ജമ്മു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പ്രധാനമന്ത്രിയായിട്ടും സ്വന്തം വേരുകള്‍ അദ്ദേഹം മറന്നില്ലെന്നും ‘ചായ്വാല’ എന്ന് അഭിമാനത്തോടെ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ജമ്മുവില്‍ ഗുജ്ജര്‍ സമുദായത്തില്‍നിന്നുള്ള അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘ആളുകള്‍ നരേന്ദ്രമോദിയില്‍നിന്ന് പഠിക്കണം. പ്രധാനമന്ത്രിയായിട്ടും അദ്ദേഹം സ്വന്തം വേരുകള്‍(കഴിഞ്ഞകാലം) മറന്നില്ല. ചായ്വാല എന്ന് അഭിമാനത്തോടെ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നു. രാഷ്ട്രീയമായി നരേന്ദ്രമോദിയുമായി എനിക്ക് ഗൗരവമായ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും എളിമയുള്ള വ്യക്തിയാണ് അദ്ദേഹം’- ഗുലാം നബി ആസാദ് പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രാജ്യസഭയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഗുലാം നബി ആസാദിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ പ്രധാനമന്ത്രി വികാരാധീനനായിരുന്നു. അന്ന് രാജ്യസഭയില്‍ നടത്തിയ 13 മിനിറ്റ് നീണ്ട പ്രസംഗത്തിനിടയില്‍ പലപ്പോഴും മോദിയുടെ കണ്ണുകള്‍ നിറഞ്ഞു. 2007-ല്‍ കാശ്മീരില്‍ ഭീകരാക്രമണം നടന്നപ്പോള്‍ അവിടെ കുടുങ്ങിയ ഗുജറാത്തില്നിന്നുള്ളവരെ നാട്ടിലെത്തിക്കാന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഗുലാം നബി ആസാദ് നടത്തിയ ശ്രമങ്ങളെക്കുറിച്ച് അനുസ്മരിച്ചപ്പോഴായിരുന്നു പ്രധാനമന്ത്രി വികാരാധീനനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: