പരശുരാമന് മഴുവെറിഞ്ഞു നേടിയ കേരളം! അവിടെ സമസ്ത മേഖലയിലും ജീവന് നിലനിര്‍ത്താന്‍ ഭൂമിക്കടിയിലൂടെ നമുക്ക് ഒരു പുണ്യഗംഗാ നദിയെ കൂടി ഭഗവാന് നല്‍കിയെന്നും പഴമക്കാര്‍ വിശ്വസിക്കുന്നു. അതാണ് ഭാരതപ്പുഴ. ബീഹാറിലെ ഫല്ഗുനദിയേപ്പോലെ. കാലവര്‍ഷത്തിലും തുലാത്തിലും നല്ല മഴ ലഭിച്ചാല്‍ നദി. അല്ലാത്തപ്പോള്‍ മണല്‍പ്പുറം.
കുടിവെള്ള ക്ഷാമത്തിനു പരിഹാരം വേണം. ജലസേചനവും വേണം. ശാസത്ര ലോകവും, ഭരണകൂടവും ,പ്രായോഗികതയും രണ്ടു തട്ടിലാണ്. അതാണ് വിഷയം. യാതൊരു പരിസ്ഥിതിക പഠനവും ഇല്ലാതെ അനിയന്ത്രിതമായി മണല്‍ വാരാന്‍ അനുമതി നല്‍കിയത് തികച്ചും പ്രതിഷേധാര്‍ഹമാണ്. കടല്‍ ജലം നദിയിലേക്ക് ഇരച്ച് കയറി ഉപ്പ് ജലമാക്കിയിരിക്കുന്നു. കുളങ്ങള്‍, കിണറുകള്‍ ഉപയോഗശൂന്യമായി തീരുന്നു. ജൈവ വൈവിദ്ധ്യങ്ങള്‍ നശിക്കുന്നു. ഭാരതപ്പുഴയില്‍ വെള്ളമില്ല ഒഴുക്കുമില്ല. പുഴയുടെ ആരംഭത്തില്‍ ഡാം കെട്ടിയതിനാലും, പോഷകനദികളിലെ ഡാം മൂലവും പുഴക്ക് ഒഴുക്കില്ല. ഇപ്പോള്‍ ഒരു ചെക്ക്ഡാം ചെറുതുരുത്തി ഷൊര്‍ണ്ണൂര്‍ ഭാഗത്തുണ്ട്.
കേരളത്തിന്റെ ഭ്രൂപ്രകൃതി അനുസരിച്ച് സമുദ്ര ഭാഗത്തേക്കാണ് ചരിവ്. 75 കി.മീറ്റര്‍ മാത്രം വീതിയുള്ള ഇവിടെ പെയ്യുന്ന മഴവെളളം മുഴുവന്‍ മൂന്നു ദിവസം കൊണ്ട് കടലില്‍ എത്തുന്നു. അതിവര്‍ഷത്തില്‍ പ്രതിദിനം ഏകദേശം 2800 ടണ്‍ മണല്‍ നദികളില്‍ വന്നു ചേരുമെന്നാണ് ജിയോളജിസ്റ്റുകളുടെ പഠനം പറയുന്നത്. എന്നാലോ മണല്‍കടത്ത് 56000 ടണ്ണിനു മേലേയാണ്. ഇതാണ് പാരിസ്ഥിതിക പഠനം വേണം എന്ന സമരങ്ങളുടെ കാതല്‍.
എന്നാല്‍ നമ്മുടെ മുന്നില്‍ കാണുന്ന കാഴ്ചയോ? നദിയിലേക്കുള്ള ഒഴുക്ക് വഴിയെത്തുന്ന മണല്‍ പിന്നീട് തിട്ടകളായി രൂപപ്പെടുന്നു. അതിനെ അക്രീഷനെന്നു പറയും. പിന്നിട് അവിടെ ചെറുചാലുകള്‍ തനിയെ ഉണ്ടാകും അത് വഴി മണലൊഴുകി പോകും. അതിനെ ഇറോഷനെന്നും പറയും. വീണ്ടും തുരുത്ത് ഉണ്ടാകും. ഇങ്ങനെ ഭാരതപ്പുഴയില്‍ രുപപ്പെടുന്ന തുരുത്ത് ഇല്ലാതാക്കാനെന്ന് പറഞ്ഞാണ് മണല്‍ വാരലിന് ന്യായീകരണം കണ്ടെത്തുന്നത്, നദിയുടെ ആഴം വര്‍ദ്ധിപ്പിക്കണമെന്നും, പ്രളയക്കെടുതി ഇല്ലാതാക്കാന്‍ ചെളി കോരണമെന്നും പറഞ്ഞ് മണല്‍ കൊള്ളയ്ക്ക് വഴിയൊരുക്കുന്നു. ഇതിനെ ഔദ്യോഗിക മണല്‍ക്കൊള്ള എന്നാണ് വിളിക്കേണ്ടത്. ദേശമംഗലം – ചെങ്ങണം കുന്ന് റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം ട്രക്കുകള്‍ പുഴയിലിറക്കി ജെസിബി ഉപയോഗിച്ച് അനിയന്ത്രിത മണല്‍ഖനനം നടത്തുന്നു. ഇപ്പോള്‍ അവിടവിടെ അഗാധഗര്ത്തങ്ങള്രുപപ്പെട്ടിരിക്കുന്നു.
മഴക്കാലത്ത് ഇവിടം കയങ്ങളായി മാറും. മരണങ്ങളുമുണ്ടാകാം. ചെറുതുരുത്തി – ഷൊര്‍ണ്ണൂര്‍ ഭാഗത്ത് ചെക്ക്ഡാം ഉണ്ട്. ചെക്ക്ഡാമിന്റെ മുകള്‍ ഭാഗത്ത് ഡ്രഡ്ജിംഗ് ആണ് നടക്കുന്നത്. ചെളിനീക്കം ചെയ്യുകയാണെന്ന വ്യാജേന വലിയ ട്രക്കുകളില്‍ മണല്‍ കടത്തുകയാണ്. ഇതാണ് ഞാന്‍ കണ്ടതും പഠിച്ചതുമായ ഭാരതപ്പുഴയുടെ അവസ്ഥ. അതിനാല്‍ പരിസ്ഥിതി ആഘാതപഠനത്തിലൂടെ നിയന്ത്രിത അളവില്‍ മണലെടുക്കുക. തുരുത്തുകള്‍ പുഴയില്‍ തന്നെ നികത്തി ഒഴുക്കിനു പാകമാക്കികൊടുക്കുക. തുരുത്തുകള്‍ രൂപപ്പെട്ടാല്‍ അവിടെക്ക് ധാരാളം മണല്‍ വരും. ചാലുകള്‍ രൂപപ്പെടും. വീണ്ടും തുരുത്തുകള്‍ കുടും. അതിനാല്‍ അവിടെ തന്നെ നികത്തണം. എന്നാല്‍ പ്രാദേശിക, ജില്ലാ, സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് മാഫിയകളുമായുള്ള ബന്ധമാണ് മണല്‍ കൊള്ളയ്ക്ക് അവസരമൊരുക്കുന്നത്. ഇത് നിയന്ത്രിച്ചേ മതിയാകു.വര്‍ത്തമാനകാല തലമുറക്കും, ഭാവി തലമുറകള്‍ക്കും കുടിവെള്ളം കിട്ടാക്കനി ആകാതിരിക്കാനാണ് ഇത്രയും സൂചിപ്പിച്ചത്. ഇങ്ങനെ ഭാരതപ്പുഴയെ സംരക്ഷിക്കാനും കഴിയും. ഇത് ലഘുവായ ചെലവ് കുറഞ്ഞ സംരക്ഷണ രീതിയാണ്.
ഏലൂര്‍ ഗോപിനാഥ്
ഭാരതപ്പുഴ സംരക്ഷണ സമിതിയംഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക: