പത്തനാപുരം: ദിവസേനയുള്ള സര്‍വീസ് മുടക്കം മലയോരമേഖലയില്‍ രൂക്ഷമായ യാത്രാക്ലേശത്തിന് ഇടയാക്കുന്നു. കോവിഡ് കാലത്തിന് മുന്‍പുണ്ടായിരുന്ന പല സര്‍വീസുകളും ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. വൈകിട്ട് ആറര കഴിഞ്ഞാല്‍ ബസില്ലാത്ത അവസ്ഥയാണ് ഇവിടങ്ങളില്‍. ഡിപ്പോയില്‍ പെട്ടുപോകുന്ന യാത്രക്കാര്‍ അമിത കൂലി നല്കി ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
മതിയായ ജീവനക്കാരില്ലാത്തതാണ് മറ്റൊരു പ്രതിസന്ധി. ഉള്ളവരെ ഉപയോഗിച്ച് സര്‍വീസ് നടത്താന്‍ പെടാപ്പാടുപെടുകയാണ് ഡിപ്പോ അധികൃതര്‍. കോവിഡ് കാലത്തിന് മുന്‍പ് 45 ഷെഡ്യൂള്‍ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 23 എണ്ണം മാത്രം. 106 ഡ്രൈവര്‍മാര്‍ വേണ്ടിടത്ത് 66 പേരേയുള്ളൂ.
40 ഡ്രൈവര്‍മാരുടെ കുറവ്. 83 കണ്ടക്ടര്‍മാര്‍ മാത്രമാണിപ്പോഴുള്ളത്. കൂടാതെ ആറു ഡ്രൈവര്‍മാര്‍ക്കും നാല് കണ്ടക്ടര്‍മാര്‍ക്കും കോവിഡ് പിടിപെട്ടതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി. ഇക്കാരണങ്ങളാല്‍ ആവശ്യത്തിന് ബസ് ഉണ്ടെങ്കിലും എല്ലാ സര്‍വീസുകളും നടത്താന്‍ കഴിയുന്നില്ല. മുടങ്ങി കിടക്കുന്ന സര്‍വ്വീസുകള്‍ പുനഃസ്ഥാപിച്ച് മതിയായ ജീവനക്കാരെ ഡിപ്പോയില്‍ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: