പുതുച്ചേരി: കോണ്‍ഗ്രസിന്റെ തകര്‍ച്ച, നാരായണസ്വാമി സര്‍ക്കാരിന്റെ വീഴ്ച…ഇതിനു പിന്നാലെ രാഷ്ട്രപതി ഭരണം. കലുഷിതമായ പുതുച്ചേരി രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. നിയമസഭയില്‍ മൂന്നു നോമിനേറ്റഡ് അംഗങ്ങള്‍ മാത്രമുള്ള ബിജെപി സംസ്ഥാനത്ത് ഒരു ഭീഷണിയേ അല്ല എന്ന കോണ്‍ഗ്രസിന്റെ അഹങ്കാരമാണ് നാരായണ സ്വാമി സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. മുപ്പതു വര്‍ഷത്തിനു ശേഷം രാഷ്ട്രപതി ഭരണം എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്.
പൊതുമരാമത്ത് മന്ത്രിയും മുന്‍ പിസിസി പ്രസിഡന്റുമായിരുന്ന എ. നമശിവായത്തിന്റെ രാജിയാണ് കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കിയത്. നമശിവായവും അനുയായികളും ബിജെപിയില്‍ ചേര്‍ന്നതോടെ അച്ചടക്ക നടപടികളുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തു വന്നു. ഇത് കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് അവര്‍ അവഗണിച്ചു. തൊട്ടു പിന്നാലെ എംഎല്‍എ ദീപാഞ്ജനും രാജിവെച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരടക്കമുള്ള 13 നേതാക്കളെ പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ഈ നേതാക്കളും അവരുടെ അനുയായികളും ഒന്നിച്ച് ബിജെപിയില്‍ ചേര്‍ന്നു.
കാമരാജ് നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ എ. ജോണ്‍ കുമാറിന്റേയും നാരായണ സ്വാമി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലാടി കൃഷ്ണ റാവുവിന്റേയും രാജിയോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. 1996 മുതല്‍ എംഎല്‍എയാണ് കൃഷ്ണറാവു. കെ.ലക്ഷ്മീനാരായണന്‍ കൂടി രാജിവെച്ചതോടെ കേവല ഭൂരിപക്ഷം നഷ്ടമായി.
മുപ്പത്തിമൂന്ന് അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 11, ഡിഎംകെ 3, മാഹിയില്‍ നിന്നുള്ള ഇടതു സ്വതന്ത്രന് 1 എന്നായിരുന്നു ഭരണ മുന്നണിയുടെ അംഗബലം. എന്‍ആര്‍ കോണ്‍ഗ്രസ് 7, അണ്ണാഡിഎംകെ 4, ബിജെപി 3 (നോമിനേറ്റഡ്) സഖ്യമായിരുന്നു പ്രതിപക്ഷത്ത്. മൂന്നു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി സംസ്ഥാനം സന്ദര്‍ശിച്ച ദിവസം പോലും കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ച സംഭവമുണ്ടായി. വിശ്വാസ വോട്ടെടുപ്പിന്റെ തലേന്ന് കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മീനാരായണനും ഡിഎംകെ എംഎല്‍എ വെങ്കടേശ്വനും രാജിവെച്ചത് ഭരണപക്ഷത്തെ ഞെട്ടിച്ചു. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് സ്പീക്കര്‍ വി.പി. ശിവകൊളുന്തു പ്രഖ്യാപിച്ചതോടെ ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് രാജി നല്കുകയല്ലാതെ വി. നാരാണസ്വാമിക്ക് മറ്റു വഴികള്‍ ഇല്ലായിരുന്നു.
രാഹുലിന്റെ സന്ദര്‍ശനത്തില്‍ പ്രസംഗം പരിഭാഷപ്പെടുത്തിയ നാരായണസ്വാമി നുണ പറഞ്ഞത് കോണ്‍ഗ്രസിനെ കൂടുതല്‍ വെട്ടിലാക്കി. വെള്ളപ്പൊക്ക സമയത്ത് ഈ മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ല എന്ന് ഒരു സ്ത്രീ രാഹുലിനോടു പറഞ്ഞത്. അവരെ ഞാന്‍ സഹായിച്ചിരുന്നു, അക്കാര്യം പറഞ്ഞതാണ് എന്നാണ് നാരായണസ്വാമി രാഹുലിന് പരിഭാഷപ്പെടുത്തി നല്‍കിയത്. കള്ളം പറയുന്നതില്‍ സ്വര്‍ണവും വെള്ളിയും വെങ്കലവും കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് എന്നാണ് ഇക്കാര്യത്തെക്കുറിച്ച് പു
തുച്ചേരിയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചത്. കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന മുന്‍ മന്ത്രി നമശിവായത്തിന് പുതുച്ചേരി രാഷ്ട്രീയത്തില്‍ മികച്ച സ്വാധീനമുള്ള നേതാവാണ്. രാജിവെച്ച അഞ്ച് എംഎല്‍എമാരില്‍ മൂന്നു പേര് ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു. ഇവരുടെ സാന്നിധ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും എന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുന്‍ മുഖ്യമന്ത്രി എന്‍.ആര്. രംഗസ്വാമിയുടെ ഓള് ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി, എഐഎഡിഎംകെ എന്നിവരാണ് എന്‍ഡിഎ സഖ്യത്തിലുള്ളത്. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യമാകട്ടെ പ്രശ്നത്തിലുമാണ്. എല്ലാ സീറ്റിലും ഒറ്റയ്ക്കു മത്സരിക്കാന്‍ സജ്ജമാണെന്ന് ഡിഎംകെ നേതാവ് എസ്. ജഗത്രാക്ഷകന്‍ പ്രസ്താവിച്ചത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയിരുന്നു. ഡിഎംകെ തലവന്‍ എം.കെ. സ്റ്റാലിന് ഇടപെട്ടാണ് പ്രശ്നം താത്ക്കാലികമായി പരിഹരിച്ചത്. എന്നാല്‍ നാരായണ സ്വാമി സര്‍ക്കാരിന്റെ പതനത്തോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മല്ലാടി കൃഷ്ണ റാവുവിനെപ്പോലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജിവെക്കുമെന്നു മുന്നറിയിപ്പു നല്‍കിയിട്ടും ദേശീയ നേതൃത്വം കാണിച്ച നിസംഗതയെ ഡിഎംകെ രൂക്ഷമായാണ് വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: