കൊല്ലം: ജനഹൃദയങ്ങള്‍ കീഴടക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര നാളെ ദേശിംഗനാട്ടിലെത്തും. രാവിലെ ഒമ്പതിന് പത്തനാപുരം ടൗണില്‍ സ്വീകരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യാത്രയ്ക്ക് പുനലൂര്‍, ചടയമംഗലം മണ്ഡലങ്ങള്‍ സംയുക്തമായി നെല്ലിപ്പള്ളി ജംഗ്ഷനില്‍ സ്വീകരണം നല്‍കും. ജില്ലയിലെ ആദ്യ പൊതുയോഗം അഞ്ചല്‍ ജംഗ്ഷനില്‍ രാവിലെ 10ന് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര പ്രസ് ക്ലബ് മൈതാനിയില്‍ കൊട്ടാരക്കര-പത്തനാപുരം നിയോജക മണ്ഡലങ്ങള്‍ സംയുക്തമായി 11ന് നല്കുന്ന സ്വീകരണ യോഗം പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചീരങ്കാവിലെത്തുന്ന ജാഥയെ കുണ്ടറ മണ്ഡലം ഭാരവാഹികള്‍ സ്വീകരിച്ച് മുക്കടയിലെത്തിച്ച് വേലുത്തമ്പി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ഇവിടെ 12ന് സ്വീകരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
പിന്നീട് കുന്നത്തൂരിലേക്ക് യാത്ര നീങ്ങും. ഇവിടെ യാത്രയെ മണ്ഡലം ഭാരവാഹികള്‍ സ്വീകരിച്ച് ഭരണിക്കാവില്‍ നടക്കുന്ന സമ്മേളനവേദിയില്‍ എത്തിക്കും. ഇവിടെ വൈകിട്ട് 3ന് സ്വീകരണസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ശാസ്താംകോട്ട ആഞ്ഞിലിമൂട്, മൈനാഗപ്പള്ളി വഴി കല്ലുകടവ് എത്തുന്ന ജാഥയെ കരുനാഗപ്പള്ളി മണ്ഡലം സ്വീകരിച്ച് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ഗ്രൗണ്ടിലെ യോഗസ്ഥലത്ത് എത്തിക്കും.
സമ്മേളനം 4ന് ദേശീയ നിര്‍വാഹകസമിതി അംഗം സി.കെ. പന്മനാഭന്‍ ഉദ്ഘാടനം ചെയ്യും. കൊല്ലം ചവറ, ഇരവിപുരം മണ്ഡലങ്ങള്‍ സംയുക്തമായി നടത്തുന്ന സ്വീകരണ യോഗം 5ന് പീരങ്കി മൈതാനിയില്‍ കേന്ദ്രമന്ത്രി അനൂരാഗ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്യും. കൊല്ലം ഇരവിപുരം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ സ്വീകരിച്ച് കൊട്ടിയത്ത് എത്തിക്കുന്ന യാത്ര ചാത്തന്നൂര്‍ മണ്ഡലത്തില്‍ സമാപിക്കും. ഇവിടെ 6ന് സ്വീകരണ സമ്മേളനം അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍സെക്രട്ടറിമാരായ വെള്ളിമണ്‍ ദിലീപ്, ബി. ശ്രീകുമാര്‍, ജില്ലാസെക്രട്ടറി വി.എസ്.ജിതിന്‍ദേവ്, ട്രഷറര്‍ മന്ദിരം ശ്രീനാഥ് എന്നിവരും പങ്കെടുത്തു.
സ്വീകരണം ഇങ്ങനെ
1. പത്തനാപുരം ടൗണ്‍ – വരവേല്‍പ്പ് (രാവിലെ 9ന്)
2. അഞ്ചല്‍ നെല്ലിപ്പള്ളി ജംഗ്ഷന് – സ്വീകരണം (10 മണി)
3. കൊട്ടാരക്കര പ്രസ്ക്ലബ് മൈതാനി – സ്വീകരണം (11 മണി)
4. കുണ്ടറ മുക്കട – സ്വീകരണം (ഉച്ചയ്ക്ക് 12 മണി)
5. കുന്നത്തൂര്‍ ഭരണിക്കാവ് – സ്വീകരണം (വൈകിട്ട് 3 മണി)
6. കരുനാഗപ്പള്ളി മുനിസിപ്പല്‍ ഗ്രൗണ്ട് – സ്വീകരണം (4 മണി)
7. കൊല്ലം പീരങ്കി മൈതാനി (5 മണി)
8. ചാത്തന്നൂര്‍ ടൗണ്‍ – സമാപന സമ്മേളനം (6 മണി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: