താനാജി മരിച്ചു. അജയ്യനായ വീരന് ഭൂമിയില്‍ പതിച്ചു. എന്നാല്‍ മരണസമയത്തും താനാജി ശത്രുവിനെ ധരാശായിയാക്കിക്കൊണ്ടാണ് സ്വയംഭൂമിയില് പതിച്ചത്. എന്നാല്‍ നേതാവിന്റെ അപ്രതീക്ഷിതമായ മരണത്തില്‍ മാവളിവീരന്മാരുടെ ധൈര്യം നഷ്ടപ്പെട്ടു. യുദ്ധത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ വിജയത്തിനും കീര്‍ത്തിക്കും പിന്തിരിഞ്ഞ് ഓടാന്‍ ആരംഭിച്ചു. അവര്‍ കോട്ടക്കയ്കത്ത് കയറിയ കയര്‍ അവിടെ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. സൈനികര്‍ ഓടുന്നതു കണ്ട സൂര്യാജി പെട്ടെന്ന് ഓടി തൂങ്ങിക്കിടക്കുന്ന കയര്‍ വാളുകൊണ്ട് മുറിച്ചുകളഞ്ഞു. ഓടുന്ന സൈനികരെതടഞ്ഞു.
അല്ലയോ ഭീരുക്കളെ നിങ്ങള്‍ എങ്ങോട്ടേക്കാണ് ഓടുന്നത്. നിങ്ങളുടെ നേതാവ് മരിച്ചുകിടക്കുന്നു. നിങ്ങള്‍ അദ്ദേഹത്തിന്റെ പവിത്രമായ ജീവിതത്തെയും ശരീരത്തെയും അപമാനിച്ചുകൊണ്ട് എങ്ങോട്ടേക്കാണ് ഓടുന്നത്. നിങ്ങള്‍ക്ക് ലജ്ജയില്ലേ? ശിവാജിയെ എങ്ങനെ മുഖം കാണിക്കും നിങ്ങള്‍. അല്ലയൊ ഭീരുക്കളേ സ്വരാജ്യത്തിന്റെ കീര്‍ത്തിയെ കളങ്കപ്പെടുത്തി പ്രാണന് രക്ഷിക്കാന്‍ പ്രയത്നിക്കുകയാണൊ? അതിനെക്കാള്‍ നല്ലത് യുദ്ധം ചെയ്ത് മരിക്കുന്നതല്ലെ? അല്ലെങ്കില്‍ കോട്ട കീഴടക്കി ശൗര്യം പ്രദര്‍ശിപ്പിച്ച് തിരിച്ചുപോകുക എന്ന് ഉച്ചത്തില്‍ ഗര്‍ജ്ജിച്ചു സൂര്യാജി.
സൂര്യാജിയുടെ ഈ ഗര്‍ജനം കൊണ്ഡാണ കോട്ടയുടെ ചരിത്രം സൃഷ്ടിച്ചു. മാവളിവീരന്മാരുടെ ശരീരത്തില്‍ സ്വാഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആവേശം സഞ്ചരിക്കാന്‍ തുടങ്ങി. അവര്‍ യുദ്ധക്കളത്തിലേക്ക് തിരിച്ചുപോയി. പണ്ടത്തെക്കാള്‍ നൂറിരട്ടി വീറോടെ പൊരുതി ശത്രുസൈന്യത്തെ ഹനിക്കുവാനാരംഭിച്ചു. ഓരോരുത്തരും താനാജിയായി മാറി. മരിച്ച താനാജിയുടെ അതൃപ്തമായ ആത്മാവ് ഓരോരുത്തരിലും ആവേശിച്ചതുപോലെ കോട്ടയുടെ വിജയത്തിനുവേണ്ടി അരയും തലയും മുറുക്കിയതുപോലെ തോന്നും. ഇവരുടെ ആവേശത്തിനു മുന്നില്‍ കോട്ടയിലെ സൈനികര്‍ നിഷ്പ്രഭരായി ചിന്നിച്ചിതറി. എല്ലാവരും നോക്കിനില്‍ക്കെ ആയിരത്തോളം സൈനികര്‍ കൊല്ലപ്പെട്ടു. എന്നാല്‍ കോട്ടയിലെത്തിയ സ്വരാജ്യത്തിന്റെ സൈനികരില്‍ അന്‍പത് സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടത്. കൊണ്ഡാണ കോട്ട കീഴടങ്ങി. എന്നാല്‍ വിജയത്തില്‍ സൂര്യാജിക്കൊ അനുചരന്മാര്ക്കൊ സന്തോഷമാണൊ ദുഃഖമാണോ കൂടുതലുണ്ടായതെന്ന് പറയാന്‍ സാധിക്കുമായിരുന്നില്ല. അവര്‍ക്ക് ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ, താനാജി എവിടെ എന്നു ശിവാജി ചോദിച്ചാല്‍ എന്ത് ഉത്തരം കൊടുക്കും.
രാജഗഡില്‍ അന്ന് രാത്രി ശിവാജി ഉറങ്ങിയിരുന്നില്ല. തന്റെ ദൃഷ്ടി ആറ് മൈല്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന കൊണ്ഡാണ കോട്ടയില്‍ കേന്ദ്രീകരിച്ചിരിക്കയായിരുന്നു. താനാജി തനിക്ക് കണ്ണുപോലെയായിരുന്നു. കൊണ്ഡാണയുടെ മുകളില്‍ ഒരു ചെറിയ അഗ്നിജ്വാല കണ്ടു. ആ ജ്വാല ക്രമേണ വര്‍ധിച്ച് ഭീകരാവസ്ഥയെ പ്രാപിച്ചു. കോട്ട കയ്യടക്കിയതിന്റെ സൂചനയായി പുല്ലിന് തീയിട്ടതായിരുന്നു അത്. ശിവാജിയുടെ ദീര്‍ഘനാളത്തെ ആഗ്രഹപൂര്ത്തിയായി. തന്റെ ബാല്യകാല സുഹൃത്തിന്റെ വിഷയത്തില്‍ അഭിമാനംകൊണ്ട് മഹാരാജാവിന്റെ ഹൃദയം നിറഞ്ഞു.
എന്തൊരു പരാക്രമം! സഹപ്രവര്‍ത്തകര്‍ ഇങ്ങനെയുള്ളവരായിരിക്കണം. താനാ സ്വരാജ്യത്തിന്റെ ഭാഗ്യ നക്ഷത്രമാണ്. മുന്‍പ് പതിനായിരം സൈന്യത്തോടുകൂടി വന്ന് ജയസിംഹന് മാസങ്ങളോളം പ്രയത്നിച്ച് കോട്ടയെ ആക്രമിച്ചിട്ട് പരാജയപ്പെട്ട് പിന്തിരിഞ്ഞിടത്ത്, അതേ കോട്ട ഏതാനും മണിക്കൂര്‍കൊണ്ട് അഞ്ഞൂറ് മാവളി വീരന്മാരുടെ സഹായത്തോടെ താനാജി വിജയിച്ചിരിക്കുന്നു.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: