ചെന്നൈ: കോണ്‍ഗ്രസ് ജയസാധ്യതയില്ലാത്ത പാര്‍ട്ടിയാണെന്നും കൂടുതല്‍ സീറ്റുകള്‍ നല്കിയാല് ഡിഎംകെ തന്നെ മുങ്ങിപ്പോകുമെന്നും വിലയിരുത്തല്‍. ഒരു ആഭ്യന്തരസര്വ്വേയിലാണ് ഡിഎംകെയുടെ ഈ കണ്ടെത്തല്‍.
2016ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഡിഎംകെ സഖ്യം 41 സീറ്റുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിജയിച്ചതാകട്ടെ വെറും എട്ട് സീറ്റുകളില്‍ മാത്രം. എന്നാല്‍ ഇതില്‍ നിന്ന് ഒരു 20 സീറ്റെടുത്ത് അതില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കില്‍ 15 പേരെങ്കിലും ജയിച്ചിരുന്നേനെ എന്നാണ് ഇപ്പോള്‍ ഡിഎംകെ നേതാക്കള്‍ വിലയിരുത്തുന്നത്. അങ്ങിനെയെങ്കില്‍ ഡിഎംകെയ്ക്ക് അന്ന് തമിഴ്നാട്ടില്‍ അധികാരവും പിടിക്കാമായിരുന്നു.
ബീഹാറിലെ തെരഞ്ഞെടുപ്പില്‍ നിന്നുള്ള പാഠവും ഡിഎംകെ ഉള്‍ക്കൊള്ളുന്നുണ്ട്. ഈയിടെ നടന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 70 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ജയിക്കാനായത് 19 സീറ്റുകളില്‍ മാത്രം. ഇതുമൂലം മഹാഘഡ്ബന്ധന്‍ എന്ന ലാലുപ്രസാദ് യാദവിന്റെ മകന് തേജസ്വിയാദവ് നേതൃത്വം നല്കിയ മുന്നണി തന്നെ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
ഈയിടെ ഡിഎംകെ നടത്തിയ സര്‍വ്വേയിലും കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ നല്‍കുന്നത് ആപത്താണെന്നാണ് വിലയിരുത്തല്‍. ഒരു പക്ഷെ അധികാരത്തില്‍ എത്താനുള്ള സാധ്യത തന്നെ ഇത് മൂലം ഇല്ലാതായേക്കാമെന്ന് ഡിഎംകെയ്ക്ക് ഉപദേശം കിട്ടിയിട്ടുണ്ട്. ഇതിന് കാരണം കോണ്‍ഗ്രസിന്റെ വിജയസാധ്യത തീരെ ദുര്ബ്ബലമായതുകൊണ്ടാണ്.
മാത്രമല്ല, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെയും ഡിഎംകെ കുറ്റപ്പെടുത്തുന്നു. ഹൈക്കമാന്റുമായി ബന്ധമുള്ള ആളുകള്‍ക്കാണ് പലപ്പോഴും സീറ്റുകള്‍ നല്‍കുന്നത്. ഇവര്‍ക്ക് മണ്ഡലവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല. ഇത് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ കലാശിക്കുന്നു. തേനി സീറ്റിന്റെ കാര്യം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. മധുരൈ മേഖലയുമായി ബന്ധമുള്ളവരെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കേണ്ടത്. എന്നാല്‍ സീറ്റ് അനുവദിച്ചത് ഇവികെഎസ് ഇളങ്കോവനാണ്. ഇദ്ദേഹത്തിന് ഈ മണ്ഡലവുമായി ഒരു ബന്ധവുമില്ല. ഇക്കുറി അതിനാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആവശ്യമെങ്കില്‍ ഡിഎംകെയും ഇടപെടും.
കോണ്‍ഗ്രസിന്റെ കര്‍ഷകവിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി ജികെ മുരളി ബീഹാറിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കോണ്‍ഗ്രസ് നേതാക്കളെ തന്നെ കുറ്റപ്പെടുത്തുന്നു. ഇവിടെ 70 സീറ്റുകളില്‍ 45ലും മണ്ഡലവുമായി ബന്ധമില്ലാത്ത, യാതൊരു വിജയസാധ്യതയുമില്ലാത്ത സ്ഥാനാര്‍ത്ഥികള്‍ക്കാണ് സീറ്റ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: