സ്വാമി സുധീര്‍ ചൈതന്യ
സീതാദേവിയുടെ അടുത്ത് ഏറ്റവും സൗമ്യനായാണ് ഹനുമാന് എത്തുന്നത്. അമ്മയില്‍ പേടിയുമുണ്ട്. രാവണ ചാരനാണോ എന്ന സംശയം ജനിപ്പിക്കാതെ വളരെ ഭംഗിയായി രാമന്റെ വിവരങ്ങള്‍ സീതയെ ധരിപ്പിച്ച് കര്‍ത്തവ്യം പൂര്‍ത്തിയാക്കി. ശ്രീരാമന് ഉടന്‍ തന്നെ രക്ഷിക്കാനെത്തുമെന്ന പ്രതീക്ഷ ഹനുമാന് സീതാദേവിക്ക് നല്‍കുകയും ചെയ്തു.
വനവാസം കഴിഞ്ഞ് കൃത്യദിവസം ഭഗവാന് തിരിച്ചെത്തിയില്ലെങ്കില്‍ ജീവത്യാഗം ചെയ്യുമെന്ന ഭരതന്റെ പ്രതിജ്ഞയോര്‍ത്ത്, ശ്രീരാമന് തിരികെയെത്തിക്കൊണ്ടിരിക്കുന്നു എന്ന വിവരം അറിയിക്കാന്‍ ഭഗവാന് അയച്ചതും ഹനുമാനെയാണ്.
ഇതിലെല്ലാം ഉപരിയായി നമുക്കോരോരുത്തര്‍ക്കും ശ്രീരാമന്റെ മഹത്തായ സന്ദേശങ്ങള്‍ നല്കുന്ന ദൂതനായി ഹനുമാന് എപ്പോഴുമുണ്ട്.
രാമദൂതന് എന്ന പേര് പ്രധാനമായും സമര്‍പ്പണം, കാര്യക്ഷമത എന്നീ രണ്ട് ഗുണങ്ങളിലേക്കാണ് നമ്മുടെ ചിന്തയെ നയിക്കുന്നത്.
ഞാന്‍ ഭഗവാന്റെ കൈയിലെ ഉപകരണം മാത്രമാണെന്ന സമര്‍പ്പണ ഭാവമാണ് ദൂതന് നല്കുന്ന സൂചന. ഹനുമാന് എല്ലായ്പ്പോഴും അങ്ങനെയായിരുന്നു. ഭഗവാന് എന്നിലൂടെ കര്‍മം ചെയ്യുന്നു, ഭഗവാന് വേണ്ടിയാണ് ഞാന്‍ കര്‍മം ചെയ്യുന്നത് എന്ന ഭാവം നമ്മിലുണ്ടാകുമ്പോള്‍ അത് ഏറ്റവും മികച്ച കര്‍മങ്ങള്‍ ചെയ്യാന്‍ നമുക്ക് പ്രാപ്തി നല്കുന്നു. അഹങ്കാരഭാവമാകട്ടെ മികച്ച കര്‍മങ്ങള്‍ ചെയ്യാന്‍ നമ്മളില്‍ തടസ്സമായി മാറും.
ഏല്‍പ്പിക്കുന്ന ജോലി ഹനുമാന് ഭംഗിയായി അഥവാ കാര്യക്ഷമമായി ചെയ്യുമെന്ന് ശ്രീരാമന് വിശ്വാസമുള്ളതിനാലാണ് ജോലികളെല്ലാം ഹനുമാനെ ഏല്‍പ്പിച്ചത്. കാര്യക്ഷമതയോടെ ചെയ്യുമെന്ന വിശ്വാസം മാത്രമല്ല, അത് താന്‍ സ്വയം എങ്ങനെ ചെയ്യുന്നുവോ അതുപോലെ ഹനുമാനും നിര്‍വഹിക്കുമെന്ന് ഭഗവാന് ഉറപ്പുണ്ടായിരുന്നു. അതിനാലാണ് ഭരതന്റെ അടുത്തേക്ക് ദൂതിനായി അയയ്ക്കുമ്പോള്‍ ഭഗവാന് ഹനുമാനോട് ഇങ്ങനെ പറഞ്ഞത്: ‘ഞാന്‍ വരുന്നു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഭരതന്റെ മുഖഭാവം ശ്രദ്ധിക്കണം. ചെറിയൊര നീരസം പോലും ഭരതന്റെ മുഖത്തുണ്ടായാല്‍ എന്നെ അറിയിക്കണം.’ 14 വര്‍ഷം ഭരിച്ച രാജ്യം തിരിച്ചേല്പ്പിക്കണമല്ലോ എന്ന നീരസം ഭരതനില്‍ ഉണ്ടാകുമോ, എന്നായിരുന്നു ഭഗവാന്റെ ആശങ്ക.
അതുലിതബലധാമ:
ഹനുമാന്റെ ബലത്തെ സൂചിപ്പിക്കുന്ന നാമാണിത്. അളവറ്റ ശക്തിക്ക് ഹനുമാന് ഇരിപ്പിടമാകുന്നു എന്നത് പ്രത്യേകം ഉദാഹരിക്കേണ്ടതില്ല. ബലം എന്നു ചിന്തിക്കുമ്പോള്‍ തന്നെ ഏവരുടെയും മനസ്സില്‍ മൃതസഞ്ജീവനി കൊണ്ടു വരുന്ന ഹനുമാന്റെ രൂപം തെളിയും. സൂര്യനെ പിടിക്കാനായി ചാടിയതും സമുദ്രം ചാടിക്കടന്നതുമുള്പ്പെടെ ധാരാളം കഥകള്‍ ഹനുമാന്റെ ശക്തിയെ ദ്യോതിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: