നെടുങ്കണ്ടം(ഇടുക്കി): താത്ക്കാലിക നിയമനത്തില്‍ പാര്‍ട്ടിനിര്‍ദേശം പരിഗണിക്കാതിരുന്ന പ്രിന്‍സിപ്പലിന്റെ കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തി സിപിഎം പ്രാദേശിക നേതാക്കള്‍. ഭീഷണിയെ തുടര്‍ന്ന് മഞ്ഞപ്പെട്ടി ഗവണ്മെന്റ് പോളിടെക്നിക് കോളജ് പ്രിന്‍സിപ്പല്‍ റെജികുമാര്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും നെടുങ്കണ്ടം പൊലീസിനും പരാതി നല്കി.
താത്ക്കാലിക ശുചീകരണ തൊഴിലാളികളുടെ നാല് ഒഴിവുകളിലേക്ക് സിപിഎം പ്രാദേശിക നേതൃത്വം ശുപാര്‍ശ ചെയ്തവരെ നിയമിക്കാത്തതിനെ തുടര്‍ന്നാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതെന്ന് പ്രിന്‍സിപ്പല്‍ റെജികുമാര്‍ ആരോപിക്കുന്നു. കുടുംബശ്രീ യൂണിറ്റുകളില്‍നിന്ന് ലഭിച്ച 47 അപേക്ഷകരെയും കഴിഞ്ഞദവസം അഭിമുഖത്തിനായി ക്ഷണിച്ചിരുന്നു. ഇതില്‍നിന്നാണ് നാലുപേര്‍ക്ക് നിയമനം നല്‍കിയത്.
അഭിമുഖം നടത്തിയശേഷം പ്രിന്‍സിപ്പല്‍ കോട്ടയത്തെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. 47 പേരുടെ പട്ടികയില്‍നിന്ന് ചിലരെ നിയമിക്കണമെന്നായിരുന്നു പ്രാദേശിക നേതാക്കളുടെ ആവശ്യം. തങ്ങള്‍ നിര്‍ദേശിച്ചവരെ എന്തുകൊണ്ട് നിയമിച്ചില്ലെന്ന് ചോദിച്ചായിരുന്നു ഭീഷണിയെന്ന് റെജികുമാര്‍ പറയുന്നു. തുടര്‍ന്നാണ് ഇനി മഞ്ഞപ്പെട്ടിയിലേക്ക് വന്നാല്‍ കയ്യും കാലും വെട്ടുമെന്ന് പറഞ്ഞത്. സിപിഎം നേതൃത്വം ആരോപണം നിഷേധിച്ചുവെങ്കിലും സ്ഥലംമാറ്റത്തിന് ശ്രമിക്കുകയാണ് പ്രിന്‍സിപ്പല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: