ബെംഗളൂരു: ആത്മനിര്‍ഭര്‍ ഭാരതിന് പ്രോത്സാഹനമായി ഇന്ത്യന്‍ നിര്‍മിത റഡാറുകളുമായി തേജസ് യുദ്ധവിമാനങ്ങള്‍ പ്രതിരോധ സേനയുടെ ഭാഗമാകുന്നു. വ്യോമസേനയ്ക്കായി ഒരുങ്ങുന്ന 123 തേജസ് യുദ്ധ വിമാനങ്ങളില്‍ 51 ശതമാനത്തിലും രാജ്യത്ത് നിര്‍മിച്ച ഉത്തം ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്ഡ് അറെ (എഇഎസ്എ) റഡാറുകളാണ് ഉപയോഗിക്കുന്നത്. ഇതുവരെ ഉപയോഗിച്ചിരുന്ന ഇസ്രയേലി റഡാറുകള്‍ക്ക് പകരമായാണ് ഇവ സ്ഥാപിക്കുന്നത്.
തദ്ദേശീയമായി നിര്‍മിക്കുന്ന 123 നാലാം തലമുറ ലൈറ്റ് കോംപാക്ട് തേജസ് പോര്‍വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. ഇതില്‍ 40 എണ്ണത്തില്‍ ഇസ്രയേലി റഡാറുകളാണ് ഉപയോഗിക്കുക. 20 എണ്ണത്തിനാണ് നിലവില്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ബാക്കിയുള്ള 83 തേജസ് മാര്‍ക്ക് ഒന്ന് എയിലാണ് ഉത്തം എഇഎസ്എ റഡാറുകള്‍ സ്ഥാപിക്കുന്നത്. ഫെബ്രുവരി ആദ്യവാരത്തില്‍ ഇവയ്ക്കുവേണ്ടിയുള്ള ഓര്‍ഡറുകള്‍ നല്കി.
ഇരുപത്തൊന്നാമത്തെ തേജസ് വിമാനത്തിന് മുതല്‍ ഉത്തം റഡാറുകളാണ് നിര്‍മിക്കുക. പരീക്ഷണത്തില്‍, പ്രതീക്ഷിച്ചതിലും നന്നായി തദ്ദേശീയമായി നിര്‍മിച്ച ഉത്തം റഡാറുകള്‍ പ്രവര്‍ത്തിച്ചതായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) ചെയര്മാന് സതീഷ് റെഡ്ഡി പറഞ്ഞു. ഇതിന്റെ നിര്‍മാണത്തിന് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച്എഎല്‍) ധാരണാപത്രം ഒപ്പുവച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
83 തദ്ദേശീയ റഡാറുകളില്‍ 63 എണ്ണവും ഡിആര്‍ഡിഒയുടെ ബെംഗളൂരുവിലെ ലാബായ ഇലകട്രോണിക്സ് ആന്‍ഡ് റഡാര്‍ ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിലാണ് (എല്‍ആര്‍ഡിഇ) വികസിപ്പിച്ചെടുക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവ തദ്ദേശീയമായി നിര്‍മിക്കുന്നത്.
നിലവില്‍ 20 ഇസ്രയേലി റഡാറുകള്‍ക്കാണ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. അതിന് ശേഷമാകും തദ്ദേശിയമായി നിര്‍മിക്കുന്ന ഉത്തം റഡാറുകള്‍ തയാറാക്കുകയെന്ന് എച്ച്എഎല്‍ സിഎംഡി ആര്. മാധവന് പറഞ്ഞു. തേജസിലെ തദ്ദേശീയത 62 ശതമാനത്തില്‍ നിന്ന് 65ലേക്കെത്തിക്കുകയാണ് ലക്ഷ്യം. റഡാറുകള്‍ കൂടി തദ്ദേശീയമാകുന്നതോടെ ആ നേട്ടം കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, എയര്‍ ടു സീ എന്നിങ്ങനെ മൂന്ന് രീതിയിലും ഉത്തം റഡാറുകള്‍ പരീക്ഷിച്ചു. കലാവസ്ഥാ വ്യതിയാനമുള്ളപ്പോഴും പരീക്ഷണം തുടര്‍ന്നു. മികച്ച ഫലമാണ് ലഭിച്ചതെന്ന് ഉത്തം റഡാറിന്റെ പ്രൊജക്ട് ഡയറക്ടര്‍ ശേഷഗിരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: