ചിത്രകേതേു മഹാരാജാവ് ഭ്രാന്തനെ പോലെ തലങ്ങും വിലങ്ങും ഓടുകയാണ്. ഇതുകണ്ട് ഭാര്യ കൃതദ്യുതി ബോധമറ്റു വീണു. മഹാരാജാവിനോടും മഹാറാണിയോടും ഏറ്റവും സ്നേഹമുള്ളള സേവകരും സജ്ജനങ്ങളും അവിടെയുണ്ടായിരുന്നു. ഈ ദുഃഖാന്തരീക്ഷം താങ്ങാനാവാതെ അവരില്‍ പലരും തലകറങ്ങി വീണു. ഇവിടെ സമാശ്വാസ വാക്കുകളൊന്നും ഏല്ക്കാതെ വന്നപ്പോഴാണ് അംഗിരസു മഹര്‍ഷിയും നാരദ മഹര്‍ഷിയും മറ്റു മാര്‍ഗങ്ങള്‍ തേടിയത്.
മഹര്‍ഷിമാരുടെ മുന്നിലെത്തിയ ചിത്രകേതു അവരോട് ചോദിച്ചു. നിങ്ങളൊക്കെ ആരാണ്, എവിടെ നിന്നു വരുന്നു, എന്തൊക്കെയാണ് പ്രത്യേകിച്ച് വിശേഷങ്ങള്‍? മനോവിഭ്രാന്തിയില്‍ മഹാരാജാവ് എല്ലാം മറന്നിരിക്കുകയാണെന്ന് അവര്‍ക്കു മനസ്സിലായി. അംഗിരസു മഹര്‍ഷി സ്വയം പരിചയപ്പെടുത്തി.
‘അഹം തേ പുത്രകാമസ്യ
പുത്രദോ സ്മ്യങ് ഗിരാ നൃപ
ഏഷ ബ്രഹ്മസുതഃ സാക്ഷാ
ന്നാരദോ ഭഗവാനൃഷി’
ഹേ, മഹാജന്, പുത്രനുണ്ടാകണം എന്നു പറഞ്ഞു കരഞ്ഞു നടന്നപ്പോള്‍ അങ്ങേക്ക് പുത്രനെ നല്കിയ അംഗിരസു മഹര്‍ഷിയാണ് ഞാന്‍. ഇദ്ദേഹം ബ്രഹ്മസുതനായ സാക്ഷാല്‍ നാരദ മഹര്‍ഷി. ഭഗവാന് ഋഷി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
ഓ, അതു ശരി, അങ്ങേക്ക് വേണ്ടി ഞാനിപ്പോള്‍ എന്താണ് ചെയ്യേണ്ടത്. ഈ സേവകന് അങ്ങേക്ക് മുമ്പില്‍ നമസ്ക്കരിക്കുന്നു.
ഹേ, മഹാരാജന്, അങ്ങു ചിന്തകള്‍ ഉപേക്ഷിച്ച് ദേഹാഭിമാനം തന്നെ വിട്ട്, ഭഗവാനില്‍ അഭയം തേടിയാലും. ഈ പ്രപഞ്ചം സത്യമല്ലെന്നറിയുക. ഇവയ്ക്കെല്ലാം ആധാരമായ സങ്കര്ഷണ മൂര്‍ത്തിയെ മന്ത്രങ്ങളാല്‍ ഉപാസിക്കുക. പുത്രദുഃഖത്താല്‍ താളം തെറ്റിയ അങ്ങയുടെ മനസ്സിന് ക്രമം കണ്ടെത്താന്‍ ഉപാസന കൊണ്ട് സാധ്യമാകും. അംഗിരസു മഹര്‍ഷിയുടെ ഈ ഉപദേശം കേട്ട് പുത്രന്റെ വേര്‍പാടില്‍ ചിത്രകേതു വീണ്ടും ദുഃഖിതനായി. പിതൃപുത്രബന്ധം പോലും നശ്വരമാണെന്ന് മഹര്‍ഷി പറഞ്ഞിട്ടും ചിത്രകേതു നൊമ്പരപ്പെട്ടു.
നിത്യനായ ജീവന് ബന്ധങ്ങളോ, ബന്ധനങ്ങളോ ബാധകമല്ലാ എന്ന് ഞങ്ങള്‍ തെളിയിച്ചു തരാം. അംഗിരസു മഹര്‍ഷി പറഞ്ഞു നിര്‍ത്തി. തുടര്‍ന്ന് അംഗിരസു മഹര്‍ഷി ശ്രീനാരദരുടെ സഹായത്താല്‍ ചിത്രകേതു പുത്രന്റെ ജീവനെ അവിടേക്ക് വരുത്തി. ഈ ശരീരത്തില്‍ പുനര്‍പ്രവേശം ചെയ്ത് സ്നേഹനിധിയായ അച്ഛന്റെ കൂടെ സുഖമായി കഴിഞ്ഞാലും എന്ന് മഹര്‍ഷിമാര്‍ ആ ജീവനോട് അഭ്യര്‍ഥിച്ചു.
മഹര്‍ഷിമാരുടെ നിര്‍ദേശം കേട്ട് ജീവന് സങ്കോചം കാണിച്ചു. ഏതു ജന്മത്തിലെ അച്ഛന്റെ കൂടെയാണ് ഞാന്‍ ജീവിക്കേണ്ടത്? ഞാന്‍ ഇതുവരെ പലജന്മങ്ങളും സ്വീകരിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ശരീരപ്രകൃതത്തില്‍ എനിക്ക് പല അഛനമ്മമാര്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ജീവന് ജനനമരണങ്ങളില്ലാത്തതാണ്. അതിനാല്‍ എനിക്ക് അച്ഛനുമില്ല. അമ്മയുമില്ല. പിന്നെ ഞാനെന്തിന് ഇവരുടെ കൂടെ ജീവിക്കണം? അഥവാ ശരീരത്തിന് ജന്മം നല്കിയതു കൊണ്ട് അമ്മയും അച്ഛനുമായി കാണണം എന്നാണെങ്കില്‍ എനിക്ക് ആദ്യം ശരീരം നല്കിയ അച്ഛനമ്മമാരെയല്ലേ അങ്ങനെ കാണേണ്ടത്? പിന്നെ ഈ ശരീരം എന്റേതെന്ന് ഞാന്‍ എങ്ങനെ ഉറപ്പിക്കും?
വിറ്റുപോയ വസ്തുവില്‍ മുന്‍ ഉടമസ്ഥന് എന്തെങ്കിലും അവകാശമുണ്ടോ? ജീവന് നിത്യനായ ഈശ്വരനുമായി മാത്രമേ താദാത്മ്യമുള്ളൂ. മറ്റൊന്നിനോടും ബന്ധമില്ല. ഇതു പറഞ്ഞതു കൊണ്ട് ആ ജീവന് അവിടെ നിന്ന് മറഞ്ഞു. അതോടെ ചിത്രകേതുവിന്റെ ശോകവും അകന്നു. അദ്ദേഹത്തിന് ജ്ഞാനപ്രകാശമുണ്ടായി. അതിനു കാരണമായത് അംഗിരസു മഹര്‍ഷിയും നാരദമഹര്‍ഷിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: