താനാജിയുടെ സൈന്യത്തിന്റെ മൂന്നിരട്ടി സൈനികര്‍ കോട്ടയില്‍ ഉണ്ടായിരുന്നു. പരസ്പരം വാളുകള്‍ കൂട്ടിമുട്ടുന്ന ശബ്ദവും, വെല്ലുവിളികളുടെ ശബ്ദവും വെട്ടേറ്റ് വീണവരുടെ കരുണരോദനവും കേട്ട് ഉദയഭാനുവിന്റെ ഉറക്കം ഉണര്‍ന്നു. സംഭവമറിഞ്ഞ് പരിഭ്രാന്തനായ അദ്ദേഹം കോപത്തോടെ വാളുമായി യുദ്ധസ്ഥലത്തേക്കോടി.
അവിടെ താനാജിയും സൂര്യാജിയും ഉദയഭാനുവിന്റെ പക്ഷക്കാരെ കൊന്നൊടുക്കിക്കൊണ്ടിരിക്കയായിരുന്നു. ആരംഭിച്ച കാര്യം പെട്ടെന്ന് പൂര്‍ത്തിയാക്കണം. ശത്രു എന്ത് സംഭവിച്ചു എന്ന് മനസ്സിലാക്കുന്നതിനു മുന്‍പു തന്നെ പൂര്‍ണാഹുതി ചെയ്യണം. അല്ലെങ്കില്‍ കാര്യം വിഫലമാകാന്‍ സാധ്യതയുണ്ട് താനാജി ശത്രുനിഗ്രഹണത്തില് നിമഗ്നനായിരിക്കയാണ്. ആ മദ്ധ്യരാത്രിയിലെ പോര്‍ക്കളത്തിലെ ദീനരോദനം ഭീഷണവും വര്ണനാതീതവുമായിരുന്നു. താനാജിയെ നേരിടാന്‍ സാമര്‍ത്ഥ്യമുള്ളവരായി ആരും ഉണ്ടായിരുന്നില്ല.
ആരാലും തടസ്സപ്പെടുത്താതെ അദ്ദേഹം മുന്നേറിക്കൊണ്ടിരിക്കയായിരുന്നു. ഉദയഭാനുവും യുദ്ധം ചെയ്തുകൊണ്ട് താനാജിയുടെ അടുത്തെത്തി. ക്രോധാവേശത്തൊടെ ഉദയഭാനുവും താനാജിയെ ആക്രമിച്ചു. രണ്ടു വീരന്മാര് മുഖാമുഖം പോരാടുകയാണ്.
അപ്പോഴേക്കും ചുറ്റുപാടുമുള്ള ശത്രുസൈന്യവുമായി പോരാടി താനാജി തളര്‍ന്നിട്ടുണ്ടായിരുന്നു. ഉദയഭാനു ആകട്ടെ അപ്പോള്‍ പോര്‍ക്കളത്തില്‍ ഇറങ്ങിയതേയുള്ളൂ. മാത്രമല്ല ഭീമാകാരനായിരുന്നു ഉദയഭാനു. എന്നിരുന്നാലും താനാജിയുടെ ശൂരതയില്‍ കുറവൊന്നും ഉണ്ടായിരുന്നില്ല. യുദ്ധം ചെയ്യാന്‍ തന്നോടൊപ്പം ശക്തനായ എതിരാളിയെ കിട്ടിയ സന്തോഷമാണ് അദ്ദേഹത്തിന്. ഉദയഭാനു രണാങ്കണത്തില്‍ വീഴ്ത്തപ്പെട്ടാല്‍ പച്ചപ്പതാക നിലംപതിച്ചതിന് തുല്യമാണ്. സ്വധര്‍മത്തിന്റെയും സ്വരാജ്യത്തിന്റെയും രക്ഷണ പ്രതിജ്ഞയെടുത്തിട്ടുള്ള അദ്ദേഹം ശത്രുസംഹാരം തുടര്‍ന്നു. കൊണ്ഡാണ കോട്ട മുഴുവന്‍ വിറക്കാന്‍ തുടങ്ങി. വാളുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന ഖണ് ഖണ് ശബ്ദം മാത്രമായിരുന്നു എല്ലായിടവും.
ഭയങ്കരമായ ആഘാത പ്രത്യാഘാതം നടന്നുകൊണ്ടിരിക്കയാണ്. അപ്പോഴതാ താനാജിയുടെ പരിജ ഉദയഭാനുവിന്റെ ശക്തമായ വെട്ടേറ്റ് പിളര്‍ന്ന് നിലംപതിച്ചു. രണ്ടാമതൊരു പരിച എവിടുന്നുകൊണ്ടുവരാനാണ്?
നിശ്ശസ്ത്രനായ ശത്രുവിനോട് യുദ്ധം ചെയ്യരുതെന്ന യുദ്ധരീതി മുഗള ശാസനകാലത്തോടെ പാലിക്കാതായിക്കഴിഞ്ഞിരുന്നു. ഉദയഭാനു താനാജിയെ ആഞ്ഞുവെട്ടി താനാജി രണ്ടടി പിറകോട്ട് മാറി.
തന്റെ അന്ത്യം നിശ്ചിതമായിരിക്കുന്നു എന്ന് മനസ്സിലാക്കിയ താനാജി, ശിവാജിക്ക് നല്കിയ വാക്ക് പാലിക്കാന്‍ സാധിക്കാതെ പോകുമല്ലൊ! എന്ന ഉള്‍പ്രേരണയോടെ സര്‍വശക്തിയുമുപയോഗിച്ച് ശത്രുവിന്റെ മേല്‍ ആഞ്ഞുവെട്ടി. ആ വെട്ട് വജ്രാഘാതം പോലെ ഉദയഭാനുവിനേറ്റു. അതോടൊപ്പം ഉദയഭാനുവിന്റെ വെട്ട് താനാജിക്കും ഏറ്റു. രണ്ടുപേരുടേയും ശരീരം ഒരേ സമയത്ത് മുറിവേറ്റ് നിലംപതിച്ചു.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: