കോഴിക്കോട് : ട്രെയിനില്‍ നിന്നും വന്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി. കോഴിക്കോട് എത്തി ചെന്നൈ- മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്സില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. യാത്രക്കാരിയെ പിടികൂടി ചോദ്യം ചെയ്ത് വരികയാണ്.
പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. തിരുവിണ്ണാമലൈ സ്വദേശിനിയായ രമണിയെന്ന യാത്രക്കാരിയെയാണ് പിടികൂടിയത്. ഇവര്‍ നിന്നിരുന്ന സീറ്റിന് അടിയില്‍ നിന്നുമാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. തിരൂരിനും കോഴിക്കോടിനും ഇടയില്‍ വച്ചാണ് പാലക്കാട് ആര്‍പിഎഫ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ തെരച്ചിലില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആര്‍പിഎഫ് നടത്തി വരുന്ന തെരച്ചിലായിരുന്നു അത്. 117 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്റര്‍ എന്നിവയാണ് പിടികൂടിയത്. ഡി വണ്‍ കംപാര്‍ട്ട്മെന്റില്‍ സീറ്റിനടിയില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണര്‍ ജിതിന് ബി. രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചില്‍ നടത്തിയത്.
ആര്‍പിഎഫും പോലീസും സ്പെഷല്‍ ബ്രാഞ്ചും രമണിയെ ചോദ്യം ചെയ്തു. ചെന്നൈ കട്പാടിയില്‍ നിന്ന് തലശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്. സ്ഫോടകവസ്തുക്കള്‍ തലശ്ശേരിയില്‍ കിണറ് നിര്‍മാണ ജോലിക്ക് കൊണ്ടുവന്നതാണെന്ന് ഇവര്‍ മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: