ന്യൂദല്‍ഹി: തത്സമയ ചാനല്‍ ചര്‍ച്ചയ്ക്കിടെ ബിജെപി നേതാവിനുനേര്‍ക്ക് ചെരിപ്പേറ്. ചൊവ്വാഴ്ച തെലുങ്ക് വാര്‍ത്താചാനല്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ ബിജെപി ആന്ധ്രപ്രദേശ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് വിഷ്ണു വര്ധന് റെഡ്ഡിയാണ് ആക്രമണത്തിന് ഇരയായത്. അമരാവതി പരിരക്ഷണ സമിതി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗമായ കൊലികാപുദി ശ്രീനിവാസ റാവുവാണ് ചെരിപ്പ് എറിഞ്ഞത്. റാവുവിന് ടിഡിപിയുമായി ബന്ധമുണ്ടെന്ന് റെഡ്ഡി ചര്‍ച്ചയില്‍ ആരോപണമുന്നയിച്ചു.
തുടര്‍ന്ന് ഇരുവരും തമ്മില്‍ നടന്ന രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവിലായിരുന്നു കാലില്‍ കിടന്ന ചെരിപ്പ് ഊരിയെടുത്ത് റാവു എറിഞ്ഞത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സോമു വീരരാജു സംഭവത്തെ അപലപിച്ചു.
ആന്ധ്രപ്രദേശിന്റെ സഹചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ ചര്‍ച്ചയുടെ വീഡിയോ ട്വീറ്റ് ചെയ്ത് ആക്രമണത്തെ അപലപിച്ചു. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പണം നല്കി പകരക്കാരെ പറഞ്ഞു വിടുകയാണെന്നും മോശം രാഷ്ട്രീയമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യസഭാ എംപിയും മുതിര്‍ന്ന ബിജെപി നേതാവുമായ ജിവിഎല്‍ നരസിംഹ റാവുവും സംഭവത്തെ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: