കൊല്‍ക്കൊത്ത: തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമതയെ മുട്ടുകുത്തിക്കാന്‍ നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയെത്തന്നെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചു. ഏപ്രില്‍ ഒന്നിനാണ് നന്ദിഗ്രാമിലെ വോട്ടിംഗ് നടക്കുക.
ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗാണ് 57 സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക ശനിയാഴ്ച പുറത്ത് വിട്ടത്. പ്രധാനമന്ത്രി മോദി അധ്യക്ഷനായ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് സമിതിയാണ് ഈ ലിസ്റ്റ് അംഗീകരിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി എന്നിവര്‍ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.
ഇതോടെ ബംഗാളിലെ ഏറ്റവും വലിയ ഏറ്റുമുട്ടലിന് നന്ദിഗ്രാമില്‍ കളമൊരുങ്ങുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നട്ടെല്ലായിരുന്ന സുവേന്ദു അധികാരിയാണ് സിംഗൂരിലും നന്ദിഗ്രാമിലും പത്ത് വര്‍ഷം മുമ്പ് അന്നത്തെ ഇടതു സര്‍ക്കാരിനെതിരെ വന്‍ സമരം നയിച്ചത്. അതുകൊണ്ട് തന്നെ നന്ദിഗ്രാമിലെ മണല്‍ത്തരികള്‍ക്ക് പോലും സുവേന്ദു അധികാരിയെ അറിയാം. എന്നാല്‍ മമത തൃണമൂലില്‍ കുടുംബവാഴ്ചയ്ക്ക് ശ്രമിച്ചപ്പോള്‍, അതിനെ എതിര്‍ത്ത് സുവേന്ദു അധികാരി ബിജെപി പാളയത്തിലെത്തി. ഇപ്പോള്‍ ഗുരുവായ മമതയും അരുമശിഷ്യനായിരുന്ന സുവേന്ദു അധികാരിയും തമ്മില്‍ നന്ദിഗ്രാമില്‍ പരസ്പരം കൊമ്പുകോര്‍ക്കും.
നന്ദിഗ്രാമില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്ന സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ച് മമത അവിടെത്തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് വെള്ളിയാഴ്ചയാണ്. ഉടനെ 24 മണിക്കൂറിനുള്ളില്‍ ബിജെപി നന്ദിഗ്രാം സ്ഥാനാര്‍ത്ഥിയായി സുവേന്ദു അധികാരിയുടെ പേര് പ്രഖ്യാപിച്ചു. ഇവിടെ താന്‍ 50,000 വോടുകള്ക്കെങ്കിലും ജയിക്കുമെന്നും മറിച്ചായാല്‍ രാഷ്ട്രീയം വിടുമെന്നുമാണ് സുവേന്ദുവിന്റെ വെല്ലുവിളി.
മമത ബാനര്‍ജി തന്റെ സിറ്റിംഗ് സീറ്റായ ഭവാനിപൂര്‍ ഉപേക്ഷിച്ചാണ് സുവേന്ദുവിന്റെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. മമത സ്വന്തം മരുമകന് അഭിഷേക് ബാനര്‍ജിയെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് വളര്ത്തിക്കൊണ്ടുവരുന്നതായി തിരിച്ചറിഞ്ഞതോടെയാണ് സുവേന്ദു അധികാരി മമതയുമായി തെറ്റുന്നത്. അതുവരെ ജീവന്‍വെടിയാന്‍ തയ്യാറായാണ് സുവേന്ദു മമതയോടൊപ്പം സിംഗൂര്‍, നന്ദിഗ്രാം സമരത്തെ നയിച്ചത്.
ക്രിക്കറ്റ് താരം അശോക് ദിന്‍ഡ മൊയ്ന സീറ്റില്‍ മത്സരിക്കും. പടാഷ്പൂരില് ഡോ. അബുജാക്ഷ മഹാന്തി, കാന്തി ഉത്തറില്‍ സുനിത സിംഘ, ഭഗബാന്പൂരില് രബീന്ദ്രനാഥ് മെയ്തി, ഖെജുരിയില്‍ ശന്തനു പ്രമാണിക്, കാന്തി ദക്ഷിണില്‍ അരൂപ് കുമാര്‍ ദാസ്, രാംനഗറില്‍ സ്വദേശ് രഞ്ജന്‍ നായക, എഗ്രയില്‍ ആരുപ് ദാസ്, ദണ്ഡനില് ശക്തിപാദ നായക്, നായഗ്രാമില് ബകുള്‍ മുര്‍മു, ഗോബിബല്ലവ്പൂരില് സഞ്ജിത് മഹാതോ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും.
ജര്‍ഗ്രാമില്‍ സുഖ്മോയ് സത്പതി, കെഷിയാരിയില് സോനാലി മുര്‍മു, ഖരഗ്പൂരില്‍ തപന്‍ ബുയ്യ, ഗര്ബേതയില് മദന്‍ റൂയിദാസ്, സല്ബോനിയില് രജീബ് കുണ്ഡു, മെദിനിപൂരില്‍ ഷമിത് ദാഷ്, ബിന്പൂരില് പലന് സരന്‍, ബന്ദ്വനില് പാര്‍സി മുര്‍മു, ബല്‍റാംപൂരില്‍ ബനേശ്വര്‍ മഹാതോ, ജോയ്പൂരില്‍ നരഹരി മഹതോ, പുരുലിയയില്‍ സുദിപ് മുഖര്‍ജി, മന്ബസാറില് ഗൗരിസിംഗ്, പരമില് നിന്ന് നദിയ ചന്ദ് ബൗരി, രഘുനാദ്പൂരില് അഡ്വ. ബിവേകാനന്ദ ബൗരി, സല്തോറയില് നിന്നും നദിയ ചന്ദന ബൗരി, ചട്നയില് സത്യനാരായണ്‍ മുഖര്‍ജി, റാനിബന്ധില് ഖുദിറാം ടുഡു, റായ്പൂരില്‍ സുധാംശു ഹന്‍ഡ്സ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാണ്.
ഭാഗ്മുണ്ഡി സീറ്റില്‍ ബിജെപിയുടെ സഖ്യകക്ഷിയായ എജെഎസ് യു സ്ഥാനാര്‍ത്ഥി മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: