തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമായെങ്കിലും ഇക്കുറി ക്ഷേത്ര വളപ്പില്‍ പൊങ്കാലക്കലങ്ങള്‍ നിരക്കില്ല. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാലാണ് പൊങ്കാല സമര്‍പ്പണം ഇക്കുറി ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാര അടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയത്. ഭക്തജനങ്ങള്‍ അവരവരുടെ വീടുകളില്‍ പൊങ്കാലയിട്ട് ദേവിക്ക് സമര്‍പ്പിക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് അഭ്യര്‍ത്ഥിച്ചു. ശനിയാഴ്ച 10.50നാണ് ക്ഷേത്ര പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്ന് പൊങ്കാല സമര്‍പ്പണം ആചാരപൂര്‍വ്വം നടക്കുക.
നിവേദിക്കുന്നതിന് ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാര്‍ ഇക്കുറി ഉണ്ടാകില്ല. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ രണ്ടു പ്രധാന നേര്‍ച്ചകളാണ് കുത്തിയോട്ടവും താലപ്പൊലിയും. കാപ്പുകെട്ടി കുടിയിരുത്തി മൂന്നാം ദിവസം മുതലാണ് കുത്തിയോട്ടവ്രതം ആരംഭിക്കുന്നത്. ഇക്കുറി ആചാരപ്രകാരം പണ്ടാര ഓട്ടം മാത്രമാണ് നടക്കുന്നത്. താലപ്പൊലി നേര്‍ച്ചയ്ക്ക് 10നും 12 വയസിനും മദ്ധ്യേയുള്ള ബാലികമാരെ മാത്രമെ പങ്കെടുപ്പിക്കൂ. പൊങ്കാല കഴിഞ്ഞ് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയ ശേഷം അന്നേ ദിവസം തന്നെ രാത്രി 11.30തോടെ ദേവി തിരികെ ക്ഷേത്രത്തില്‍ എത്തിച്ചേരും. രാത്രി എട്ടിന് ആനപ്പുറത്ത് തിടമ്പ് എഴുന്നള്ളിക്കുമ്പോള്‍ ആചാരപരമായുള്ള മേളമല്ലാതെ മറ്റ് ആഘോഷം ഉണ്ടായിരിക്കില്ല.
ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.attukal.orgല്‍ കൂടി ഓണ്‍ലൈന്‍ ആയി ഭക്തജനങ്ങള്‍ക്ക് പൂജകളും പൊങ്കാല വഴിപാടുകളും ബുക്ക് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: