മുംബൈ: മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലയ്ക്ക് മുന്നിലെത്തിയ എസ്യുവിയില് ഉണ്ടായിരുന്ന 20 ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നാഗ്പൂരിലെ ഒരു കമ്പനിയില്‍ നിന്നും വാങ്ങിയതാണെന്ന് കണ്ടെത്തി.
സാധാരണയായി പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്നവയാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍. പക്ഷെ ഈയിടെ ഭീകരാക്രമണത്തില്‍ സ്ഫോടനങ്ങളുണ്ടാക്കാന്‍ ജെലാറ്റിന്‍ സ്റ്റിക്കുകളാണ് ഉപയോഗിക്കുന്നത്. മുംബൈ ക്രൈംബ്രാഞ്ചിന് പുറമെ മഹാരാഷ്ട്ര ആന്റി ടെറര്‍ സ്ക്വാഡും അന്വേഷിക്കുന്നുണ്ട്. ഇതെവരെ ഏഴ് പേരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു.
പച്ചനിറത്തിലുള്ള സ്കോര്‍പിയോ എസ് യുവിയാണ് ആന്റിലയുടെ മുന്നില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഭേദിച്ച് എത്തിയത്. ഇതോടെ അംബാനിയുടെ ആഡംബര വസതിയിലെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് സംശയമുണരുന്നു.
20 ലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ചെത്തിയ ഈ എസ് യുവി മോഷ്ടിച്ചതാണെന്നാണ് കണ്ടെത്തല്‍. മഹാരാഷ്ട്രയ്ക്ക് പുറത്ത് നിന്നാണ് ഈ വാഹനം മോഷിടിച്ചിരിക്കുന്നത്. ആന്റിലയില്‍ അര്‍ധരാത്രിയ്ക്ക് ശേഷം 12.57നാണ് വാഹനം എത്തിയത്. അതിന് മുമ്പ് അതിനടുത്തുള്ള ഒരു ഹാജി അലി കടയില്‍ ഈ വാഹനം 10 മിനിറ്റ് നേരം നിര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഈ റൂട്ടിലുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ്. വാഹനത്തിനകത്ത് നിന്നും നിരവധി നംപര്‍ പ്ലേറ്റുകളും കണ്ടെത്തിയിട്ടുണ്ട്.
വാഹനത്തില്‍ അല്പനേരം ഇരുന്ന ശേഷമാണ് ഡ്രൈവര്‍ ഇറങ്ങിപ്പോകുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇദ്ദേഹം തല മറയ്ക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പുറത്തിറങ്ങുമ്പോള്‍ ആളെ വ്യക്തമായി കാണാന്‍ കഴിയുന്നില്ല. അംബാനിയ്ക്കെതിരായ ഭീഷണിക്കത്തും കണ്ടെത്തിയിട്ടുണ്ട്.
10 ടീമുകളായി തിരിഞ്ഞാണ് മുംബൈ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്. ഒരു ടീം പരിസരത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയാണ്. ട്രാഫിക് ആസ്ഥാനത്തുള്ള ക്യാമറകള്‍ മറ്റൊരു ടീം പരിശോധിക്കുന്നുണ്ട്. ക്രോഫോര്‍ഡ് മാര്‍ക്കറ്റിലുള്ള മുംബൈ പൊലീസ് ആസ്ഥാനത്തുള്ള സിസിടിവികള്‍ പരിശോധിക്കുകയാണ് ഇനിയൊരു സംഘം. മറ്റൊരു സംഘം ഫോറന്‍സിക് ടീമുമായി സഹകരിച്ച് തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
2013ല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗത്തെക്കുറിച്ചുള്ള വിശദാംശങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മറൈന്‍ ഡ്രൈവിലുള്ള ഓഫീസില്‍ ഭീഷണിക്കത്ത് ഉപോക്ഷിച്ച് പോയ അയാളെ കണ്ടെത്താന്‍ ഒരു ടീം പരിശ്രമിക്കുന്നു. ഇതുവരെ ശേഖരിച്ച് തെളിവുകള്‍ വെച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് ടീമുകള്‍ അരിച്ചുപെറുക്കുന്നു.
ഇപ്പോള്‍ അംബാനിയുടെ സുരക്ഷയ്ക്കായി 58 സിആര്‍പിഎഫ് കമാന്റോകളെ വിന്യസിച്ചിട്ടുണ്ട്. തൊട്ടടുത്ത ബിഎംസി പാര്ക്കിങ്ങളില് നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന മെഴ്സിഡിസ് ബെന്‍സ് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: