തിരുവനന്തപുരം: യുഎഇ കോണ്‍സല്‍ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ നല്കാന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയത് ആര് ആവശ്യപ്പെട്ടിട്ടാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
കോണ്‍സുല്‍ ജനറലിന് ഭീഷണി ഉയര്‍ത്തിയത് ആരാണ്. അദ്ദേഹത്തിന്റെ ജീവന് ഭീഷണി ഉള്ളതായി സര്‍ക്കാര്‍ എങ്ങനെ അറിഞ്ഞുവെന്ന് വ്യക്തമാക്കണം. അതോ അവര്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് വേണ്ടിയാണോ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയതെന്ന് സംശയമുണ്ടെന്നും വി. മുരളീധരന് പറഞ്ഞു.
അതേസമയം സിപിഎമ്മിന്റെ ഇരവാദം ബാലിശമായ നാടകമാണെന്നും കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കാന്‍ പര്യാപ്തമായിട്ടുള്ളതല്ല. സിപിഎം നേതാക്കള്‍ അത് ഇനിയെങ്കിലും മനസ്സിലാക്കണം. കഴിഞ്ഞ ദിവസം കസ്റ്റംസ് പുറത്തുവിട്ട വിവരങ്ങള്‍ അവര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പറഞ്ഞ കാര്യങ്ങളല്ല. അവര്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂലമാണ്. മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ഹൈക്കോടതിയില്‍ ഇങ്ങനെയൊരു വാര്‍ത്തയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ മാധ്യമങ്ങളെ വിളിച്ച് പറഞ്ഞിട്ടില്ല.
കസ്റ്റംസ് സ്വമേധയാ കൊടുത്ത സത്യവാങ്മൂലമല്ലത്. ജയില്‍ ഡിജിപിയുടെ റിട്ടിന് മറുപടിയായാണ് ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. ജയില്‍ ഡജിപിയുടെ റിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമാണ്. ആ ശ്രമത്തിന്റെ ഫലമായാണ് ഈ വാര്‍ത്തകള്‍ പുറത്തുവന്നത്. റിട്ട് ഉളളതുകൊണ്ടാണ് കസ്റ്റംസ് സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ നിര്‍ബന്ധിതരായത്.
സ്വപ്ന പറഞ്ഞത് അവിശ്വസിക്കേണ്ടതില്ലെന്ന് പറഞ്ഞത് കോടതിയാണ്. സ്വപ്നയുടെ ഉന്നതബന്ധം ഹൈക്കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നിയമപരമായി മുന്നോട്ട് പോകുമ്പോള്‍ അതിനെ വേട്ടയാടലെന്ന് പറഞ്ഞ് ചിത്രീകരിക്കുന്നത് ബാലിശം തന്നെയാണ്. സന്തോഷ് ഈപ്പന് കൊടുത്ത കൈക്കൂലി ഫോണ്‍ എങ്ങനെ കോടിയേരിയുടെ ഭാര്യയുടെ കൈയില്‍ വന്നുവെന്ന് വിശദീകരിക്കണം. എകെജി സെന്ററിന് മുന്നില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വലിയ നേതാക്കന്മാര്ക്ക് താമസിക്കാനായി ഒരു കെട്ടിടമുണ്ട്. അങ്ങോട്ടേയ്ക്കാണ് മാര്‍ച്ച് നടത്തേണ്ടത്. അല്ലെങ്കില്‍ പേരൂര്‍ക്കടയിലൊരു പഴയ വീടുണ്ട്. അങ്ങോട്ടേയ്ക്ക് പോകണം. അതുമല്ലെങ്കില്‍ ജയില്‍ ഡിജിപിയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തണമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: