പത്തനംതിട്ട: ദേവസ്വംമന്ത്രിയുടെ ഖേദപ്രകടനം തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ചെപ്പടിവിദ്യമാത്രമാണ് എന്ന് പന്തളം കൊട്ടാരംനിര്വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാരവര്‍മ്മ. ജനങ്ങളെ നേരിടാന്‍ മടിയും വിഷമവും നേരിടുന്ന ഈ ഘട്ടത്തില്‍ ഭക്തജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ശ്രദ്ധതിരിക്കാനായി സര്‍ക്കാരിന് ദു:ഖം ഉണ്ട് എന്ന് പറയുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. വാസ്തവത്തില്‍ ഈ ഖേദം രേഖപ്പെടുത്തേണ്ടത് ദേവസ്വം മന്ത്രിയല്ല, മറിച്ച് ആഭ്യന്തരവകുപ്പിന്റെകൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിന് മുമ്പ് മന്ത്രിസഭായോഗത്തില്‍ അംഗീകരിച്ച ഉത്തരവ് പ്രകാരം പതിനായിരക്കണക്കിന് അയ്യപ്പവിശ്വാസികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കപ്പെടേണ്ടതാണ്. എന്നാല്‍ അയ്യപ്പഭക്തര്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകളാണ് ചുമത്തിയിരിക്കുന്നത്, എന്നതിനാല്‍ ഇവയിലൊന്നും പിന്‍വലിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. ഖേദം ആത്മാര്‍ത്ഥമാണെങ്കില്‍ ഇനി ഒരിക്കലും ക്ഷേത്രആചാരലംഘനം നടത്തുകയില്ല എന്നും മുമ്പ് കൊട്ടാരം ആവശ്യപ്പെട്ട പ്രകാരം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം പുതുക്കി നല്‍കുമെന്നും ഇടതുപക്ഷമുന്നണി പരസ്യമായി പ്രഖ്യാപിക്കണം. അല്ലാത്തപക്ഷം ഭക്തര്‍ ഇതിനെ പുച്ഛിച്ചു തള്ളുകയേ ഉള്ളൂ എന്നും പന്തളം കൊട്ടാരം നിര്‍വ്വാഹകസംഘം പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: