കില് ഇപ്പോള്‍ ചെയ്യുന്ന നിര്‍മ്മാണ ജോലികള്‍ സ്കൂളിന് മുതല്‍ക്കൂട്ടായേനെ. ഇപ്പോള്‍ നിര്‍മാണം നടക്കുന്നത് ദേശീയപാതയ്ക്കായി അളന്നു തിരിച്ച സ്ഥലത്തായതിനാല്‍ നിര്‍മാണം കാരണം സാമ്പത്തികനഷ്ടം ഉണ്ടാകുക മാത്രമല്ല ദേശീയപാത കയ്യേറ്റം അടക്കമുള്ള കുറ്റകൃത്യം കൂടിയാണ് അധികൃതര്‍ ചെയ്യുന്നത്. ലക്ഷകണക്കിന് രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: