ദേവഗണക്കാര്‍ ഒമ്പതു പേര്, അസുരഗണക്കാര്‍ ഒമ്പതു പേര്, മനുഷ്യഗണക്കാരും ഒമ്പതു പേര്. അങ്ങനെ ദക്ഷപ്രജാപതിയുടെ ഇരുപത്തിയേഴ് മക്കള്‍ മൂന്നു ഗണമായി പിരിഞ്ഞു വാണു. എങ്കിലും തുല്യനീതിയുടെ സന്ദേശം അവരെ തമ്മില്‍ ഐക്യപ്പെടുത്തിയിരുന്നു.
ഗണം ഏതായിരുന്നാലും അവയ്ക്ക് ചില ഗുണങ്ങളും പ്രാതിസ്വിക ഭാവങ്ങളുമുണ്ടായിരുന്നു. ദേവഗണം ബഹുഭൂരിപക്ഷവും ആദര്‍ശത്തിന്റേതായ അധിക തുംഗപദങ്ങളില് വിഹരിച്ചു. അസുരഗണക്കാരാകട്ടെ തികഞ്ഞ പ്രായോഗികമതികളുമായിരുന്നു. അതിനുമപ്പുറത്തേയ്ക്ക് രണ്ടുകൂട്ടരും ചിന്തിച്ചിരുന്നില്ല. മനുഷ്യഗണത്തിലെ മനുഷ്യര്‍ മധ്യമാര്‍ഗം കൈക്കൊണ്ടു.
ആദര്‍ശത്തോടൊപ്പം പ്രായോഗികതയേയും അവര്‍ ഹൃദ്യമായ അനുപാതത്തില്‍ സമന്വയിപ്പിച്ചു. സാത്വിക, താമസ ഗുണങ്ങളെ അനുരഞ്ജിപ്പിക്കുകയും രജോഗുണം നന്നായി ചാലിച്ചു ചേര്‍ക്കുകയും ചെയ്തു. അതിനാല്‍ മനുഷ്യമുഖവും മനുഷ്യഹൃദയവും മനുഷ്യഗണക്കാരില് കൂടുതല്‍ തെളിഞ്ഞു കാണായി.മനുഷ്യപ്പറ്റാണ് അവരുടെ എല്ലാം; അതുതന്നെയാണ് അവരുടെ ആദര്‍ശവും പ്രയോഗവും. മറ്റൊന്നും അവരെ അത്രമേല്‍ ആകര്‍ഷിക്കുന്നില്ല.
മനുഷ്യഗണത്തില്‍ വരുന്ന രണ്ട് നക്ഷത്രങ്ങളാണ് പൂരവും ഉത്രവും. സത്യത്തില്‍ ഫാല്‍ഗുനി എന്ന ഒരു നക്ഷത്രത്തിന്റെ രണ്ട് അര്‍ദ്ധങ്ങള്‍ ആണ് പൂരവും ഉത്രവും. പൂരത്തെ പൂര്‍വ ഫാല്‍ഗുനി എന്നും ഉത്രത്തെ ഉത്തര ഫാല്‍ഗുനി എന്നും വിളിക്കുന്നു. അതിനാല്‍ ഈ നാളുകാര്‍ക്കിടയില്‍ ചില സാജാത്യങ്ങളും പൂരകത്വങ്ങളും വന്നുചേരുന്നു. ഭഗന് പൂരത്തിന്റെയും അര്യമാവ് ഉത്രത്തിന്റെയും ദേവതകള്‍. ചില ഗ്രന്ഥങ്ങള്‍ ഇവയെ മാറ്റിപ്പറയുന്നതും പതിവാണ്.
അഭിമാനികളായിരിക്കും പൂരം, ഉത്രം നാളുകാര്‍. വിവേകികളും കൂട്ടായ്മകളില്‍ വിശ്വസിക്കുന്നവരും കാര്യബോധത്തോടെ കര്‍മ്മങ്ങളില്‍ മുഴുകുന്നവരുമായിരിക്കും. സ്വന്തം ‘ഈഗോ’ യെ നിലയ്ക്ക് നിര്‍ത്താന്‍ ഇവര്‍ക്ക് വലിയ കഴിവുണ്ട്. മറ്റ് പലരും തന്റെ അല്പത്തരങ്ങളെ താന്‍ തന്നെ ‘അമ്പട ഞാനേ ‘എന്ന മട്ടിലൊക്കെ എഴുന്നള്ളിക്കുമ്പോള്‍ ഉള്ളിലൂറുന്ന പുച്ഛം ഇവര്‍ ഒതുക്കിക്കളയും. കുഴിയാനയെ കുഴിയാനയായും ഐരാവതത്തെ ഐരാവതമായും അടയാളപ്പെടുത്താനുള്ള സൂക്ഷ്മജ്ഞാനം ഇവര്‍ ഒരിക്കലും കൈമോശം വരുത്തുന്നില്ല. എങ്കിലും ഏറ്റവും വലിയ ഗുണം ഏതു വിപരീത സാഹചര്യത്തിലും കൈമോശം വരുത്ത ആ മനുഷ്യത്വം തന്നെയാണ്! അത് മായുന്നുമില്ല; മങ്ങുന്നുമില്ല.
എസ്. ശ്രീനിവാസ് അയ്യര്‍, അവനി പബ്ലിക്കേഷന്‍സ് (98460 23343)
പ്രതികരിക്കാൻ ഇവിടെ എഴുതുക: