ന്യൂദല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ സംഘര്‍ഷങ്ങള്‍ക്കിടെ മകുടത്തിന് മുകളില്‍ കയറി ആക്രമണം നടത്താന്‍ ആളുകളെ പ്രേരിപ്പിച്ചയാള്‍ പിടിയില്‍. വടക്ക് കിഴക്കന്‍ ദല്‍ഹി സ്വരൂപ് നഗര്‍ സ്വദേശിയായ സണ്ണി എന്ന് വിളിക്കുന്ന ജസ്പ്രീത് സിങ്ങാണ് പിടിയിലായിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ജസ്പ്രീതിനെ രഹസ്യ വിവരത്തെ തുടര്‍ന്ന് ദല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് കണ്ടെത്തിയത്.
ചെങ്കോട്ടയില്‍ അക്രമത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ പ്രസംഗിച്ച മനീന്ദര്‍ സിങ്ങിന്റെ അടുത്ത അനുയായി ആണ് ജസ്പ്രീത്. കഴിഞ്ഞ ചൊവ്വാഴ്ച മനീന്ദറിനേയും ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചെങ്കോട്ടയില്‍ സംഘര്‍ഷത്തിനിടയില്‍ മകുടത്തിന് മുകളിലേക്ക് ജസ്പ്രീത് വലിഞ്ഞ് കയറുകയും വാള് വീശി സംഘര്‍ഷങ്ങള്‍ക്കായി ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇയാള്‍ വാളുകളും വടികളും ഉപയോഗിച്ച് പൊതു മുതല്‍ നശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്പ്രീതിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജനുവരി 26 നാണ് ട്രാക്ടടര്‍ റാലിയുടെ മറവില്‍ ചെങ്കോട്ടയില്‍ പ്രതിഷേധക്കാര്‍ സംഘര്‍ഷം നടത്തിയത്. റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷം നടത്തിയവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. പഞ്ചാബി ഗായകനും നടനുമായ ദീപ് സിദ്ധു അടക്കം നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: