ന്യൂദല്‍ഹി: മധ്യപ്രദേശില്‍ ഗോഡ്സെ ഭക്തനായ ബാബുലാല്‍ ചൗരാസിയ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി കമല്‍നാഥാണ് ബുധനാഴ്ച പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. അടുത്തിടെ രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്ന ചിലരില്‍നിന്ന് ഗോഡ്സെ അനുകൂല പരാമര്ശമുണ്ടായോപ്പോള് വലിയ വിമര്ശനമുയത്തിയ കോണ്‍ഗ്രസാണ് ഇപ്പോള്‍ പാര്‍ട്ടിയിലേക്ക് ബാബുലാല്‍ ചൗരാസിയയെ സ്വാഗതം ചെയ്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പാണ് ചൗരാസിയുടെ പാര്‍ട്ടി പ്രവേശം.
കഴിഞ്ഞ തവണ ഗ്വാളിയര്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഹിന്ദുമഹാസഭയുടെ ടിക്കറ്റില്‍ ചൗരാസിയ മത്സരിച്ച് വിജയിച്ചിരുന്നു. 2019-ല്‍ ഹിന്ദു മഹാസഭ ‘ഗോഡ്സെയുടെ 70-ാമത് ത്യാഗദിനം’ ഗ്വാളിയറില്‍ ആചരിച്ചിരുന്നു. പിന്നാലെ, 2017-ല്‍ പിടിച്ചെടുത്ത ഗോഡ്സെയുടെ പ്രതിമ തിരികെ ആവശ്യപ്പെട്ട് സംഘടന ജില്ലാഭരണകൂടത്തിന് നിവേദനം നല്‍കിയിരുന്നു. ചൗരാസിയയും ഈ പരിപാടിയുടെ ഭാഗമായിരുന്നു.
ഗോഡ്സെയുടെ അവസാന കോടതിമൊഴി ഒരുലക്ഷം പേരില്‍ എത്തിക്കാന്‍ പ്രതിജ്ഞ ചെയ്യുകയും ചെയ്തു. 2017-ല്‍ പരിസരത്ത് പ്രതിമ സ്ഥാപിച്ചുകൊണ്ട് സംഘടനയുടെ ഓഫിസ് ഗോഡ്സെ ക്ഷേത്രമാക്കാന്‍ ഹിന്ദുമഹാസഭ ശ്രമം നടത്തിയിരുന്നു. പ്രതിഷേധമുയര്‍ന്നതോടെ പൊലീസ് എത്തി പ്രതിമ പിടിച്ചെടുത്തു.
ഗാന്ധി ഘാതകനായ ഗോഡ്സെയ്ക്ക് സമര്‍പ്പിക്കുന്നതായി ഹിന്ദുമഹാസഭ ഗ്രന്ധശാല ആരംഭിക്കുന്നതിനെതിരെ ഈ വര്‍ഷം ജനുവരിയില്‍ മധ്യപ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് കമല്‍നാഥ് രംഗത്തുവന്നിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ചൗരാസിയയെ കമല്‍നാഥ് തന്നെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: